കരുത്തരായ സ്ഥാനാർത്ഥികളാണ് ഇക്കുറി സിപിഐ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇറങ്ങുന്നത്. സിപിഐക്കുവേണ്ടി മത്സര രംഗത്തെത്തുന്ന എല്ലാവരും ജനങ്ങൾ ഇടനെഞ്ചിലേറ്റിയ, ജനങ്ങൾക്കിടയിൽ നിന്നും അവരിൽ ഒരാളായി രാഷ്ട്രീയത്തിലേക്ക് കടന്നെത്തിയവർ തന്നെയാണ്. ആദ്യമായി മത്സര രംഗത്തേക്കെത്തുന്ന സി എ അരുൺ കുമാറും സിപിഐയുടെ മുഖമായി നിലകൊള്ളുന്ന പന്ന്യനും സുനിൽകുമാറും ദേശീയ രാഷ്ട്രീയത്തിൽ സിപിഐയുടെ ശബ്ദമായി മാറിയ ആനി രാജയും ജനഹിതമറിഞ്ഞ് പ്രവർത്തിക്കുന്നവർ തന്നെയാണ്. നിലപാടുകളിലൂടെയും ശക്തമായ പോരാട്ടങ്ങളിലൂടെയും പൊതുജനങ്ങൾക്കിടയിൽ എന്നും നിലനിന്ന വ്യക്തിത്വങ്ങൾ. ബിജെപിയുടെ മതരാഷ്ട്ര വാദവും കോർപ്പറേറ്റ് വത്കരണവും അടക്കമുള്ള രാജ്യത്തിനു ഭീഷണിയാവുന്ന നയങ്ങൾക്കെതിരെ മിണ്ടാതേയും മറുത്തൊന്ന് ഉരിയാടാതെയും അഞ്ച് വർഷം പൂർത്തിയാക്കിയ കോൺഗ്രസ് എം പി മാർക്കെതിരായ വിധിയെഴുത്തായിരിക്കും ഇക്കുറി ജനം നടത്തുക.
പന്ന്യൻ രവീന്ദ്രൻ
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ മുഖമായ പന്ന്യൻ രവീന്ദ്രൻ രണ്ടാം തവണയാണ് തിരുവനന്തപുരത്ത് നിന്ന് ജനവിധി തേടുന്നത്.
കണ്ണൂർ ജില്ലയിലെ കക്കാട്ട് പന്ന്യൻ വീട്ടിൽ രാമന്റെയും യശോദയുടെയും മകനായി 1945 ലാണ് പന്ന്യൻ രവീന്ദ്രന്റെ ജനനം. കക്കാട് കോർജാൻ യു.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുമ്പോൾ തന്നെ ബീഡി തൊഴിലിൽ ഏർപ്പെട്ടു. പതിനഞ്ചാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1965-ൽ സിപിഐ-യുടെ നേതൃത്വത്തിൽ നടന്ന ബാങ്ക് ദേശസാൽക്കരണ പ്രക്ഷോഭത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 1979 മുതൽ 1982 വരെ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായിരുന്നു.
1982 മുതൽ 1986 വരെ സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി. പി കെ വി യുടെ നിര്യാണത്തെത്തുടർന്ന് 2005 നവംബറിൽ നടന്ന തിരുവനന്തപുരം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് പതിനാലാം ലോക്‌സഭാംഗമായി. പികെവിയും വെളിയം ഭാർഗവനും സംസ്ഥാന സെക്രട്ടറിമാരായിരുന്നപ്പോൾ അസിസ്റ്റന്റ് സെക്രട്ടറിയും പിന്നീട് പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു പന്ന്യൻ.
വി എസ് സുനിൽ കുമാർ
1967 മേയ് 30 ന് അന്തിക്കാട്ട് പരേതനായ വെളിച്ചപ്പാട്ട് സുബ്രഹ്മണ്യന്റേയും സി കെ പാർവതിയുടെയും മകനായി ജനിച്ചു. തൃശൂർ ശ്രീകേരളവർമ കോളജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബാലവേദിയിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച വി എസ് സുനിൽ കുമാർ എ ഐ എസ് എഫ് സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് സ്ഥാനങ്ങൾ
വഹിച്ചിട്ടുണ്ട്.
വിദ്യാർത്ഥി, യുവജന നേതാവായിരിക്കെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി പൊലീസ് മർദനവും ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. സംസ്ഥാനത്താദ്യമായി ഇലക്ട്രിക് ലാത്തി ഉപയോഗിച്ച് പൊലീസ് നടത്തിയ നരനായാട്ടിൽ തലതകർന്ന് മാസങ്ങളോളം ചികിത്സക്ക് വിധേയനായിരുന്നു. നവോദയ സമരം, പ്രീഡിഗ്രി ബോർഡ് സമരം, ഇലക്ട്രിസിറ്റി സമരം, മെഡിക്കൽ കോളജ് സമരം എന്നിവയുടെ മുന്നണിപ്പോരാളിയായിരുന്നു.
2006 ൽ ചേർപ്പ് നിയമ സഭ മണ്ഡലത്തിൽ നിന്നും 2011 ൽ കൈപ്പ മംഗലത്ത് നിന്നും 2016 ൽ തൃശൂരിൽ നിന്നും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2016 ലെ ഒന്നാം പിണറായി മന്ത്രി സഭയിൽ കൃഷി മന്ത്രി. നിലവിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമാണ്.
ആനി രാജ
സിപിഐ ദേശീയ നിർവാഹകസമിതി അംഗവുംഎൻഎഫ്ഐഡബ്ല്യൂ ജനറൽ സെക്രട്ടറിയുമായ ആനി രാജ കണ്ണൂർ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടിൽ തോമസിന്റെയും മറിയയുടെയും മകളാണ്. കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്ക്കൂൾ, ദേവമാത പാരലൽ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വിദ്യാർത്ഥി ആയിരിക്കെ തന്നെ പൊതു രംഗത്തേക്ക് കടന്നുവന്നു. എഐഎസ്എഫിന്റെ മണ്ഡലം സെക്രട്ടറിയായാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്.
ദളിത് പിന്നോക്ക വിഭാഗങ്ങളുടെയും സ്ത്രീകളുടെയും അവകാശ സമര പോരാട്ടങ്ങളിൽ കാലങ്ങളായി സജീവ സാന്നിധ്യമാണ് ആനി രാജ. മതന്യൂനപക്ഷങ്ങൾക്കെതിരായ ഫാസിസ്റ്റ് ആക്രമണങ്ങൾക്കെതിരെയുള്ള ആനി രാജയുടെ ഇടപെടലുകൾ സമാനതകൾ ഇല്ലാത്തതാണ്.
മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പ്രസ്തുത കലാപം സർക്കാർ സ്പോൺസേർഡ് ആണെന്ന് അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് ഫാസിസ്റ്റ് ഭരണ കൂടം ആനി രാജക്കെതിരെ രാജ്യ ദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. സിപിഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡി രാജയാണ് ഭർത്താവ്.
സി എ അരുൺകുമാർ
വിദ്യാർത്ഥി യുവജന പ്രക്ഷോഭങ്ങളുടെ തീവ്ര ഭാവം കേരളം കണ്ടറിഞ്ഞ നാളുകളിൽ പോലീസ് മർദനങ്ങളെയും ഭരണ കൂട ഭീകരതകളെയും അതി ജീവിച്ചു കൊണ്ട് സമാനതകളില്ലാത്ത സമരത്തിന്റെയും, സഹനത്തിന്റെയും ചരിത്രമെഴുതി കേരളത്തിന്റെ തെരുവോരങ്ങളിൽ നീതിക്കു വേണ്ടിയുളള കലഹങ്ങളെ പ്രതീക്ഷാഭരിതമാക്കിയ ക്ഷുഭിത യൗവനം.
ആദർശ പ്രസ്ഥാനത്തിന്റെ അടി പതറാത്ത കമ്മ്യൂണിസ്റ്റും യുവത്വത്തിന്റെ പോരാളിയുമായ സി എ അരുൺ കുമാർ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യവുമാണ്. എഐഎസ്എഫിന്റെയും എഐവൈഎഫിന്റെയും ആലപ്പുഴ ജില്ല ഭാരവാഹി ആയിരുന്ന അരുൺ കുമാർ കർമ്മ നിരതവും കളങ്ക രഹിതവുമായ പൊതു പ്രവർത്തനത്തിന്നുടമയാണ്.