ആനി രാജക്കായി വോട്ടഭ്യർത്ഥിക്കാൻ സത്യമംഗലത്തിൽ നിന്ന് അവരെത്തി. വീരപ്പനെ പിടികൂടാനായി കർണാടക- തമിഴ്നാട് സർക്കാറുകൾ സംയുക്തമായി രൂപീകരിച്ച ജോയിന്റ് സ്പെഷ്യൽ ടാസ്ക് ഫോഴ്സുകൾ നടത്തിയ കിരാത പീഡനങ്ങൾക്കെതിരെ സന്ധിയില്ലാതെ പോരാട്ടം നയിച്ച ആനി രാജക്ക് വോട്ട് അഭ്യർഥിക്കാനാണ് സേലം ജില്ലയിലെ മേട്ടൂരിൽ നിന്ന് ക്രൂരപീഡനത്തിന് ഇരയായ ചിന്നമ്മാൾ, മുരുകേശൻ, ചിന്ന കൊളുന്ത്, നല്ലമ്മ, പൊന്നരശി, പെരിയതായി, സരസു എന്നിവർ വയനാട്ടിൽ എത്തിയത്. ഇതിൽ മൂന്ന് പേർ ടാസ്ക് ഫോഴിസിന്റെ ലൈംഗിക അതിക്രമത്തിന് ഇരയായവരാണ്.
ഇവരിൽ മൂന്ന് പേർ ഒൻപതര വർഷം ജയിൽ വാസം അനുഭവിച്ചവരാണ്. അതിക്രമത്തിൻ്റെ ഭാഗമായി പല സ്ത്രീകളുടേയും ഭർത്താക്കൻമാരെ വെടിവെടിവെച്ചു കൊന്നിരുന്നു. ഈ നിലയിൽ ഭരണകൂട ഭീകരതയുടെ ഇരകളായി ജീവിക്കുകയായിരുന്ന നൂറ് കണക്കിന് മനുഷ്യരുടെ അവകാശത്തിനായി പോരാട്ടം നടത്തിയത് ആനി രാജയുടെ നേതൃത്വത്തിലായിരുന്നു. 1993 സിപിഐ തമിഴ്നാട് സംസ്ഥാന കൗൺസിൽ അംഗം വി പി ഗുണശേഖരൻ വിഷയത്തിൽ ഇടപെട്ടു. ഇതോടെയാണ് ദേശീയ മഹിളാ ഫെഡറേഷന്റെ മധുരയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ആനി രാജയെ കാണാൻ ഇവർ എത്തുന്നത്. തുടർന്ന് ഇവരെയും കൂട്ടി ആനി രാജ ഡൽഹിയിൽ എത്തുന്നു. അവിടെ വെച്ച് പബ്ലിക് ഹിയറിങ്ങ് നടത്തുന്നു. ആനി രാജയുടെ സമ്മർദ്ദത്തിനൊടുവിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംങ് ഇരകളെ കാണാൻ തയാറാകുന്നു. അവർ നേരിട്ട പീഡനത്തിന്റെ ക്രൂരത പ്രധാനമന്ത്രിക്ക് മനസിലാക്കി കൊടുക്കുന്നു. ശിവരാജ് പാട്ടീലായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രി.
എൻഎച്ച്ആർസിയിലായിരുന്നു കേസ് ഉണ്ടായിരുന്നത്. ഇരകളേയും കൂട്ടി ആനി രാജ മനുഷാവകാശ കമ്മീഷൻ ചെയർമാനെ കണ്ടു. ഓഫീസിൽ ഉണ്ടായിട്ടും ചെയർമാൻ കാണാനുളള സമയം അനുവദിച്ചില്ല. തുടർന്ന് ആനി രാജയുടെ നേതൃത്വത്തിൽ ചെയർമാൻ ജസ്റ്റിസ് എ എ ആനന്ദിനെ ഖരാവോ ചെയ്തു. പ്രക്ഷോഭത്തിന്റെ ഫലമായി അടുത്ത ആഴ്ച്ച തന്നെ കമ്മീഷന്റെ ഫുൾ ബെഞ്ച് സിറ്റിംങ് നടന്നു. സദാശിവൻ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് കർണാടക – തമിഴ്നാട് സർക്കാറുകൾ പത്തു കോടി രൂപ നഷ്ട്ട പരിഹാരം കൊടുക്കാനും ഉത്തരവിറക്കി.
1994 മുതൽ ആനി രാജയുടെ നേതൃത്വത്തിൽ നടത്തിയ നിയമ പോരാട്ടത്തിലൂടെ ആണ് ഇരകളായവർക്ക് നീതി കിട്ടിയതെന്നും, ആനി രാജ വിജയിച്ചാൽ പാവങ്ങളോടും, നീതി നിഷേധിക്കുന്നവരോടൊപ്പവും ഉണ്ടാകുമെന്നും ജീവിത അനുഭവത്തിൽ നിന്നും അവർ സാക്ഷ്യപ്പെടുത്തുകയാണ്. നഷ്ട പരിഹാര തുകയായ പത്ത്കോടിയിൽ 2.80 കോടി സർക്കാർ നൽകുകയും ചെയ്തു. ബാക്കി തുക നൽകുന്നതിൽ സർക്കാറുകൾ വീഴ്ച വരുത്തിയപ്പോൾ ഇരകൾ കോടതിയെ സമീപിക്കുകയും, 7.20 കോടി രൂപ ഏഴ് ആഴ്ച കൊണ്ടു നൽകണമെന്നും വിധിക്കുകയായിരുന്നു. ഈ പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിച്ച ആനി രാജയോട് നന്ദി പറയുന്നതിനും, നടത്തിയ പോരാട്ടങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നതിനുമാണ് സത്യമംഗലത്തു നിന്നും അവർ എത്തിയത്.