താൻ കല്ലും മണ്ണും ചുമന്ന് പണി തീർത്ത നിയമസഭാ മന്ദിരത്തിൽ ഒരു എംഎൽഎ ആയി എത്തുക എന്നത് ഒരു ചരിത്ര നിയോഗമാവാം. ആ ചരിത്രത്തിന്റെ ഭാഗമാണ് സഖാവ് പി നാരായണൻ. വൈക്കത്തെ കർഷകത്തൊഴിലാളികളായിരുന്ന പണിക്കന്റെയും തങ്കമ്മയുടേയും അഞ്ച് മക്കളിൽ മൂത്തയാളായി ആയിരുന്നു നാരായണന്റെ ജനനം.
ചെറുപ്പം മുതലേ ദുരിതപൂർണ്ണമായ ജീവിതം. മാതാപിതാക്കൾക്കൊപ്പം പാടത്ത് പണിയെടുത്തായിരുന്നു കഴിഞ്ഞിരുന്നതെന്ന് പലപ്പോഴും അദ്ദേഹം പറയുമായിരുന്നു. എഐഎസ്എഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രവർത്തനം ആരംഭിക്കുന്നത്. രാജ്യസഭാംഗം സഖാവ് ബിനോയ് വിശ്വവും നാരായണനും ഒരേ കാലയളവിൽ വൈക്കം ബോയ്സ് ഹൈസ്ക്കൂളിൽ തങ്ങളുടെ പൊതു പ്രവർത്തനം ആരംഭിച്ചവരാണ്. അവിടെ നിന്നും പടിപടിയായി ഉയർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ സെക്രട്ടറി, മണ്ഡലം അസി. സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളിലേക്കുയർന്നു. ഒപ്പം വൈക്കം മുൻസിപ്പൽ കൗൺസിലർ, മുൻസിപ്പൽ വൈസ്. ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു.
ആ സമയത്താണ് സ.എം.കെ.കേശവന്റെ മരണത്തോടെ ഒഴിവുവന്ന നിയമസഭാ സീറ്റിലേക്ക് അദ്ദേഹം മത്സരിക്കുന്നതും വിജയിക്കുന്നതും. തുടർന്നു വന്നവർഷവും അദ്ദേഹം മത്സരിച്ച് എംഎൽഎ ആയി. എംഎൽഎ ആയതിന് ശേഷം അദ്ദേഹം തന്റെ പഴയ വെസ്പ സ്ക്കൂട്ടറിൽ നിന്നും ഫിയറോ ബൈക്കിലേക്ക് യാത്ര മാറ്റി. പലപ്പോഴും മണ്ഡലത്തിലും തിരുവനന്തപുരത്തേക്കുമുള്ള യാത്രകൾ നടത്തിയിരുന്നത് ബൈക്കിലായിരുന്നു. ഒരു അപകടം നടന്നതിന് ശേഷമാണ് അദ്ദേഹം ഒരു കാർ സ്വന്തമായി വാങ്ങുന്നത്.
അദ്ദേഹത്തിന്റെ സമയത്താണ് പൂർത്തീകരിക്കാതെ പോയ പല റോഡുകളും പാലങ്ങളും വൈക്കത്ത് യാഥാർത്ഥ്യമായത്.അതിൽ പ്രധാനമായിരുന്നു വൈക്കത്തേയും എറണാകുളത്തേയും തമ്മിൽ ബന്ധിപ്പിക്കുന്ന മുറിഞ്ഞപുഴ പാലം. പഴയപാലം അപകടാവസ്ഥയിലായ ഉടൻ അടിയന്തിരമായി അക്കാര്യത്തിലിടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ പാലം പണി പൂർത്തീകരിക്കാൻ കഴിഞ്ഞത് പോലും അദ്ദേഹത്തിന്റെ ഇടപെടൽ മൂലമായിരുന്നു. ധാരാളം പാലങ്ങൾ പണിതീർക്കുന്നതിന് സാധിച്ചതിനാൽ പി.നാരായണൻ എന്നത് ആളുകൾ ‘പാലം നാരായണൻ ‘ എന്നു പോലും വിളിച്ചിരുന്നു. വൈക്കത്തെ സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമായതും, കെഎസ്ആർടിസി ബസ് സ്റ്റേഷൻ പുനർ നവീകരണമുൾപ്പെടെ പുതിയ സർവ്വീസ് ആരംഭിച്ചതും,ബോട്ട് ജട്ടി നവീകരണവും ഇതിനെല്ലാമുപരി വൈക്കത്തിനു മാത്രമായി ഒരു കുടിവെള്ള പദ്ധതി വിഭാവനം ചെയ്യുവാനും, അതിന് തുടക്കം കുറിക്കുവാൻ കഴിഞ്ഞതും സഖാവിന്റെ പ്രയത്നഫലമാണ്. ഇതിനെല്ലാമുപരി വെച്ചൂരിലെ റൈസ് മിൽ യാഥാർത്ഥ്യമാക്കിയതും വൈക്കത്തെ ഫയർസ്റ്റേഷന്റെ ആരംഭം കുറിക്കുന്നതിലും സഖാവിന്റെ പങ്ക് ചെറുതല്ല.
എംഎൽഎ എന്ന പദവിക്കു ശേഷം തീരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ സ്ഥാനം വഹിച്ചു. അവിടെയും അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.ഒരു കാലത്ത് ക്ഷേത്ര വഴിയിലൂടെ പോലും സഞ്ചരിക്കാൻ സാധിക്കാതിരുന്ന സ്ഥാനത്ത് അദ്ദേഹത്തെ പൂർണ്ണ കുംഭം നൽകി സ്വീകരിക്കേണ്ടി വന്നത് കാലത്തിന്റെ നിയോഗമാവാം. രണ്ടു വർഷം ദേവസ്വം ബോർഡ് അംഗമായിരുന്ന സമയത്ത് കെട്ടുപോകുമായിരുന്ന പല ക്ഷേത്രങ്ങളേയും പുന:രുദ്ധീകരിക്കുവാൻ സാധിച്ചു. കടന്നു പോയ വഴികളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം ആയിരുന്നു സഖാവിന്റേത്. സഖാക്കളുടെയും, ജനങ്ങളുടേയും പ്രശ്നങ്ങൾ തന്റെതു കൂടിയായി കണ്ട്,പ്രസ്ഥാനത്തിനും ജനങ്ങൾക്കൊപ്പവും നിലകൊണ്ടു. എം.എൽ എ ആയിരിക്കുന്ന സമയത്ത് ഏതു പാതിരാത്രിയിലും ആർക്കും എപ്പോഴും അദ്ദേഹത്തെ കാണുവാനും ഫോൺ ചെയ്യുവാനും കഴിയുമായിരുന്നു. അദ്ദേഹത്തെ വിളിച്ചവർക്കാർക്കും ഒരിക്കലും നിരാശപ്പെടേണ്ടി വന്നിരുന്നില്ല. ഏതൊരു കാര്യത്തിലും അദ്ദേഹം ശക്തവും നിർഭയവുമായി ഇടപെട്ടിരുന്നു. പ്രിയ സഖാവിന്റെ അകാല നിര്യാണം പാർട്ടിക്കും, വൈക്കത്തിനും കനത്ത നഷ്ടം തന്നെയാണ്.
പ്രിയ സഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു..