ഗവർണറുടെ രോമത്തിൽ തൊട്ടാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിടണമെന്ന രാഷ്ട്രീയ അശ്ലീലം പറഞ്ഞ സംഘ് പരിവാർ വിടുവായൻ സുബ്രഹ്മണ്യൻ സ്വാമി പണ്ട് കമ്മ്യൂണിസ്റ്റുകാരന്റെ കയ്യിലെ അടിപേടിച്ചു ഓടി രക്ഷപ്പെട്ട ചരിത്രമുണ്ട്. 1987ലാണ് സംഭവം. വർഗീയവാദിയെ ചെരുപ്പൂരി അടിക്കാൻ തുനിഞ്ഞതോ സാക്ഷാൽ എൻ ഇ ബാലറാമും.
പൊതുവെ ശാന്ത സ്വഭാവനായ സഖാവ് ബാലറാം അത്തരമൊരു കടുത്ത നടപടിയിലേക്ക് കടന്ന കഥ ഇങ്ങനെ:
പഞ്ചായത്തിരാജ് ബില്ലിനെക്കുറിച്ചു ചർച്ചചെയ്യാൻ വിളിച്ചുകൂട്ടിയ യോഗത്തിലാണ് സംഭവം. പൊതുവേ പ്രതിപക്ഷ യോഗങ്ങളിൽ കാണാത്ത ,സ്വാമി യോഗത്തിൽ പങ്കെടുക്കാൻ കടന്നു വന്നപ്പോൾ എൻ ഇ ബാലറാം പകുതി തമാശയിലും പകുതി കാര്യത്തിലും ചോദിച്ചു നിങ്ങളിപ്പോഴും പ്രതിപക്ഷത്തുണ്ടോ?
ഇതു കേട്ടപ്പോൾ സ്വാമി ചൂടായി ബാലറാമിനു നേരെ ക്ഷുഭിതനായി എന്നു മാത്രമല്ല രാജ്യദ്രോഹി എന്നും വിളിച്ചു. കൂടെ മറ്റൊരുപാട് പദപ്രയോഗങ്ങളും സ്വാമി ബലറാമിനെതിരെ ഉയർത്തി. പൊതുവെ ശാന്ത പ്രകൃതനായ ബാലറാമിന് രാജ്യദ്രോഹി എന്ന പദപ്രയോഗം പിടിച്ചില്ല. സ്വാമിയെ തല്ലാൻ അദ്ദേഹം ചെരിപ്പൂരി. അടുത്തുണ്ടായിരുന്ന ചിട്ടിബാസു ബാലറാമിനെ തടഞ്ഞു. പക്ഷെ സ്വാമി വിരണ്ടുപോയി. അദ്ദേഹം ഉടനേ തന്നെ ഹാൾ വിട്ട് ഓടേണ്ട അവസ്ഥ വരെയെത്തി
ബലറാമിനെപ്പോലെ ജ്ഞാനവിജ്ഞാനങ്ങളുടെ കടലിൽക്കുളിച്ചുകയറിയ ഒരാൾക്ക് സഹിക്കാവുന്നതിലപ്പുറമാണ് രാജ്യദ്രോഹിയെന്ന ആക്ഷേപം.