ഇലക്ട്രൽ ബോണ്ടുകളിൽ നിയമനിർമാണത്തിന് ശേഷവും കേന്ദ്രസർക്കാർ ഇടപെട്ടെന്ന് കണ്ടെത്തൽ. ഇലക്ട്രൽ ബോണ്ടുകൾ രഹസ്യമാക്കി വയ്ക്കാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ നീക്കങ്ങളും പുറത്തുവന്നു. കാലഹരണപ്പെട്ട ഇലക്ടറൽ ബോണ്ടുകൾക്ക് എസ്ബിഐ പണം നൽകിയത് കേന്ദ്രസർക്കാരിന്റെ നിർദേശാനുസരണമാണ് എന്നതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇലക്ടറൽ ബോണ്ടുകൾ 15 ദിവസത്തിനകം ഉപയോഗിക്കണമെന്ന് നിയമത്തിലെ വ്യവസ്ഥ. കാലാവധി കഴിഞ്ഞ ചില ബോണ്ടുകളിൽ എസ് ബി ഐ പണം നൽകിയത് ധനമന്ത്രാലയത്തിന്റെ മാർഗനിർദേശം അനുസരിച്ചായിരുന്നു.
കാലഹരണപ്പെട്ട ബോണ്ടുകൾക്ക് രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകണമെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ നിർദേശം. എസ്ബിഐയുടെ കോർപ്പറേറ്റ് ഓഫീസ് വേഗത്തിൽ പ്രവർത്തിക്കുകയും 24 മണിക്കൂറിനുള്ളിൽ ഇത് അനുവദിക്കാൻ ഡൽഹി ഓഫീസിന് നിർദ്ദേശം നൽകുകയും ചെയ്തു. കാലഹരണപ്പെട്ട ഇലക്ടറൽ ബോണ്ടുകളും പണമാക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞു. കേസിൽ കക്ഷി അല്ലെന്നാണ് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോഴും സുപ്രിംകോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട്.
ഇലക്ട്രൽ ബോണ്ട് കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ചീഫ് ജസ്റ്റിസിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് വീണ്ടും പരിഗണിക്കുക. ഇലക്ടറൽ ബോണ്ട് നമ്പർ പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോൾ എസ്ബിഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ എല്ലാ രേഖകളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി പ്രസിദ്ധീകരിച്ച രേഖയിൽ സീരിയൽ നമ്പർ ഇല്ലാത്തതെന്തെന്നും ചോദിച്ചു. ഇക്കാര്യത്തിൽ ഇന്ന് ബാങ്ക് കോടതിക്ക് മറുപടി നൽകും. എസ്ബിഐയെ പ്രതിനിധീകരിച്ച് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ബാങ്ക് അഭിഭാഷകന് ഒപ്പം ഇന്ന് സുപ്രീംകോടതിയിൽ ഹാജരാകും എന്നാണ് വിവരം.