പന്ന്യൻ രവീന്ദ്രൻ
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ധീരനായ നേതാവും സമാനതകളില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകനുമായ സഖാവ് വെളിയം ഭാര്‍ഗ്ഗവന്റെ ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് കടന്നുവരുന്ന ദിനമാണ്. സെപ്റ്റംബര്‍ 18, ഒരു പൊതു പ്രവര്‍ത്തകന്‍ എങ്ങനെ ആയിരക്കണമെന്ന് ജീവിതത്തിലൂടെ കാട്ടിത്തന്ന ത്യാഗധനനായിരുന്നു അദ്ദേഹം. ആശാന്‍ എന്ന വിളിപ്പേരില്‍ വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരും അദ്ദേഹത്തെ വിളിച്ചു. യാതനയുടെ നടുവില്‍ ജനിച്ച കൊച്ചു ബാലന്‍ പഠിത്തത്തില്‍ മിടുക്കനായിരുന്നു. എല്ലാവരും പഠിക്കാന്‍ പ്രോത്സാസാഹനം നല്‍കി. സംസ്‌കൃതവും നന്നായി പഠിച്ചു. തുടര്‍ന്ന് സന്യാസമെന്ന ചിന്ത അദ്ദേഹത്തെ ആശ്രമത്തില്‍ എത്തിച്ചു. വേദങ്ങളും. പുരാണങ്ങളും ഉപനിഷത്തുകളും ഹൃദിസ്ഥമാക്കിയ ആശാന് കാഷായ വസ്ത്രത്തിന്റെ സംശുദ്ധിയില്‍ കളങ്കം ചാര്‍ത്തുന്ന സംഭവങ്ങള്‍ക്കു മുന്നില്‍ മൂകസാക്ഷിയായിരിക്കാന്‍ കഴിഞ്ഞില്ല. ചോദ്യം ചെയ്തപ്പോള്‍ അഡ്ജസ്റ്റ് ചെയ്യണമെന്ന മറുപടിയായിരുന്നു. ഒടുവില്‍ ആശ്രമത്തോട് വിടപറഞ്ഞു.
തുടര്‍ന്നാണ് കൊല്ലം എസ് എന്‍ കോളേജില്‍ എത്തിയത്. അവിടെ ഒ എന്‍ വിയും, പുതുശ്ശേരിയും തിരുനെല്ലൂരും ഉള്‍പ്പെടെയാണ് സഹപാഠികള്‍.
സംസ്കൃതത്തിൽ ഉപാദ്ധ്യായ പരീക്ഷ പാസായ ഭാര്‍ഗ്ഗവന്‍ എല്ലാവരുടെയും കൂട്ടുകാരനായി.ബി എ ധനതത്വശാസ്ത്രമാണ് അവിടത്തെ പഠനം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ബാലപാഠമായ വിദ്യാര്‍ത്ഥിസംഘടനാ പ്രവർത്തനത്തിൽ പങ്കാളിയാകുന്നു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ആയി ഓഎന്‍വിയെ സ്പീക്കര്‍ സ്ഥാനത്തേക്കു നിര്‍ത്തി മത്സരിപ്പിച്ച് ജയിപ്പിക്കുന്നു. അന്ന് കൊല്ലം എസ് എന്‍ കോളേജ് ചുവന്നരാശിയുടെ വഴിയിലായിരുന്നു. കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് എ കെ ജിയെ കൊണ്ടുവന്നു പ്രസംഗിപ്പിക്കുവാന്‍ പറ്റിയില്ല. കാരണം, പരിപാടിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ എ കെ ജിയെ വിദ്യാര്‍ത്ഥി യോഗത്തില്‍ രഹസ്യമായി പങ്കെടുപ്പിച്ചു.
തുടര്‍ന്ന് ഹരീന്ദ്രനാഥ ചതോപാദ്ധ്യയെ പങ്കെടുപ്പിച്ചു. കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പഠനത്തോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തനത്തിലും പങ്കാളിയായി.വിദ്യാര്‍ത്ഥി പ്രവര്‍ത്തകർക്ക് ആദ്യം നല്‍കുന്ന വര്‍ക്ക് പത്ര വില്‍പ്പനയായിരുന്നു.വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പത്രാധിപരായ കേരളം എന്ന പത്രം വില്‍ക്കാനുള്ള ചുമതലയാണ് ആദ്യം നല്‍കിയത്. കേരളം കമ്മ്യൂണിസ്റ്റ് ഛായയുള്ള പത്രമായിരുന്നു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ജനകീയമാവുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം കണ്ടുകൊണ്ടാണ്. തിയറിയും പ്രത്യയശാസ്ത്രവും എല്ലാം ജനങ്ങളിലെത്തുന്നത് അവരുടെ പ്രവര്‍ത്തനത്തിലൂടെയാണ്. ഓരോ കമ്മ്യൂണിസ്റ്റ്‌കാരനെയും ജനങ്ങള്‍ നിരീക്ഷിക്കുകയും അവരുടെ
പ്രവര്‍ത്തനരീതിയെ കമ്മ്യൂണിസമായി കണക്കാക്കുകയും ചെയ്യുന്നു. അവര്‍ ചെയ്യുന്ന നന്മകളാണ് പാര്‍ട്ടിയുടെ യശസ് ഉയര്‍ത്തിപ്പിടിക്കുന്നത്.
അവര്‍ ചെയ്യൂന്ന തിന്മകള്‍ പാര്‍ട്ടിയെ ചീത്തയാക്കും. ഒരാള്‍ കമ്മ്യൂണിസ്റ്റ് ആവുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതം സമൂഹത്തില്‍ അര്‍പ്പിക്കണം.
സേവനങള്‍ക്ക് പ്രതിഫലം വാങ്ങരുത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ പോരാട്ടങ്ങളില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ നടത്തിയ പോരാട്ടം സാമൂഹ്യ മാറ്റത്തിന് വേണ്ടിയാണ്. അവര്‍ക്ക് വേണ്ടിയോ അവരുടെ കുടുംബത്തിന് വേണ്ടിയോ അല്ല.
സഖാവ് വെളിയം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളും പോരാളിയും സത്യസന്ധനും ഉന്നത മൂല്യങ്ങള്‍
ഉയര്‍ത്തിപ്പിടിച്ച മാതൃക കമ്മ്യൂണിസ്റ്റുമായിരുന്നു. 1957ല്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ജിംജര്‍ഗ്രൂപ്പിന്റെ തലവനായിരുന്നു അദ്ദേഹം. 57ലും 60ലും എംഎല്‍എ ആയിരുന്നു. തുടര്‍ന്ന് ഒരിക്കലും അധികാരരാഷ്ട്രീയം അദ്ദേഹം
സ്വീകരിച്ചില്ല.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി മുഴുവന്‍ സമയവും വിനിയോഗിച്ചു.കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേര്‍വഴികാട്ടാനുള്ള ചാലകശക്തിയായും മാര്‍ഗം തെറ്റുന്ന സന്ദര്‍ദത്തില്‍ നേരെ നയിക്കാനുള്ള തിരുത്തല്‍ ശക്തിയായും ആശാൻ പ്രവർത്തിച്ചു. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഏതറ്റം വരെ പോകാനും അദ്ദേഹം തയ്യാറായിരുന്നു. ഒരിക്കല്‍ രാജ്യസഭാസീറ്റിന്റെ കാര്യത്തില്‍ കടുത്ത വെല്ലൂവിളിയുയര്‍ത്താനും സീറ്റ് നേടിയെടുക്കാനും കഴിഞ്ഞു. സഖാവ് വി വി നോമിനേഷന്‍ കൊടുത്തു ചന്ദ്രൻപിള്ളയെ ജോലി രാജിവപ്പിച്ചു സ്ഥാനാർത്ഥി ആയി നിര്‍ത്തിയത് അവസാനം പിന്‍വലിക്കേണ്ടിവന്നു ആശാന്റെ ഭാഗം ശരിയാണെന്ന് ബോദ്ധ്യമായി. മറ്റൊന്ന് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ നാല് സീറ്റുള്ള പാര്‍ട്ടിയുടെ ഒരു സീറ്റ് കുറച്ച സംഭവം വയനാട് സീറ്റ് തിരികെ ലഭിച്ചു തീരുമാനമായി. മുന്നണിയെ ഒന്നിച്ചു കൊണ്ട് പോകുവാനും.അര്‍ഹതപ്പെട്ട് ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും ആശാന്‍ കര്‍ക്കശമായ നിലപാടെടുത്തിട്ടുണ്ട്. വിമര്‍ശനങ്ങള്‍ കടുത്തഭാഷയില്‍ പറഞ്ഞാലും എതിരാളികളോട് ശത്രുത ഒരിക്കലും കാണിക്കാറില്ല. ജീവിതത്തില്‍ കടുത്ത മര്‍ദ്ദനം പലപ്പോഴായി
അനുഭവിച്ചിട്ടുണ്ട്. ഒരിക്കല്‍ ട്രാൻസ്‌പോര്‍ട്ട് സമരകാലത്ത് മീശ പിഴുതെടുത്ത് പൊലീസുകാര്‍ ആശാനോട് രാഷ്ട്രീയ പ്രതികാരം കാണിച്ചു. അങ്ങനെ ചെയ്ത പോലിസ് ഉദ്യോഗസ്ഥനെ സർവ്വീസില്‍ നിന്നു പിരിച്ചു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അരുതെന്ന്
എഴുതിക്കൊടുത്തതും ആശാനാണ്.
അത് ചരിത്രരേഖയാണ്. ഒരു പരിഷ്കൃത സമൂഹമായി കേരളത്തെ മാറ്റിതീര്‍ത്തതില്‍ നവോത്ഥാന പ്രസ്ഥാനങ്ങളും പിന്നീട് കമ്മ്യൂണിസ്റ്റ്
പ്രസ്ഥാനവും നിര്‍ണായക പങ്കുവഹിച്ചു. ഈ പ്രവണതയെ പില്‍കാലത്ത് ശക്തിപ്പെടുത്താൻ യത്നിച്ച നേതാക്കളിൽ പ്രമുഖനായിരുന്നു വെളിയം. സിപിഐ സംസ്ഥാന കമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ പതിനാലുവര്‍ഷത്തേോളം പ്രവര്‍ത്തിച്ച അദ്ദേഹം ഈ കാലയളവിലും അതിന് ശേഷവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്താന്‍ കാട്ടിയ ജാഗ്രതാപൂര്‍ണവും അര്‍പ്പിതവുമായ ചുവടുവെപ്പുകള്‍ ഒരിക്കലും മറക്കാനാവാത്തതാണ്.
വേദസംഹിതകളെയും ഉപനിഷത്തുകളെയും പഠിച്ചു സന്യാസിയായി ജീവിതം തുടങ്ങിയ അദ്ദേഹം മനുഷ്യ സമൂഹത്തിന്റെ മാറ്റത്തിന് കമ്മ്യൂണിസമാണ് പോംവഴിയെന്ന് മനസിലാക്കിയാണ് വിദ്യാര്‍ത്ഥിയായിരിക്കെ കമ്മ്യൂണിസത്തിലേക്ക് കടന്നു വന്നത്. കാവിയുടുത്ത്
തലമുണ്ഡനം ചെയ്തു മൂന്നു വര്‍ഷത്തോളം സന്യാസിയായി അലഞ്ഞതിന്റെ അനുഭവങ്ങള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. സത്യസന്ധതയോടെയും ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയുമാണ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെ അദ്ദേഹം സേവിച്ചത്. ഏറ്റെടുക്കുന്ന ദൗത്യം കളങ്കമില്ലാതെ അര്‍പ്പണമാകണമെന്നതില്‍ നല്ല നിശ്ചയദർഢ്യമുണ്ടായിരുന്നു(പിണറാ
യി വിജയന്റെ അനുശോചനകുറിപ്പില്‍ നിന്ന് ). ജനകീയ പ്രശ്നങ്ങളില്‍ ശക്തമായ നിലപാടെടുക്കുന്ന ആശാന്‍ ആലോചിച്ചുറച്ച ന്യായമായ വിഷയങളില്‍ അവസാനഘട്ടം വരെ പൊരുതി വിജയം വരിക്കും. ആന്റണി മുഖ്യമന്ത്രി ആയിരിമ്പോള്‍ കറന്റ് ചാര്‍ജ് അന്യായമായി വര്‍ദ്ധിപ്പിച്ചു. പിന്‍വലിപ്പിക്കാന്‍ സമരത്തിലിറങ്ങാന്‍ എഐവൈഎഫ് സഖാക്കള്‍ക്ക് നിര്‍ദ്ദേശം കൊടുത്തതും സമരം വിജയത്തിലെത്തുന്നത് വരെ കൂടെ നി
ന്നതും ആശാനാണ്. ആശാന്‍ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആവേശരമായിരുന്നു. ആഹ്വാനം കൊടുക്കുന്നതിനല്ല അവസാനം വരെ കൂടെ നില്‍ക്കുന്ന കമ്മ്യൂണിസ്ററ് വിപ്ലവകാരിയാണ് അദ്ദേഹം.
രാഷ്ട്രീയ രംഗത്ത് കപട വേഷധാരികള്‍ കടന്നു വരുമ്പോള്‍ ജനമനസ്സകളില്‍ വിശ്വാസത്തിന്റെ ആള്‍ രൂപമായി മാറാന്‍ കമ്മ്യൂണിസ്റ്റ്‌കാര്‍ക്ക് കഴിയണം. ആശാന്‍ ജീവിച്ചു കാണിച്ച വിപ്പവകാരിയുടെ ജീവിതവഴി ജീവിതത്തില്‍ പകര്‍ത്തിവെക്കാന്‍ പൊതു പ്രവര്‍ത്തകര്‍ക്ക് കഴിയണം. എന്നും സഖാക്കള്‍ക്ക് തണലായി നിറഞ്ഞു നിന്ന വെളിയം ഭാര്‍ഗ്ഗവന്‍ എന്ന നമ്മുടെ ഹൃദയത്തില്‍ സൂക്ഷിച്ച ആശാന്റെ ഓര്‍മ്മകള്‍ പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാന്‍ എന്നും കരുത്തായിരിക്കും.