അഡ്വ. വിനീത വിന്‍സന്റ്
(എഐവൈഎഫ് സംസ്ഥാന യുവതി സബ് കമ്മിറ്റി കണ്‍വീനര്‍)
ആലുവയില്‍ 5 വയസുകാരി ക്രൂര പീഡനത്തിന് വിധേയയായി കൊല്ലപ്പെട്ട വാര്‍ത്ത ഞെട്ടലോടെ മാത്രമാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. പിഞ്ചു കുഞ്ഞുങ്ങളെ പോലും വെറുതെ വിടുവാന്‍ കഴിയില്ല എന്ന നാണം കെട്ട അവസ്ഥയിലേക്കാണ് നമ്മുടെ സമൂഹം മാറിയിരിക്കുന്നത്. മയക്കു മരുന്നും ലൈംഗിക ദാരിദ്ര്യവും നമ്മുടെ സമൂഹത്തെ ഇരുണ്ട കാലത്തിലേക്ക് തിരിച്ചു നടത്തിക്കുകയാണ്.
സ്‌കൂള്‍ തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസത്തിന് പ്രത്യേക ക്ലാസുകള്‍ നടപ്പിലാക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. ഇനി അതിഥി തൊഴിലാളികളുടെ വിഷയത്തിലേക്ക് വന്നാല്‍,
ഒരൊറ്റ സംഭവം കൊണ്ട് മാത്രം നമ്മള്‍, അതിഥി തൊഴിലാളി സമൂഹത്തെ മുഴുവന്‍ കുറ്റപ്പെടുത്തുന്ന പ്രവണതയും ശരിയല്ല. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ വലിയ തോതില്‍ കേരളത്തിലേക്ക് എത്തുന്നുണ്ട് എന്നത് വസ്തുതയാണ്. അനധികൃതമായി എത്തുന്ന ഇവരെ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഭരണകൂടം തയ്യാറാകണം. കൃത്യമായ റെജിസ്‌ട്രേഷന്‍ നടപടികള്‍ ഈ വിഷയത്തില്‍ സ്വീകരിക്കേണ്ടതുണ്ട്.
അതിഥി തൊഴിലാളികളില്‍ ഏറിയ പങ്കും സ്വസ്ഥമായ ജീവിത സാഹചര്യം ആഗ്രഹിച്ചു കേരളത്തില്‍ എത്തുന്നവരാണ്. ആ വലിയ സമൂഹത്തെ ഒറ്റപ്പെടുത്താനും അപരന്മാരാക്കനും ശ്രമിക്കുന്നവര്‍ നിരവധിയാണ് എന്നത് മറ്റൊരു വസ്തുത. കേരളത്തില്‍ എത്തി ജീവിത സാഹചര്യം മെച്ചപ്പെടുത്തി കുടുംബത്തെ ഇവിടേക്ക് കൊണ്ടുവന്നു ജീവിക്കുന്ന അനേകം പേരുണ്ട്. ആക്കൂട്ടത്തില്‍ പെട്ടവര്‍ ആയിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവും.
എന്നാല്‍, അസഫക്കിനെ പോലെ സാമൂഹ്യ വിരുദ്ധന്മാരും അനധികൃതമായി കേരളത്തില്‍ എത്തുന്നുണ്ട്. ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കണം. അതിഥി തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ മാറ്റാനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതുണ്ടു. തൊഴിലിടങ്ങളിലും ക്യാമ്പുകളിലും ലഹരി ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം. ഇവിടങ്ങളില്‍ സ്ഥിരമായി എക്‌സൈസ്-പൊലീസ് പരിശോധന വേണം.ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിപ്പിച്ചു തൊഴിലാളികളുടെ സാമൂഹിക-ജീവിത പശ്ചാത്തല വികസനം ഉറപ്പാക്കണം. ലൈംഗിക കുറ്റകൃത്യങ്ങളില്‍ അടക്കം ഉള്‍പ്പെട്ട ആളുകള്‍ കേരളത്തിലേക്ക് എത്തുന്നില്ല എന്നതില്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തണം.
നമ്മളും നിങ്ങളും എന്ന തോന്നല്‍ ഇല്ലാതാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍ തന്നെ കുറെയേറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും. ഇനിയൊരു അസ്ഫക്ക് കേരളത്തിലുണ്ടാകാതെ കാക്കേണ്ടത് നമ്മുടെ ജാഗ്രതയാണ്.