സച്ചിൻ
ആകെ 22 ലോകകപ്പുകൾ… 8 വിജയികളായ ടീമുകൾ… നിരവധി സൂപ്പർ താരങ്ങൾ തങ്ങളുടെ പ്രകടനത്തിലൂടെ ആരാധകരെ ത്രസിപ്പിച്ചിട്ടുണ്ട്. കാർലോസ് ആൽബർട്ടോ, റോജർ മില്ല, ബോബി ചാൾട്ടൺ, തിയറി ഹെൻറി, പ്ലാറ്റിനി, സിദാൻ, ഒലിവർ കാൻ, ക്ലിൻസ്മാൻ, ലോതർ മത്യാസ്, റൂഡ് ഗലിറ്റ്, ജോഹാൻ ക്രൈഫ്… അങ്ങനെ പലരും മൈതാനത്ത് പന്ത് കൊണ്ട് തന്ത്രങ്ങൾ അവതരിപ്പിച്ചു. എന്നാൽ ചിലർ തീർച്ചയായും എല്ലാറ്റിനും മുകളിലാണ്. തങ്ങളുടേതായ തനിമയോടെ കളി ഭരിച്ചിരുന്ന അവർ ആരാധകരുടെ ഹൃദയത്തിൽ എന്നും തങ്ങിനിന്നു. ഈ അഞ്ചു പേരാണ് എന്റെ സൂപ്പർ ഹീറോസ്.
പെലെ (ബ്രസീൽ)
ഫുട്ബോളിന്റെ പേര് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ ഇതിഹാസം പെലെ. മൂന്ന് തവണ ലോകകപ്പ് നേടിയ ടീമിൽ അംഗമായ ഏക താരമാണ് പെലെ.. 1958, 1962, 1970 വർഷങ്ങളിൽ ബ്രസീലിന്റെ ലോകകപ്പ് നേട്ടത്തിൽ പെലെ നിർണായക പങ്ക് വഹിച്ചു. പതിനേഴാം വയസ്സിൽ ആദ്യ ലോകകപ്പ് സ്വന്തമാക്കിയ പെലെ 12 വർഷങ്ങൾക്ക് ശേഷം ഇതിഹാസമായി മാറി. കരിയറിൽ നാല് ലോകകപ്പുകൾ കളിച്ച പെലെ ആകെ 12 ഗോളുകളാണ് നേടിയത്.
ഡീഗോ മറഡോണ (അർജന്റീന)
ഡീഗോ മറഡോണയെ പെലെയ്‌ക്കൊപ്പം ഫിഫ നൂറ്റാണ്ടിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തിരുന്നു. രാജ്യ വ്യത്യാസമില്ലാതെ എല്ലാ ഫുട്ബോൾ ആരാധകരുടെയും ഹൃദയം കീഴടക്കാൻ മറഡോണയ്ക്കായി എന്നത് അദ്ദേഹത്തിന്റെ ഫുട്ബോളിലെ മാന്ത്രികതയൊന്നു കൊണ്ടാണ് . 1986 ലെ ലോകകപ്പ് അർജന്റീനയെ വിജയിപ്പിക്കാൻ സഹായിച്ചതിന് ശേഷമാണ് അദ്ദേഹം സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നത്. 1990ൽ ടീമിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനായിരുന്ന മറഡോണ 1994 ലോകകപ്പിൽ ഉത്തേജകമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. നാല് ലോകകപ്പുകളിൽ കളിക്കുകയും എട്ട് ഗോളുകൾ നേടുകയും ചെയ്ത മറഡോണയുടെ കരിയർ അവസാനിച്ചപ്പോൾ നിരവധി വിവാദങ്ങൾ വലയം ചെയ്‌തെങ്കിലും കളിക്കാരനെന്ന നിലയിൽ അവയൊന്നും അദ്ദേഹത്തിന്റെ മഹത്വം കുറച്ചില്ല.
ഫ്രാൻസ് ബെക്കൻബോവർ (പശ്ചിമ ജർമ്മനി)
ജർമ്മനി സൃഷ്ടിച്ച എക്കാലത്തെയും മഹാന്മാരിൽ ഒരാളാണ് ഫ്രാൻസ് ബെക്കൻബോവർ. മൂന്ന് ലോകകപ്പുകൾ കളിച്ച അദ്ദേഹം തന്റെ ശൈലിയും നേതൃത്വപാടവവും കൊണ്ട് ‘ചക്രവർത്തി’ എന്നറിയപ്പെട്ടു. ക്യാപ്റ്റനായും മാനേജരായും രണ്ട് തവണ ലോകകപ്പ് നേടിയ രണ്ട് കളിക്കാരിൽ ഒരാളാണ് ബെക്കൻബോവർ. 1974ൽ സ്വന്തം മണ്ണിൽ ക്യാപ്റ്റനെന്ന നിലയിൽ ആദ്യ മത്സരത്തിൽ തന്നെ ബെക്കൻബോവർ ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഫൈനലിൽ നെതർലൻഡ്‌സിനെതിരെ ജർമ്മനി 2-1 ന് ജയിച്ചതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചുകൊണ്ട് ചരിത്രത്തിൽ ഇടം നേടി. പിന്നീട് 1990ൽ ബെക്കൻബോവറെന്ന പരിശീലകനു കീഴിൽ പശ്ചിമ ജർമ്മനി ലോകകപ്പ് നേടി.
ഗെർഡ് മുള്ളർ (പശ്ചിമ ജർമ്മനി)
‘ദി നേഷൻസ് ബോംബർ’ എന്ന് വിളിപ്പേരുള്ള ഗെർഡ് മുള്ളർ ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ ഒരാളാണ്. രണ്ട് ലോകകപ്പുകളിലായി (1970, 1974) 13 മത്സരങ്ങളിൽ നിന്ന് ആകെ 14 ഗോളുകൾ നേടിയ മുള്ളർ ഈ പട്ടികയിൽ മൂന്നാമതാണ്. 1974-ൽ സ്വന്തം മണ്ണിൽ നടന്ന ഫൈനലിൽ മുള്ളർ നേടിയ ഗോളിൽ ജർമ്മനി രണ്ടാം തവണയും ലോകകപ്പ് നേടി. തന്റെ കരിയറിന്റെ തുടക്കത്തിൽ തന്നെ മുള്ളർ ഒരു ‘ഫെയർ പ്ലെയർ’ ആയി അംഗീകരിക്കപ്പെട്ടു.
റൊണാൾഡോ (ബ്രസീൽ)
ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന ബ്രസീലിൽ പെലെയ്ക്ക് ശേഷം ആ തലത്തിൽ പ്രശസ്തനായ താരമാണ് റൊണാൾഡോ ലൂയി ഡി ലിമ. മൂന്ന് തവണ ‘ഫിഫയുടെ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ’ നേടിയതും രണ്ട് തവണ ‘ഗോൾഡൻ ബോൾ’ നേടിയതും റൊണാൾഡോയുടെ മഹത്വമല്ല. 24 വർഷമായി ഒരു ലോകകപ്പ് ജയം കാണാതെ നിരാശരായി നോക്കിയിരുന്ന ബ്രസീൽ ആരാധകർക്ക് പെലെയുടെ വിരമിക്കലിന് ശേഷം അദ്ദേഹം പുതുജീവൻ നൽകി എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ആകെ നാല് ലോകകപ്പുകൾ കളിച്ച റൊണാൾഡോ 15 ഗോളുകൾ നേടി രണ്ടാം സ്ഥാനത്തോടെ കരിയർ അവസാനിപ്പിച്ചു.