Saturday, March 15, 2025
spot_imgspot_img
HomeLatest Newsതുഷാർ ഗാന്ധിമാരുടെ ശബ്ദം ഇനിയും മുഴങ്ങും

തുഷാർ ഗാന്ധിമാരുടെ ശബ്ദം ഇനിയും മുഴങ്ങും

ടി ടി ജിസ്‌മോൻ
എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി

ഹിന്ദുത്വത്തെ അടിസ്ഥാനമാക്കിയുള്ള സങ്കീര്‍ണമായ രാഷ്ട്രീയം മുഖ മുദ്രയാക്കുന്ന ആർ എസ് എസ് വിമർശനങ്ങൾക്കും വിയോജിപ്പുകൾക്കുമെതിരെ ആശയ പരമായ പ്രതിരോധം സൃഷ്ടിക്കുന്നതിന് പകരം സ്വന്തമായി ആവിഷ്‌കരിച്ച തങ്ങളുടെ ആശയങ്ങളില്‍ അഭിരമിച്ച് കൊണ്ട് സമസ്ത വീക്ഷണങ്ങളെയും ഫാസിസ്റ്റ് ഭരണകൂട സമ്മർദ്ദങ്ങൾക്ക് വിധേയപ്പെടുത്താനാണ് എക്കാലവും ശ്രമിക്കാറുള്ളത്.

ദേശ സ്നേഹത്തിന്റെ പേരിൽ മറ്റുള്ളവരെ സംശയത്തോടെ വീക്ഷിക്കുന്നവർ ഭൂരിപക്ഷ മതവിശ്വാസത്തെ ദുരുപയോഗം ചെയ്ത് കൊണ്ട് അധികാരം നിലനിര്‍ത്താൻ ഇതരമതങ്ങളെയെല്ലാം രാഷ്ട്രത്തിന് അന്യവും ദ്രോഹകരവുമായ ഘടകങ്ങളായി അവതരിപ്പിക്കുകയും ചെയ്യൂന്നു.

എഴുത്തിനെയും പ്രഭാഷണങ്ങളെയും ജനാധിപത്യസംവാദങ്ങളെയും ഭയപ്പെടുന്നവർ ഹിന്ദുത്വ ദേശീയത പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരങ്ങളോട് യോജിക്കാത്ത മതവിഭാഗങ്ങളോട് മാത്രമല്ല തങ്ങളുടെ ഇംഗിതങ്ങളോട് വിയോജിക്കുന്ന മുഴുവന്‍ വ്യക്തികളോടും സമൂഹങ്ങളോടും അസഹ്യമായ അസഹിഷ്ണുതയാണ് പുലര്‍ത്താറുള്ളത്.

ഒരു മതത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള രാഷ്ട്രം നിർവ്വചിക്കപ്പെടുന്നവരുടെ കാഴ്ചപ്പാടിൽ ദേശക്കൂറും ദേശഭക്തിയും അന്യമതവിദ്വേഷത്തിലൂന്നിയ വിഭാഗീയവികാരങ്ങളാകുന്നു. സംഘ് പരിവാറിനെ തികഞ്ഞ ദൈവിക പദ്ധതിയായി വിലയിരുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആർ എസ് എസ് താത്വികാചാര്യൻ ഗോള്‍വാള്‍ക്കര്‍ മനുവിന്റെ മത്സ്യത്തോടാണ് അതിനെ ഉപമിച്ചത്.

കരയ്ക്ക് വീണുപിടയുന്ന മത്സ്യത്തെ മനു കുടത്തിലെ വെള്ളത്തിലിട്ടപ്പോൾ പൊടുന്നനെ അത് വലുതാവുകയും ശേഷം കുളത്തിലും . നദിയിലും സമുദ്രത്തിലും സമാന രീതിയിലുള്ള വളർച്ച മത്സ്യത്തിനുണ്ടാവുകയും ലോകാവസാനമായപ്പോള്‍ മനു മത്സ്യത്തിന്റെ മുതുകില്‍ കയറി രക്ഷപ്പെടുകയും ചെയ്തത് പോലെ സംഘ്പരിവാര്‍ ഹിന്ദുസമൂഹത്തെയാകമാനം രക്ഷിക്കുമെന്നാണ് അദ്ദേഹം പ്രബോധിപ്പിച്ചത്. ദൈവം കലിയുഗത്തില്‍ സംഘടനാ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ് സംഘ്പരിവാര്‍ എന്ന് ഗോള്‍ വാള്‍ക്കര്‍ പറയുന്നു.

സംഘ പരിവാറില്‍ ചേരുന്നതിനെ രണ്ടാം ജന്മമായി വിശേഷിപ്പിക്കുന്ന അദ്ദേഹം മൃഗത്തില്‍നിന്ന് മനുഷ്യനാകുന്നതോടെ ‘ദ്വിജന്‍’ ആകുന്നതിന് തുല്യമാണ് ഒരാളുടെ സംഘ് പരിവാറിലേക്കുള്ള പ്രവേശനം എന്നും സമർത്ഥിക്കുന്നു. ‘ദ്വിജന്‍’ എന്ന പദത്തിന് ‘രണ്ടാം ജന്മം’ എന്നും ‘ബ്രാഹ്മണന്‍’ എന്നും അർഥമുണ്ട്.

ബ്രാഹ്മണത്വം സംഘിന്റെ പ്രചോദനവും ക്ഷത്രിയത്വം അതിന്റെ പോരാട്ടതന്ത്രവുമാണെന്നും ഗോള്‍ വാള്‍ക്കര്‍ അടിയുറച്ചു വിശ്വസിച്ചു. മഹാത്മാഗാന്ധി – ശ്രീനാരായണ ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാർഷികത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞ ആർ എസ് എസ് നടപടി ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ വേട്ടയാടുകയോ പ്രകോപിപ്പിക്കുകയോ ആക്രമിക്കുകയോ ചിലപ്പോൾ കൊലപ്പെടുത്തുകയോ ചെയ്യുക എന്ന ആർ എസ് എസിന്റെ എക്കാലത്തെയും പ്രഖ്യാപിത നയത്തിന്റെ ഭാഗമാണ്.

നെയ്യാറ്റിൻകരയിൽ ടിബി ജങ്ഷനിൽ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്ത്‌ മടങ്ങവെയാണ് കഴിഞ്ഞ ദിവസം തുഷാർ ഗാന്ധിക്കെതിരെ ആർ എസ് എസ് പ്രവർത്തകർ സംഘടിച്ചെത്തി പ്രകോപനം സൃഷ്ടിച്ചത്. രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ ബാധിച്ചിരിക്കുകയാണെന്നും ക്യാൻസർ പടർത്തുന്നത് സംഘ് പരിവാർ ആണെന്നുമുള്ള തുഷാർ ഗാന്ധിയുടെ പരാമർശമാണ് ആർ എസ് എസിനെ പ്രകോപിപ്പിച്ചത്.

ആർ എസ് എസിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കുന്നതിനായി ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിന് ‘വിചാരധാര’യിലൂടെ അവർ മുന്നോട്ടുവെക്കുന്ന വെറുപ്പിന്റെയും ന്യൂനപക്ഷവിരുദ്ധതയുടെയും പ്രത്യയശാസ്ത്ര നിലപാടുകൾ തുറന്നെതിർക്കുന്നത് കൊണ്ട് തന്നെ തുഷാർ ഗാന്ധി അവരുടെ കണ്ണിലെ കരടായിരുന്നു.

2013ൽ ഇന്ത്യൻ പാർലമെന്റിലെ സെൻട്രൽ ഹാളിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിത്രത്തിന് എതിർഭാഗത്ത് തത്തുല്യമായ പ്രാധാന്യത്തോടെ ഗാന്ധി ഘാതകന്റെ ചിത്രം സ്ഥാപിച്ചവർക്ക് ഗാന്ധിയുടെ പൗത്രൻ അനഭിമതനാകുന്നത് സ്വാഭാവികവുമാണല്ലോ. തുഷാർ ഗാന്ധിയെ പോലുള്ളവർ ആർ എസ് എസിനെതിരെ വിമർശനം ഉന്നയിക്കാൻ ഇടയായ രാഷ്ട്രീയ സാഹചര്യം നമുക്കറിയാം.

ഇന്ത്യ യഥാർത്ഥ സ്വാതന്ത്ര്യം നേടിയത് രാമക്ഷേത്രം ദർശനത്തിനായി തുറന്ന 2024 ജനുവരി 22നായിരുന്നുവെന്ന് ഒന്നാം വാർഷിക വേളയിൽ അഭിപ്രായപ്പെട്ട ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ആ ദിവസം ‘പ്രതിഷ്ഠാ ദ്വാദശി’ എന്ന പേരിൽ ആചരിക്കണമെന്നും പ്രഖ്യാപിച്ചിരുന്നു.

അത് പോലെ തന്നെ ലൗജിഹാദും മീറ്റ്ജിഹാദുമാരോപിച്ച് ഇസ്ലാം മത വിശ്വാസികളെ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ ഘർവാപസിയുടെ പേരിലാണ് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പടർത്തുന്നത് സംഘ് പരിവാർ. വംശഹത്യാ പദ്ധതി നടപ്പിൽ വരുത്താൻ പ്രത്യേകമായി രൂപപ്പെടുത്തിയെടുത്ത സംഘടനകളെ ഉപയോഗിച്ച ശേഷം അണിയറക്ക് പിന്നിൽ സമർത്ഥമായി ഒളിഞ്ഞിരിക്കുന്ന കൗശല ബുദ്ധിയും ഇവർക്കുണ്ട്.

മാലേഗാവിലും മക്കാ മസ്ജിദിലും അജ്മീർ ഷറീഫിലും സംജോത്ധ എക്സ്പ്രസിലും അഭിനവ് ഭാരതിനെ ഉപയോഗിച്ച് സ്ഫോടനം നടത്തിയതും ഗോവിന്ദ് പൻസാരയെയും നരേന്ദ്ര ധാബോൽക്കറേയും പ്രൊഫസർ എം എം കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും സനാതൻ സൻസ്തയെ ഉപയോഗിച്ച് കൊലപ്പെടുത്തുകയും ചെയ്തതും ഏതാനും ചില ഉദാഹരണങ്ങൾ മാത്രം.

വിഘടന വാദികളെ കൂട്ട് പിടിച്ച് മത വിഭാഗങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുന്ന വിധത്തിൽ ബ്രിട്ടീഷുകാർ തങ്ങളുടെ കാലയളവിൽ ചെയ്തതിന് സമാനമായ ഭരണഘടനാ പരിഷ്കാരങ്ങളാണ് രാജ്യത്ത് ഭരണ കാലയളവിൽ സംഘ് പരിവാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന് കാണാൻ കഴിയും. അത്മിക അനുഷ്ഠാനങ്ങൾ ജനങ്ങളെ വർഗീയവത്കരിക്കുന്നതിനായി അവർ നിരന്തരം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇത്തരം ആചാരാനുഷ്ഠാന വേളകളിൽ ബോധപൂർവ്വം വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുകയും പലപ്പോഴും അത് ആക്രമണ സംഭവങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്തതിന്റെ നിരവധി ചരിത്രങ്ങൾ നമുക്ക് മുന്നിലുണ്ട്.

ഹിന്ദുത്വമെന്ന പ്രത്യയ ശാസ്ത്രവും അതിന്റെ സൈദ്ധാന്തിക അഭ്യസനങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധമാകാതിരിക്കാൻ ആർ എസ് എസ് എന്നും ശ്രമിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഗോൾവാൾക്കർ ആർ എസ് എസ് പ്രവർത്തകർക്ക് നൽകിയ ഉപദേശത്തിലൂടെ സ്വാതന്ത്ര്യ സമരത്തോടുള്ള അവരുടെ നിഷേധാത്മക സമീപനം നമുക്ക് വ്യക്തമാകുന്നുണ്ട്.

“1942ലും പലരുടെയും മനസില്‍ കടുത്ത വികാരമുണ്ടായിരുന്നു. ആ കാലയളവിലും സംഘത്തിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുപോന്നു. സംഘം നേരിട്ടൊന്നും പറഞ്ഞില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതുകയെന്നത് കാര്യപരിപാടിയുടെ ഭാഗമല്ലെന്ന് ആര്‍എസ്എസ് തത്വസംഹിത വ്യക്തമായിത്തന്നെ പറയുന്നുണ്ട്. മതത്തെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നാണ് നമ്മുടെ പ്രതിജ്ഞയില്‍ പറയുന്നത്. ബ്രിട്ടീഷുകാര്‍ ഇവിടംവിട്ട് പോകുന്നതിനെക്കുറിച്ച് അതില്‍ ഒരു പരാമര്‍ശവുമില്ല എന്നകാര്യം നമ്മള്‍ ഓര്‍ക്കണം.”(ശ്രീ ഗുരുജി സമഗ്ര ദര്‍ശന്‍ വാല്യം 4, പേജ് 40).

‘സവർക്കറും ഹിന്ദുത്വവും’ എന്ന കൃതിയിൽ ഭരണഘടനാ വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജി.നൂറാണി സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടുള്ള ആർഎസ്എസിന്റെ വിപ്രതിപത്തിയെ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. “സവർക്കറുടെ വീക്ഷണത്തിൽ ഈ ഭൂമിയിൽ ഇന്ത്യ എന്നുപേരുള്ള ചെറിയ ഇടത്തിന്റെ സ്വാതന്ത്ര്യമല്ല ഹിന്ദുക്കളുടെ സ്വരാജ്. ഹിന്ദുത്വം സംരക്ഷിക്കപ്പെടുന്നതാണ് ഹിന്ദുസ്ഥാനത്തിന്റെ സ്വാതന്ത്ര്യം. ഹിന്ദുക്കളുടെ മതപരവും വംശീയവും സാംസ്കാരികവുമായ സ്വത്വമാണ് ഹിന്ദുത്വം. ആ സ്വത്വം എവിടെയാണോ ദൃഢമായിരിക്കുന്നത് അവിടെയാണ് ഹിന്ദുക്കളുടെ സ്വരാജ്. അവിടെ ഇന്ത്യയുടെ അതിർത്തിക്കുള്ളിലോ വെളിയിലോ ഉള്ള അഹിന്ദുക്കളുടെ അമിതഭാരം ഉണ്ടാവുകയില്ല”
തീർന്നില്ല, സ്വാതന്ത്ര്യ സമര കാലത്ത് ജയിൽ വാസം അനുഭവിച്ചവരെ പരാമർശിക്കുന്നതിനിടയിൽ ജയിലിൽ പോകുന്നതുമാത്രമല്ല ദേശസ്നേഹമെന്നും ഉപരിപ്ലവമായ ഇത്തരം കാര്യങ്ങൾ ദേശസ്നേഹത്താൽ സ്വാധീനിക്കപ്പെടുന്നത് ശരിയല്ലെന്നും പ്രസ്ഥാവിച്ചത് ഹെഡ്ഗേവാറായിരുന്നു.

ഇന്ത്യയെന്നാല്‍ ഹിന്ദുത്വയും ഹിന്ദുത്വയെന്നാല്‍ ഇന്ത്യയാണെന്ന് പ്രസംഗിച്ചു നടക്കുന്നവരുടെ കപട രാഷ്ട്രീയത്തിൻ്റെ മുഖം മൂടിയാണിവിടെ അഴിഞ്ഞു വീഴുന്നത്. ഇത്തരം കാപട്യങ്ങൾ തന്നെയാണ് സംഘ് പരിവാറിനെ രാജ്യത്തിന്റെ ആത്മാവിന് ക്യാൻസർ പടർത്തുന്നവർ എന്ന് വിശേഷിപ്പിക്കാൻ തുഷാർ ഗാന്ധിയെ പ്രേരിപ്പിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ജനാധിപത്യ – മതനിരപേക്ഷ സംസ്കാരത്തിനുമെതിരെ ആർ എസ് എസ് നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കം അനുവദിക്കാൻ കഴിയില്ല.

തുഷാർ ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസം നെയ്യാറ്റിൻ കരയിൽ അഴിച്ചു വിട്ട ആക്രമണം മാനവിക വിരുദ്ധവും ജനാധിപത്യ ധ്വംസനങ്ങൾ അടിസ്ഥാനമാക്കി നില കൊള്ളുന്നതുമായ ഫാസിസ്റ്റ് സംഘടനയുടെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിപ്പെടുത്തുന്നത്. തന്നെ തടഞ്ഞ ബിജെപി – ആർഎസ്എസ് പ്രവർത്തകർക്കെതിരെ തുഷാർ ഗാന്ധി മുഴക്കിയ ‘ആർഎസ്എസ് മൂർദ്ദാബാദ്’ എന്ന മുദ്രാവാക്യം ജനാധിപത്യ ഇന്ത്യയുടെ മൊത്തം പ്രതികരണമാണ്. വർഗീയവികാരം നിരന്തരം ആളിക്കത്തിച്ച് ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാൻ ലഭ്യമായ ഭരണാധികാരത്തെ ദുരുപയോഗം ചെയ്യുമ്പോൾ തുഷാർ ഗാന്ധിമാരുടെ ശബ്ദം ഇനിയും രാജ്യത്താകമാനം മുഴങ്ങുക തന്നെ ചെയ്യും.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares