തൃശൂര്‍ പൂരം അലങ്കോലമായ ദിനം സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന വീഡിയോ പുറത്ത്. പൂരം അലങ്കോലമായ ദിവസം തിരുവമ്പാടിയിലെക്കാണ് സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങിയത്. സേവാഭാരതി ആംബുലൻസിൽ വന്നിറങ്ങുന്ന സുരേഷ് ഗോപിയുടെ വിഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.
പൂരം നിര്‍ത്തിവയ്ക്കുന്ന സാഹചര്യത്തില്‍ ആദ്യം എത്തിയത് സുരേഷ് ഗോപി ആയിരുന്നു. ഈ ആരോപണങ്ങൾക്ക് ബലം പകരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ആർഎസ്എസ് ബന്ധമുള്ള വരാഹി ഏജൻസിയുടെ കോർഡിനേറ്റർ അഭിജിത് നായരാണ് സുരേഷ് ഗോപിയെ പൂരപ്പറമ്പിലെത്തിച്ചതെന്നും റിപ്പോർട്ടുണ്ട്. പൂരപ്പറമ്പിലെ ഇടപെടൽ ആസൂത്രണം ചെയ്തത് വരാഹി അനലറ്റിക്സാണെന്നാണ് ഉയരുന്ന ആരോപണം. വരാഹി അനലിറ്റിക്സ് ബിജെപിയുടെ രാജ്യത്തെയാകെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്ന സട്രാറ്റജിക്കൽ ഏജൻസിയാണ്. വരാഹിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ജയകുമാർ. വരാഹിക്ക് വേണ്ടിയാണ് ആർഎസ്എസ് നേതാവ് ജയകുമാർ എം ആർ അജിത് കുമാറിനെ കണ്ടതെന്നും ആരോപണമുണ്ട്.
തിരുവനന്തപുരത്തും സമാന രീതിയിൽ വരാഹി തന്ത്രങ്ങൾ മെനഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഓരോ ജില്ലകൾക്കും വരാഹി പ്രത്യേക കോർഡിനേറ്റർമാരെ നിയോഗിച്ചിരുന്നതായാണ് റിപ്പോർട്ട്. രോഗികളെ കൊണ്ട് പോകാൻ ഉപയോഗിക്കുന്ന ആംബുലൻസില്‍ ബിജെപി നേതാവ് സുരേഷ് ഗോപി പൂരപ്പറമ്പിൽ വന്നിറങ്ങിയതായും പൂരം അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഐ നേതാവ് വി എസ് സുനിൽ കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആംബുലൻസ് രോഗികളെ കൊണ്ട് പോകുന്നതിനുള്ള സംവിധാനമാണ്. മറ്റ് ആവശ്യങ്ങൾക്കായി ആംബുലൻസ് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. റവന്യ മന്ത്രി കെ രാജനും താനും അടക്കം നടന്നാണ് അവിടേക്ക് എത്തിയത്. വാഹനങ്ങൾക്ക് അങ്ങോട്ട് വിട്ടിരുന്നില്ല. പൂരം അലങ്കോലപ്പെട്ടതും അതിന് കാരണം ഇടതുപക്ഷ മുന്നണിയാണെന്നുള്ള പ്രചാരണവും സുരേഷ് ഗോപിയുടെ ആംബുലൻസിലുള്ള വരവുമെല്ലാം ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും വി എസ് സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.