തൃശ്ശൂര്‍: എഐവൈഎഫ് സ്ഥാപകദിനം ജില്ലയിലെമ്പാടും വിപുലമായ പരിപാടികളോടെ സമുചിതമായി ആചരിച്ചു. സ്ഥാപക ദിനത്തിന്റെ ഭാഗമായി എഐവൈഎഫ് ജില്ലയിലെ നൂറുകണക്കിന് യൂണിറ്റ് മേഖല കേന്ദ്രങ്ങളിൽ പതാക ഉയർത്തി. എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിലും ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ഇരിഞ്ഞാലക്കുട നഗരത്തിലും പതാക ഉയര്‍ത്തി.
ലോകത്തെവിടെ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കും ഭീകരവാദത്തിനും എതിരായി ശബ്ദം ഉയർത്താൻ എഐവൈഎഫ് എന്നും മുന്‍നിരയിലുണ്ടെന്ന് ജില്ലാസെക്രട്ടറി പ്രസാദ് പറേരി പറഞ്ഞു. എഐവൈഎഫിന്റെ സഗാരികമായ സമര ചരിത്രം കേവലം ഒരു കുറിപ്പിൽ രചിച്ച് തീർക്കാൻ സാധിക്കുന്നതല്ല. 1979ൽ ആരംഭിച്ച് 1984 വരെ നീണ്ടുനിന്ന സമരപരമ്പരകൾ. വ്യത്യസ്തങ്ങളായ പോരാട്ടങ്ങൾ. രാജ്യം ശ്രദ്ധിച്ച യുവജനസമരമായിരുന്നു തൊഴിൽ അല്ലെങ്കിൽ ജയിൽ സമരം. രാസ്താ-രോഘോ, സേവ് ഇന്ത്യ ചെയ്ഞ്ച് ഇന്ത്യ, ആസാദി കാ ജാഗരൺ, ഹമാരാ ഭവിഷ്യ ഹമാര ഭാരത്, ദേശീയ ഐക്യ ദീപമാല, ദേശീയ ലോങ് മാർച്ചുകൾ പാർലമെന്റ് രാജ് ഭവൻ മാർച്ചുകൾ, പഞ്ചാബിൽ വർഗീയ-വിഘടനവാദികൾക്കെതിരെ പോരാടുന്ന ധീര ദേശാഭിമാനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന രക്ത പ്രതിജ്ഞ, ബാബറി മസ്ജിദ്-രാമജൻമഭൂമി തർക്കം രൂക്ഷമായപ്പോൾ നടന്ന സമര ചരിത്ര സംഗമം, മാനവ മൈത്രീ സംഗമം, സ്‌നേഹമതിൽ, എക്കാലത്തെയും പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന ഏടായ വനിതാമാർച്ച് തുടങ്ങി പതിനായിരങ്ങളും ലക്ഷങ്ങളും അണിനിരന്ന ആയിരക്കണക്കിന് പ്രക്ഷോഭങ്ങൾക്കാണ് എഐവൈഎഫ് രാജ്യത്ത് നേതൃത്വം നൽകിയത്.
വർഗീയ ഫാസിസ്റ്റ് ശക്തിക്കൾക്കെതിരെയും തൊഴിലിനു വേണ്ടി പോരാടുന്ന യുവത്വത്തിന് വേണ്ടിയും എഐവൈഎഫ് വീണ്ടും തെരുവിലേക്ക് ഇറങ്ങുകയാണ് . ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് നടക്കുന്ന സേവ് ഇന്ത്യാ മാര്‍ച്ചില്‍ എല്ലാ യുവജനങ്ങളും അണിനിരക്കണമെന്നും പ്രസാദ് പറേരി പറഞ്ഞു.
സംഘ പരിവാർ ഭരണകൂടത്തിന്റെ കീഴിൽ രാജ്യം ഏറ്റവും വലിയ അപകടാവസ്ഥയിലാണ് കടന്നുപോകുന്നതെന്നും ഈ രാജ്യത്തെ ഭരണഘടനയേയും മതേതരത്വത്തേയും ജനാധിപത്യത്തേയും തകർക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ മെയ് 15 മുതൽ 28 വരെ നടക്കുന്ന സേവ് ഇന്ത്യ മാർച്ചും 28- തിയ്യതിയിൽ തൃശൂരിൽ നടക്കുന്ന ജാഥാസംഗമത്തിൽ എല്ലാ യുവതീ യുവാക്കളും അണി ചേരണമെന്ന് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ വിനീഷ് വരാക്കര മേഖല കമ്മിറ്റിയിലും കനിഷ്കൻ വല്ലൂർ പുത്തൂർ മേഖല കമ്മിറ്റിയിലും ടി പി സുനിൽ പാഞ്ഞാൾ മേഖല കമ്മിറ്റിയിലും ലിനി ഷാജി കോലഴി മേഖല കമ്മിറ്റിയിലും പതാക ഉയർത്തി.