Tuesday, December 3, 2024
spot_imgspot_img
HomeKeralaആന്റണി രാജുവിന് ബസുകാർ വണ്ടി കയറ്റി കൊന്ന സതീഷ് കുമാറിനെ അറിയാമോ?: ഈ രണ്ടു രൂപയ്ക്ക്...

ആന്റണി രാജുവിന് ബസുകാർ വണ്ടി കയറ്റി കൊന്ന സതീഷ് കുമാറിനെ അറിയാമോ?: ഈ രണ്ടു രൂപയ്ക്ക് അയാളുടെ ജീവന്റെ വിലയുണ്ട്

വിദ്യാർത്ഥി കൺസെഷനുമായി ബന്ധപ്പെട്ട് ​ഗതാ​ഗത മന്ത്രി ആന്റണിരാജു നടത്തിയ പരാമർശം വിദ്യാർത്ഥികളോടൊന്നടങ്കമുള്ള അവേഹളനം തന്നെയാണ്. രണ്ടുരൂപ കൺസെഷൻ വിദ്യാർത്ഥികൾക്കൊന്നടങ്കം നാണക്കേടാണെന്നും അതുകൊണ്ട് തന്നെ അഞ്ച് രൂപ കൊടുത്തിട്ട് അവർ ബാക്കി വാങ്ങാറില്ലെന്നുമാണ് മന്ത്രിയുടെ പരാമർശം. മന്ത്രിപ്രിവില്ലേജിനുള്ളിൽ കഴിയുന്ന താങ്കളെ സംബന്ധിച്ച് രണ്ട് രൂപയെന്നത് മാനം തീറെഴുതി നൽകേണ്ട ഒന്നു തന്നെയാവാം.

എന്നാൽ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് അല്ലെങ്കിൽ അവന്റെ കുടുംബത്തെ സംബന്ധിച്ച് അതൊരു ആശ്വാസമാണ്. വിദ്യർത്ഥികളുടെ കൺസഷൻ ചാർജിനെ അവജ്ഞയോടെ കാണുന്ന മന്ത്രി അതിനു പിന്നിലെ പഴയ ചരിത്രത്തിലേക്കൊക്കെ ഒന്നു എത്തിനോക്കുന്നത് നല്ലതാവും. കൺസെഷൻ എന്ന് നിങ്ങൾ പുച്ഛിച്ച് തള്ളുന്ന സമ്പ്രദായം കേരളത്തിൽ നടപ്പിലാക്കാൻ തന്റെ ജീവൻ ബലി നൽകിയ സഖാവ് സി കെ സതീഷ്കുമാർ എന്ന എഐഎസ്എഫ് നേതാവിനെ കുറിച്ച് ഒന്നറിയാൻ ശ്രമിക്കുക. മന്ത്രി നാണക്കേടെന്ന് കരുതുന്ന വിദ്യാർത്ഥികളുടെ ആ കൺസെഷനു സതീഷ് കുമാറിന്റെ ജീവന്റെ വിലയുണ്ട്.

1982 ഒക്ടോബർ 12ന് സ്വകാര്യ ബസുകളുടെ വിദ്യാർത്ഥി വിരുദ്ധ പെരുമാറ്റങ്ങൾക്ക് എതിരെ സമരം ചെയ്യവെയാണ് സഖാവ് സി കെ സതീഷ് കുമാർ രക്തസാക്ഷിയാകുന്നത്. വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരിക്കുക, പെൺകുട്ടികൾ അടക്കമുള്ളവരെ അപമാനിക്കുക തുടങ്ങി ബസുകാരുടെ ചെയ്തികൾ പരിധിവിട്ടപ്പോൾ ഇതിനെതിരെ പ്രതികരിക്കാൻ എഐഎസ്എഫ് തയ്യാറാവുകയായിരുന്നു. തുടർന്ന് സതീശ് കുമാറിന്റെ നേതൃത്വത്തിൽ ബസ് തടയൽ സമരം നടന്നു.

കലി പൂണ്ട സ്വകാര്യ ബസുകാർ വിദ്യാർത്ഥികൾക്ക് നേരെ ബസോടിച്ചു കയറ്റുകയായിരുന്നു. സമരത്തിന് മുന്നിൽ നിന്ന സതീഷ് കുമാറിന് മുകളിലൂടെ ബസ് പാഞ്ഞു കയറി. ഈ രക്തസാക്ഷിത്വത്തിന് ശേഷമാണ്, കേരളത്തിൽ വിദ്യാർത്ഥികളുടെ യാത്രാ അവകാശങ്ങളെ കുറിച്ച് സർക്കാർ ചിന്തിക്കുകയും സ്വകാര്യ ബസ് ലോബികളുടെ അഹങ്കാരം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തത്. നിരന്തര സമരങ്ങളിലൂടെ കേരളത്തിലെ വിദ്യാർത്ഥികൾ നേടിയെടുത്ത അവകാശത്തെ പുച്ഛിക്കാൻ മാത്രം ഇടത് പക്ഷത്തുനിന്ന് വിജയിച്ച മന്ത്രി തരം താഴരുത്.

കേരളത്തിലെ വിദ്യാർത്ഥി സമൂഹം ബസ് യാത്രകളിൽ അനുഭവിക്കുന്ന യാതനകൾ അതിഭീകരമാണ്. പെൺകുട്ടികളെ അടക്കം സീറ്റിലിരിക്കാൻ അനുവദിക്കാതിരിക്കുക, സ്റ്റോപ്പുകൡ ബസ് നിർത്താതിരിക്കുക, വിദ്യാർത്ഥികളെ അവസാനം കയറ്റുക, വിദ്യാർത്ഥികൾ കയറുന്നതിനും ഇറങ്ങുന്നതിനും മുന്നേ ബസ് എടുക്കുക തുടങ്ങി സ്വകാര്യ ബസുകാർ ചെയ്തുകൂട്ടുന്ന അക്രമങ്ങളെ ന്യായീകരിക്കുക കൂടിയാണ് ഗതാഗതമന്ത്രി ഈ പ്രസ്താവനയിലൂടെ. നമ്മുടെ വിദ്യാർത്ഥി സമൂഹം സമരംചെയ്ത് നേടിയെടുത്ത അവരുടെ അവകാശമാണ് കൺസെഷൻ എന്നത്. അത് ആരുടേയും ഔദാര്യമല്ല, അവരുടെ അവകാശമാണെന്ന് മന്ത്രി മനസ്സിലാക്കണം.

കൊച്ചിൻയൂണിവേഴ്സിറ്റി ഉദ്യോ​ഗസ്ഥരുടെ ചതിക്കുഴി;നഷ്ടമായത് ലോകമറിയേണ്ട ഒരു ​ഗവേഷകനെ

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares