എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന
ഇന്ത്യ മഹാ രാജ്യം പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായി അവകാശപ്പെടുന്ന ഇന്ത്യയിൽ ഇന്ന് ജനാധിപത്യം എന്നത് കേവല പ്രഹസനമായി മാറിയിരിക്കുന്നു. ആർഎസ്എസ് രൂപീകരണത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്ന പ്രഖ്യാപനം സംഘ് പരിവാർ കേന്ദ്രങ്ങൾ ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി.
നരേന്ദ്രമോദിയുടെ രണ്ടാം വരവിൽ അതിനുള്ള നീക്കങ്ങൾ ത്വരിതഗതിയിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു. രാജ്യം പിന്തുടർന്ന് വരുന്ന ഭരണ ഘടന മൂല്യങ്ങളും നിയമ വാഴ്ചയും അട്ടിമറിച്ചു കൊണ്ട് ജനാധിപത്യത്തെ സജീവമാക്കുന്ന വിയോജിപ്പുകളെയും ചിന്തകളെയും ഇല്ലായ്മ ചെയ്യുകയും രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കുന്ന നയങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുകയാണ് മോദി സർക്കാർ.
നവ ലിബറൽ നയങ്ങളുടെ ചുവട് പിടിച്ചു കൊണ്ട് കേന്ദ്ര സർക്കാർ സർവീസിലും പൊതു മേഖല സ്ഥാപനങ്ങളിലും നിയമന നിരോധനവും തസ്തിക വെട്ടിക്കുറക്കലും വ്യാപകമാക്കിയിരിക്കുന്നു. ഒരു വർഷം രണ്ട് കോടി യുവ ജനങ്ങൾക്ക് ജോലി എന്ന വാഗ്ദാനവുമായി 2014 ല്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാറിന്റെ ഭരണ കാലയളവിൽ രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാഹചര്യത്തിൽ എത്തി നിൽക്കുന്നു.
2014 ൽ മോദി അധികാരത്തിൽ വരുമ്പോൾ നികത്താതെ കിടന്നിരുന്ന ഒഴിവുകൾ 4.2 ലക്ഷമായിരുന്നുവെങ്കിൽ ഇന്നത് ഇരട്ടിയിലേറെയായി വർദ്ധിച്ചിരിക്കുകയാണ്. റെയിൽവേ,എൽ ഐ സി, എയർ ഇന്ത്യ എന്നിവയടക്കം രാജ്യത്തിന്റെ പൊതു മേഖല സ്ഥാപനങ്ങളെല്ലാം വിറ്റഴിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
അതോടൊപ്പം കേരളത്തോട് ചരിത്രത്തിൽ തുല്യതയില്ലാത്ത അവഗണനയാണ് മോദി സർക്കാർ കാണിക്കുന്നത്. അർഹമായ വിഹിതങ്ങളോ പദ്ധതികളോ സാമ്പത്തിക സഹായങ്ങളോ നൽകുന്നില്ലെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ തീർത്തും ദുർബലപ്പെടുത്തുന്ന സമീപനവും സ്വീകരിക്കുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണ കൂടം ഫാസിസ്റ്റിക്കായി രൂപാന്തരപ്പെട്ട് രാജ്യത്തിന്റെ സോഷ്യലിസ്റ്റ്, മതേതര ഘടനയെ തകർത്ത് കൊണ്ട് ജുഡീഷ്യറിയുടെയും കേന്ദ്ര എജൻസികളുടെയും അധികാരങ്ങളെയാകമാനം ഭരണമേധാവിത്വത്തിന്റെ താല്പര്യങ്ങൾക്ക് കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു.
രാജ്യത്തെ ജനങ്ങൾ നേരിടുന്ന കാതലായ പ്രശ്നങ്ങളെ പരിഗണിക്കാതെ ഭിന്നിപ്പിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പാണവർ ലക്ഷ്യം വെക്കുന്നത്.
അത് കൊണ്ട് രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഓരോ വോട്ടർമാരും ഏറ്റെടുക്കേണ്ടത്.