youngindianews.in, മൂന്ന് വർഷം മുൻപ് കമ്മ്യുണിസ്റ്റ് ആചാര്യൻ സഖാവ് കാനം രാജേന്ദ്രൻ യങ് ഇന്ത്യയുടെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ, എഐവൈഎഫിന് വലിയൊരു ലക്ഷ്യം മുന്നിലുണ്ടായിരുന്നു. വർഗീയതയ്ക്കും അഴിമതിക്കും മനുഷ്യ വിരുദ്ധതയ്ക്കും എതിരെ പോരാടുന്ന ഒരു വാർത്ത വെബ്സൈറ്റ്. മാനവികതയും ഇടത് മൂല്യങ്ങളും ഉയർത്തി പിടിച്ചു കൊണ്ടു ഒരു നവ മാധ്യമ സംസ്കാരത്തിന് തുടക്കമിടുക. മൂന്നു വർഷങ്ങൾക്കിപ്പുറം, ആ വലിയ ലക്ഷ്യം സാക്ഷാൽകരിക്കാൻ ചെറിയ കാൽവെയ്പ്പുകൾ വയ്ക്കാൻ സാധിച്ചതിന്റെ കരുത്തുണ്ട് യങ് ഇന്ത്യക്ക്.
വാർത്തയക്ക് അപ്പുറം വിഷയങ്ങളെ നോക്കി കണ്ടു, മാനവികതയുടെ സന്ദേശം പകരാൻ യങ് ഇന്ത്യ പ്രതിജ്ഞബദ്ധമാണ്, അന്നും ഇന്നും, എന്നും.
അടിച്ചമർത്തപ്പെടുന്ന ജനതയുടെ പക്ഷം പിടിക്കുക എന്നതാണ് യങ് ഇന്ത്യയുടെ എഡിറ്റോറിയൽ നയം. വാർത്ത സമരവും കൂടിയാണ്. പ്രതിരോധവുമാണ്. അങ്ങേയറ്റം മലീമസമായൊരു മാധ്യമ സംസ്കാരത്തിലൂടെയാണ് ഇന്ന് കേരളം കടന്നുപോകുന്നത്. സംഘപരിവാറിന് കുഴലൂതുന്ന ദേശീയ മാധ്യമങ്ങളുടെ തനിപ്പകർപ്പാണ് ഇന്നത്തെ കേരളത്തിലെ മാധ്യമങ്ങളും.
വർഗീയതയും നുണപ്രചാരണങ്ങളും മാത്രം അഴിച്ചു വിടുന്ന ചാനൽ, പത്ര ന്യൂസ് മുറികൾ. സമൂഹത്തിൽ അങ്ങേയറ്റം വിഭജനം സൃഷ്ടിക്കുന്ന ഓൺലൈൻ മീഡിയ. ഈ വാർത്ത സംസ്കാരം തിരുത്തപ്പെടേണ്ടതുണ്ട്. മനുഷ്യ പക്ഷത്തുനിന്ന് മനുഷ്യനുവേണ്ടി ശബ്ദിക്കേണ്ടതുണ്ട്. സത്യം സത്യമായി തന്നെ വിളിച്ചു പറയേണ്ടതുണ്ട്.അതൊരു ചെറിയ പ്രക്രിയയല്ല. സത്യനന്തര കാലത്തിൽ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ സേവനമായി ഞങ്ങൾ അതിനെ കാണുന്നു.
കാമ്പുള്ള രാഷ്ട്രീയ വാർത്തകളും വാർത്തയ്ക്ക് അപ്പുറത്തേക്കുള്ള സഞ്ചാരവുമാണ് യങ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്. ഇതിനോടകം നൽകിയ എണ്ണമില്ലാത്ത വാർത്തകളിലും ലേഖനങ്ങളിലും ആ നിലപാട് വായനക്കാർക്ക് വ്യക്തമായി കാണാം. ഈ മൂന്നു വർഷത്തെ വാർത്തായാത്രയ്ക്കിടയിൽ അനവധി സമരങ്ങളോട്, ജനാധിപത്യ പോരാട്ടങ്ങളോട് യങ് ഇന്ത്യ ഐക്യപ്പെട്ടിട്ടുണ്ട്. ഫാസിസ്റ്റ്, വർഗീയ, മതാധിഷ്ഠിത രാഷ്ട്രീയത്തെ തുറന്നുകാണിക്കാൻ ഇക്കാലയളവിൽ ചെയ്ത വാർത്താ പരമ്പരകളും ക്യാമ്പയിനുകളും വായനക്കാർക്ക് മുന്നിൽ അതിനു തെളിവായുണ്ട്.
നിലപാടുകളിൽ കണിശതയുള്ള വായനക്കാരാണ് യങ് ഇന്ത്യയുടെ ശക്തി. പോരാട്ടം തുടരാൻ ഇനിയും കൂടെ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ മുന്നോട്ട് നടക്കുകയാണ്. ഒരുമിച്ച് പ്രതിരോധം തീർക്കാം. ഒരുമിച്ച് സമരം ചെയ്യാം. രാജ്യത്തിന് കാവലാകാം.