പത്ത് നിമിഷം സഖാവ് എം എൻ ഒരാളോട് സംസാരിച്ചാല്‍ അയാള്‍ കമ്മ്യൂണിസ്റ്റായി മാറുമെന്നും മനുഷ്യ മനസ്സുകളിൽ കയറിക്കൂടാനുള്ള സഖാവിന്റെ കഴിവ് അപാരമായിരുന്നുവെന്നും വിലയിരുത്തിയത് പവനനായിരുന്നു. അത്ര മാത്രം മൂല്യാധിഷ്ഠിതമായിരുന്നു ആ രാഷ്ട്രീയ ജീവിതം. ബാല്യം മുതൽക്കെ രാഷ്ട്രീയത്തിൽ സജീവമായ സഖാവിന് സാധാരണക്കാരന്റെ പ്രശ്നങ്ങളെ അടുത്തറിയാൻ അത് കൊണ്ട് തന്നെ സാധിച്ചിരുന്നു.
രാഷ്ട്രീയാതീതമായി എല്ലാവരോടും സൗഹൃദം പുലർത്താനും സ്വന്തം നിലപാടുകൾ എവിടെയും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കാനും എം എൻ ശ്രമിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോൾ സംഘടനാപരമായി ഏറ്റവും താഴെ ഘടകത്തിലുള്ള സഖാവിനോട് പോലും സ്‌നേഹവാത്സല്യങ്ങളോടെ ഇടപെടാനും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയാനും സഖാവ് ആത്മാർത്ഥമായി ശ്രമിച്ചിരുന്നു. സങ്കീർണ്ണ സാഹചര്യങ്ങളെ അപാരമായ ഇച്ഛാശക്തികൊണ്ട് നേരിട്ടതിന്റെ നേരനുഭവമായിരുന്നു സഖാവിന്റെ ജീവിതം.
‘നവയുഗം’ വാരിക നടത്താൻ ബുദ്ധിമുട്ടാണെന്ന പരാതിയുമായി വന്നവരോട് ‘വാരിക നടത്താന്‍ ബുദ്ധിമുട്ടാണെങ്കിൽ നമുക്കൊരു പത്രം തുടങ്ങാ’മെന്നായിരുന്നു സഖാവിന്റെ പ്രതികരണം. ‘ജനയുഗം ‘അടക്കമുള്ള പാർട്ടി പ്രസിദ്ധീകരണങ്ങളുടെ പിന്നിൽ സഖാവിന്റെ ആത്മസമര്‍പ്പണത്തിന്‍റേയും, പോരാട്ടത്തിന്‍റേയും പിന്‍ബലമുണ്ടായിരുന്നു.
തൊഴിലാളിവർഗത്തിന്റെ പൊതുവായ ഐക്യം രൂപപ്പെടുത്തി ഭരണകൂട നയ വൈകല്യങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനും അത്തരം പോരാട്ടങ്ങളെ ജനകീയ സമരങ്ങളുമായി ബന്ധിപ്പിക്കാനും എം എൻ മുൻ നിരയിൽ നിന്നിരുന്നു. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിൽ സഖാവിന്റെ സംഭാവന വലുതാണ്. 1967-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുനലൂർ നിന്നും 1971-ൽ ചടയമംഗലത്തുനിന്നും സഖാവ് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
സി അച്യുതമേനോൻ മന്ത്രിസഭയിൽ കൃഷി, ഗതാഗതം, വൈദ്യുതി, ഭവനം എന്നീ വകുപ്പുകളുടെ ചുമതലയും സഖാവ് വഹിച്ചു. തല ചായ്ക്കാൻ ഇട മില്ലാത്ത കേരളത്തിലെ ലക്ഷക്കണക്കിന് മനുഷ്യർക്ക് വേണ്ടിയുള്ള ലക്ഷം വീട് പദ്ധതി യാഥാർത്ഥ്യമാക്കിയതും ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം നിർമിച്ച് ഇടുക്കി ജല വൈദ്യുത പദ്ധതി നടപ്പാക്കിയതും യന്ത്ര വത്കരണം നടപ്പിലാക്കി കാർഷിക മേഖലയിൽ വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതും ഭരണാധികാരിയെന്ന നിലയിലുള്ള സഖാവിന്റെ ദീർഘ വീക്ഷണമായിരുന്നു. ഇന്ത്യൻ ജനാധിപത്യം ഫാസിസ്റ്റ് ഭരണത്തിന് കീഴിൽ സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോൾ സഖാവ് എം എൻ ഗോവിന്ദൻ നായരുടെ രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്ന് നമുക്കേറെ ഊര്‍ജ്ജം സ്വീകരിക്കാനുണ്ട്.