ഇപ്രാവശ്യത്തെ ലോക്സഭ തെരഞ്ഞെടുപ്പിനെക്കുറിച്ച് ചർച്ചകൾ വാർത്താമാധ്യമങ്ങളിലുൾപ്പെടെ നിറഞ്ഞ് നിന്നപ്പോൾ തൃശൂരിൽ സുനി ചേട്ടൻ നിൽക്കണം എന്ന് പറഞ്ഞ് രംഗത്തെത്തിയത് തൃശൂരിലെ സാധാരണ ജനങ്ങൾതന്നെയായിരുന്നു. അതാണ് അഡ്വ. വി എസ് സുനിൽ കുമാർ എന്ന ഇടത് സ്ഥാനാർത്ഥിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. തൃശൂരിലെ ഒരോ വ്യക്തിക്കും രാഷ്ട്രീയ ഭേദമന്യേ പ്രിയപ്പെട്ടവനാവാൻ സുനിൽകുമാറിനായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പാർട്ടി ഔദ്യോഗിക നിലപാട് എടുക്കുന്നതിനു മുന്നേ തൃശൂരിലെ ജനങ്ങൾ അദ്ദേഹത്തെ പ്രഖ്യാപിച്ചത്. പൂരപ്പറമ്പുകളിലും പള്ളിപ്പെരുനാളുകളിലും അങ്ങനെ നാടിന്റെ ഏത് ആഘോഷത്തിലും സുനിൽ കുമാറിന്റെ സാനിധ്യമുണ്ടായിരുന്നു.
1967 മേയ് 30 ന് തൃശൂർ ജില്ലയിലെ അന്തിക്കാട് വെളിച്ചപ്പാട്ട് വീട്ടിൽ സുബ്രഹ്മണ്യന്റെയും പ്രേമാവതിയുടെയും നാലുമക്കളിൽ രണ്ടാമനായാണ് വി എസ് സുനിൽകുമാറിന്റെ ജനനം. അന്തിക്കാട് കെജിഎം എപി സ്‌കൂൾ, അന്തിക്കാട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. നാട്ടിക എസ്എൻ കോളജിൽ നിന്ന് പ്രീ ഡിഗ്രിയും തൃശൂർ ശ്രീ കേരളവർമ്മ കോളജിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദവും നേടിയശേഷം തിരുവനന്തപുരം ലോ കോളജിൽ നിന്ന് എൽഎൽബി പാസായി.
ബാലവേദികളിലൂടെയാണ് സുനിൽ കുമാർ പൊതുവേദികളിലേക്ക് കടന്നുവരുന്നത്. പിന്നീട് വിദ്യാർത്ഥി സംഘടനാരംഗത്ത് സജീവമായിരുന്ന സുനിൽകുമാർ അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷന്രെ തൃശൂർ ജില്ലാ, സംസ്ഥാന ഘടകങ്ങളിൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. വിദ്യാർത്ഥി പ്രസ്ഥാനത്തിലെ അദ്ദേഹത്തിന്റെ പ്രാവീണ്യം ദേശീയ സെക്രട്ടറി പദവിയിലേക്കെത്തിച്ചു. എഐവൈഎഫിൽ പ്രവർത്തിച്ചിരുന്ന കാലത്ത് നടത്തിയ പോരാട്ടങ്ങൾ ജനശ്രദ്ധപിടിച്ചു പറ്റിയവയാണ്. ആ നേതൃത്വ മികവ് എഐവൈഎഫിന്റെ ദേശീയ നേതൃത്വത്തിന്റെ വരെ പ്രധാന ചുമതലകളിലേക്കെത്താൻ അദ്ദേഹത്തിനായി.
വിദ്യാർത്ഥി-യുവജന സമരങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ച വ്യക്തിയാണ് വി എസ് സുനിൽകുമാർ. നവോദയ സമരം, പോളിടെക്‌നിക് സമരം, പ്രീ ഡിഗ്രി ബോർഡ് സമരം, സ്വകാര്യ‑സ്വാശ്രയ കോളജ് സമരം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സ്വകാര്യ‑സ്വാശ്രയ കോളജ് സമരത്തിന്റെ നിരാഹാരപ്പന്തലിൽ വച്ച് പൊലീസിന്റെ ക്രൂരമർദനത്തിന് ഇരയായി. 2006ൽ നിയമസഭാ മാർച്ചിന് നേതൃത്വം കൊടുക്കുമ്പോൾ പൊലീസിന്റെ ഇലക്ട്രിക് ലാത്തി പ്രയോഗത്തിൽ പരിക്കേറ്റു. 29 ദിവസം പൂജപ്പുര സെൻട്രൽ ജയിലിൽ തടവ് ശിക്ഷയനുഭവിച്ചു.
1992 മുതൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കൗൺസിൽ അംഗമായി. തൃശൂർ ജില്ലാ എക്സിക്യുട്ടീവ് അംഗം, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ദേശീയ കൗൺസിൽ അംഗം എന്നീ ചുമതലകൾ വഹിച്ചു. നിലവിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന കൗൺസിൽ അംഗവുമാണ്.
ശാസ്ത്ര സാഹിത്യ പരിഷത്ത് അന്തിക്കാട് മേഖലാ സെക്രട്ടറി, സി.അച്യുതമേനോൻ ഫൗണ്ടേഷൻ തൃശൂർ ജില്ലാ സെക്രട്ടറി, ഏനമ്മാവ്-പെരിങ്ങോട്ടുകര(തൃശൂർ താലൂക്ക്) ചെത്തുതൊഴിലാളി യൂണിയൻ-എഐടിയുസി പ്രസിഡന്റ്(കെ പി പ്രഭാകരന്റെ മരണശേഷം നാളിതുവരെ യൂണിയന്റെ പ്രസിഡന്റാണ്), അന്തിക്കാട് ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ, വി കെ മോഹനൻ കാർഷിക സംസ്കൃതി ചെയർമാൻ, സിഡബ്ല്യുആഡിഎം എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിക്കുന്നു.
2006ൽ തൃശൂർ ജില്ലയിലെ ചേർപ്പ് നിയോജകമണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006–2011 കാലഘട്ടത്തിൽ ചേർപ്പ് എംഎൽഎ ആയിരിക്കുമ്പോഴാണ് തൃശൂർ-പൊന്നാനി കോൾ വികസന പദ്ധതിക്ക് തുടക്കം കുറിച്ചത്. 2011ൽ കയ്പമംഗലം മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. അക്കാലയളവിൽ നിയമസഭ അഷ്വറൻസ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചു. ആ ഘട്ടത്തിൽ ശബരിമലയുടെ പ്രത്യേക വികസനം ലക്ഷ്യമിട്ടുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടാണ് പിന്നീട് ശബരിമല മാസ്റ്റർപ്ലാനിന്റെ രൂപീകരണത്തിന് വഴിതുറന്നത്. നിയമസഭയിൽ അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ല് പിന്നീട് ക്ഷേത്രകലാകാരന്മാർക്കുള്ള ക്ഷേമനിധി നിയമമായി.
2016ൽ തൃശൂർ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കൃഷി-മണ്ണ് സംരക്ഷണവും മണ്ണ് പര്യവേക്ഷണ വകുപ്പ് മന്ത്രിയായി. ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് കർഷക ക്ഷേമ ബോർഡ് യാഥാർത്ഥ്യമാക്കിയത് അക്കാലത്താണ്. ഓണത്തിനൊരു മുറം പച്ചക്കറി, ഇന്ത്യയിൽ ആദ്യമായി നെൽക്കർഷകർക്ക് റോയൽറ്റി, സുഭിക്ഷകേരളം പദ്ധതി, ജൈവകാർഷിക മുറകളുടെ വ്യാപനം, നമ്മുടെ നെല്ല് നമ്മുടെ അന്നം പദ്ധതി, ഫയലിൽ നിന്ന് വയലിലേക്ക്, സ്കൂൾ വിദ്യാർത്ഥികൾകളെ കാർഷികസംസ്കാരത്തിലേക്ക് കൊണ്ടുവന്ന പാഠം ഒന്ന് പാടത്തേക്ക്, ജീവനി-നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം, തരിശുനിലകൃഷി വ്യാപനം എന്നിവയുൾപ്പെടെ കൃഷി മന്ത്രിയായിരിക്കെ ആവിഷ്കരിച്ച് നടപ്പിലാക്കി. വൈഗ (Value Addition for Income Generation in Agriculture-VAIGA) എന്ന പേരിൽ ആരംഭിച്ച അന്താരാഷ്ട്ര കാർഷിക‑കാർഷികാധിഷ്ഠിത സംരംഭക പ്രദർശനം സ്ഥിരം സംവിധാനമായി മാറി. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതും മാരകകീടനാശിനികൾ നിയമം മൂലം നിരോധിച്ചതും അക്കാലത്താണ്.
മികച്ച കൃഷി മന്ത്രിക്കുള്ള പി ടി ചാക്കോ പുരസ്കാരം, മികച്ച പൊതുപ്രവർത്തകനുള്ള രാജീവ്ഗാന്ധി ഫൗണ്ടേഷൻ അവാർഡ്, മികച്ച നിയമസഭാ സാമാജികനുള്ള ശങ്കരനാരായണൻ തമ്പി പുരസ്കാരം, ഡോ. കെ കെ രാഹുലൻ പുരസ്കാരം, പൗലോസ് താക്കോൽക്കാരൻ പുരസ്കാരം, തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ അവാർഡ്, കൃഷ്ണൻ കണിയാംപറമ്പിൽ സ്മാരക അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി. അഡ്വ. രേഖ സുനിൽകുമാറാണ് ജീവിത പങ്കാളി. മകൻ നിരഞ്ജൻകൃഷ്ണ മദ്രാസ് ക്രിസ്ത്യൻ കോളജിൽ എംഎ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ്.