പാലക്കാട്: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർന്ന് നാമാവശേഷമായ കാലഘട്ടത്തിലൂടെയാണ് ഒരോ ഭാരതീയരും കടന്നു പോകുന്നതെന്ന് എഐവൈഎഫ് ജനറൽ സെക്രട്ടറി ആർ തിരുമലൈ വ്യക്തമാക്കി. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. അതിനു രാജ്യത്തെ മതവെറിയിൽ നിന്നും മതതീവ്രവാദത്തിൽ നിന്നും രക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മതതീവ്രവാദത്തെ പോലെ അപകടമാണ് ജാതിയതയും. ആ ജാതീയതയാണ് മണിപ്പൂരിൽ നൂറിലധികം പേരെ കൊലപ്പെടുത്തിയത്. ബിജെപി എവിടെല്ലാം അധികാരം പിടിക്കാൻ ആഗ്രഹിക്കുന്നുവോ അവിടെല്ലാം ജനങ്ങൾക്കിടയിൽ മതത്തിന്റെ പേരിലും ജാതിയുടെ പേരിലും ഭാഷയുടെ പേരിലും ഭിന്നിപ്പുണ്ടാക്കി വലിയ കലാപങ്ങൾ സൃഷ്ടിക്കുകയാണ്. അതാണ് മണിപ്പൂരിൽ സംഭവിച്ചത്. അത് രാജ്യത്തെവിടെയും ബിജെപി സംഘപരിവാർ ശക്തികൾ ഇനിയും നടപ്പിലാക്കുമെന്നകാര്യത്തിൽ യാതൊരു സംശയവും വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോടിക്കകണക്കിനു രൂപ ചിലവഴിച്ച് നിർമ്മിച്ച പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതു സംബന്ധിച്ച് വൻ വിവാദങ്ങളാണ് പ്രതിപക്ഷ പാർട്ടികളുൾപ്പെടെ ഉയർത്തുന്നത്. രാജ്യത്തിന്റെ പ്രഥമ വനിതയായ പ്രസിഡന്റ് ഇരിക്കെ ജനാധിപത്യത്തിന്റെ കേന്ദ്രബിന്ദുവായ പാർലമെന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നത് യോജിക്കാനാവില്ല. രാജ്യത്തെ ഗോത്ര വിഭാഗങ്ങൾക്കിടയിൽനിന്നും ഇന്ത്യയുടെ പ്രഥമ വനിത പ്രസിഡന്റായ ദ്രൗപതി മുർമുറിനെ ഒഴിവാക്കിയതിന്റെ രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും അറിയാം.
ജനാധിപത്യത്തിന്റെ പരമോന്നത സ്ഥാനം എന്ന് കണക്കുകൂട്ടുന്ന ഇന്ത്യൻ പാർമെന്റ് പണികഴിപ്പിച്ചതിന്റെ കീർത്തി നൂറു വർഷങ്ങൾ പിന്നിട്ടാലും മോദിയുടെ പേരിൽ തന്നെ നിലനിൽക്കാൻ വേണ്ടിയാണ് പ്രസിഡന്റിനെ പോലും അവഗണിക്കാൻ ബിജെപി തയ്യാറായത്. രാജ്യത്തിന്റെ പ്രഥമ വനിതയ്ക്ക് നേരിടേണ്ടി വരുന്നത് കടുത്ത അവഗണനയാണ് അപ്പോൾ സാധാരണക്കാരായ നമ്മുടെ അവസ്ഥ എത്ര ദുരിതമായിരിക്കും. ജനാധിപത്യത്തിനു പുല്ലുവില കൽപ്പിക്കുന്നൊരു പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ ഭരണം പിടിക്കാൻ ഗവർണറിനെ കൂട്ടുപിടിച്ചു കേന്ദ്ര സർക്കാർ നടത്തിയ ചതി ജനങ്ങൾ ഇപ്പോൾ തിരിച്ചറിഞ്ഞു. എംഎൽഎ മാരെ വിലയ്ക്കെടുത്ത് അവിടെ പ്രതിസന്ധി സൃഷ്ടിച്ച് ആ എംഎൽഎമാരെ വച്ച് ബിജെപി സർക്കാറിനെ കെട്ടിപ്പടുക്കുന്നു.
ഇത് ഒരു മഹാരാഷ്ട്രയിൽ മാത്രം നടക്കുന്ന കാര്യമല്ല മദ്ധ്യ പ്രദേശിലും അരുണാചൽ പ്രദേശിലും ത്രിപുരയാലും മണിപ്പൂരിലും നടന്നത് ഇതുതന്നെയാണണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെയാണ് പണമൊഴുക്കി തങ്ങളുടെ വരിധിയിൽ നിർത്താൻ ബിജെപി ശ്രമിക്കുന്നത്. അങ്ങനെ ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി.
ബ്രിട്ടീഷുകാർക്കെതിരെ യുദ്ധചെയ്ത ടിപ്പു സുൽത്താൻ മുസ്ലീം ആയതുകൊണ്ട് അദ്ദേഹത്തെ രാജ്യ ദ്രോഹിയാക്കിയും ഹിന്ദുമതത്തെ അടിച്ചമർത്താൻ ശ്രമിച്ചയാളെന്ന് ചാപ്പകുത്തി ഇന്ത്യ ചരിത്രത്തിൽ നിന്നും എടുത്തു കളയാനാണ് നരേന്ദ്ര മോദി സർക്കാരും ബിജെപിയും ശ്രമിക്കുന്നത്. അതിനോടൊപ്പം ഇന്ത്യയെ ഒറ്റുകൊടുത്ത് ബ്രിട്ടീഷ് കാർക്ക് ഒത്താശ ചെയ്ത സവാർക്കറിനെപോലുള്ള നെറികെട്ടവർക്ക് ബിജെപി ക്ലീൻ ചീറ്റ് നൽകി അവരെ മഹത്വ വത്കരിക്കാനുള്ള ന്യായീകരണങ്ങളാണ് നടക്കുന്നത്. അതിന്റെ ഭാഗമായി അവർ ആദ്യ ചരിത്രം തിരുത്തി പിന്നെ പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തി. ഇപ്പോൾ രാജ്യത്തെ ഒറ്റിക്കൊടുത്ത ഒരു ചതിയന്റെ ജന്മദിനത്തിൽ അയാളോടുള്ള ആദരസൂചകമായി നരേന്ദ്ര മോദി പാർലമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കാനിരിക്കുകയാണ്. ബ്രിട്ടീഷുകാർക്ക് വേണ്ടി രാജ്യത്തെ ഒറ്റുകൊടുത്ത സവാർക്കറിനാണ് ഗാന്ധിയെക്കാളും സുഭാഷ് ചന്ദ്രബോസിനേക്കാളും ഭഗത്സിങ്ങിനേക്കാളും വില നൽകുന്നത്. അത് അനുവദിക്കാൻ പാടുള്ളതല്ല.
കർണാടകയിൽ രൂപപ്പെട്ട മാറ്റം അത് രാജ്യം മുഴുവൻ പ്രതിധ്വനിക്കണം. അതിനായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും മതേതരത്ത സംഘടനകളും ഒറ്റക്കെട്ടായി നിന്ന് ബിജെപിക്കെതിരെ അണമിനിരക്കണം. അതിന്റെ ഭാഗമായി എഐവൈഎഫ് മുൻ കൈയെടുത്ത് എല്ലാ യുവജന സംഘടനകളേയും ഒരുമിച്ച് നിർത്താനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുമെന്ന് തിരുമലൈ പറഞ്ഞു.