കെ വി എസ് നെല്ലുവായ് എഴുതിയ ” ട്രാക്കിൽ വീണുപോയ കവിതകൾ” എന്ന പ്രഥമ കവിതാ സമാഹാരത്തിന് പ്രശസ്ത ചിത്രകാരനും നോവലിസ്റ്റും സാഹിത്യഅക്കാദമി മുൻ അവാർഡ് ജേതാവുമായ ശ്രീ. ഗായത്രി എഴുതിയ പഠനം.
പുസ്തകം: ട്രാക്കിൽ വീണുപോയ കവിതകൾ
പഠനം: ഗായത്രി
മനുഷ്യന്റെ ചരിത്രമെന്നത് നാഗരികതയിലേക്കുളള അവന്റെ കുതിപ്പിന്റെ ചരിത്രം കൂടിയാണ്. പ്രാകൃതമനുഷ്യനില്‍ ജന്യമായിരുന്ന നാഗരികാഭിവാഞ്ച ഒരിക്കലും കെട്ടടങ്ങാത്ത ഒരു മൃഗതൃഷ്ണയാണെന്ന് വേണം നരവംശശാസ്ത്രപാഠങ്ങള്‍ നല്കുന്ന വസ്തുതകളില്‍നിന്ന് മനസ്സിലാക്കാന്‍. ഗ്രാമങ്ങളെ നഗരവല്‍ക്കരിക്കുന്നതില്‍ അവന് ദത്തശ്രദ്ധനായിരുന്നു. കാലമേറെ കഴിഞ്ഞപ്പോള്‍ സുഖസൗകര്യങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലെത്തിയ നഗരങ്ങളിലേക്ക് മനുഷ്യര്‍ കൂട്ട പലായനങ്ങള്‍ ആരംഭിച്ചു. പുതിയകാല മാനവചരിതത്തില് കുടിയേറ്റങ്ങള്‍ക്ക് അനിഷേധ്യമായ പ്രസക്തി കൈവന്നു. മനുഷ്യര്‍ തിങ്ങി ഞെരുങ്ങി ജീവിക്കുകയും പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും പ്രയാസപ്പെടുകയും ചെയ്യുമ്പോഴും ഇന്നും നഗരങ്ങളിലേക്കുളള മനുഷ്യപ്രവാഹത്തിന് കുറവില്ല. തോട്ടികള്‍ മുതല്‍ ശാസ്ത്രജ്ഞര്‍ വരെ അക്കൂട്ടത്തിലുണ്ട്. തിരക്കാര്‍ന്ന നഗരത്തിലെ ഗതാഗതക്കുരുക്കില്‍ ശ്വാസം മുട്ടുമ്പോഴും പെരുവിരലില്‍ ഏന്തിക്കുത്തിനിന്ന് ഓരോ കവിള് ജീവവായുവും വലിച്ചെടുക്കാന്‍ പാടുപെടുന്ന മനുഷ്യരുടെ വിചിത്ര ചിത്രങ്ങളാവിഷ്കരിക്കാനുളള തീവ്രയജ്ഞമാണ് കെ.വി.എസ്. നെല്ലുവായിയുടെ കവിതകള്‍. എല്ലുന്തി, കവിളൊട്ടി, പട്ടിണിക്കോലങ്ങളായി കഴിയുന്ന പാവപ്പെട്ടവനും സ്വപ്നങ്ങളുടെ വലിയ ആകാശം നെയ്തുവക്കുന്ന നഗരം ഒരു അത്ഭുത പ്രതിഭാസമാണ്. നീണ്ട കാലത്തെ നഗരജീവിതാനുഭവങ്ങളില്‍ ഉരഞ്ഞു തേഞ്ഞുപോയ സഹജസ്വപ്നങ്ങളെ വീണ്ടെടുക്കാനുളള കവിയുടെ നിലക്കാത്ത സഞ്ചാരമാണ് ഈ കവിതകള്‍.
”ഒരിക്കല്‍ നിന്നെ, കൊത്തിയെടുത്ത് ഞാന്‍ പറക്കും, ആകാശത്തിലെ രണ്ട് വലിയ, നക്ഷത്രങ്ങളില്‍ ഊഞ്ഞാല് കെട്ടി, അതിലിരുത്തിയാട്ടും….” (നക്ഷത്രക്കൊമ്പിലൊരൂഞ്ഞാല്) എന്ന് കവി നിസ്സങ്കോചം പ്രത്യാശപ്പെടുന്നതും അതുകൊണ്ടാണ്. ബിരുദാന്തരം തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരു തുടര്പ്രവണതയുടെ പിന്തുടര്ച്ചപോലെ ജോലിതേടി നഗരത്തിലേക്ക് ചേക്കേറി മൂന്നു പതിറ്റാണ്ടുകള്‍ അവിടെ ജീവിക്കേണ്ടി വന്ന ഒരാളുടെ നിരാശയും സ്വപ്നശൈഥില്യങ്ങളും സവിശേഷമായി പരാമര്‍ശിക്കാതെതന്നെ ഈ കവിതകളില്‍ പ്രത്യക്ഷമാണ്. അതെ സമയം അവയുടെ വീണ്ടെടുക്കലിന്റെ ആന്തരിക ചോദനകളുടെ അവിരാമമായ ഖനനങ്ങള്‍ കൂടിയാണ് ഈ കവിതകള്‍. ” ഹൃദയത്തിന്റെ താക്കോല്‍ക്കൂട്ടം, എവിടെയാണ് കാണാതെ പോയത് ” ( പ്രണയം) എന്ന കവിയുടെ തന്നോടു തന്നെയുളള ചോദ്യത്തില്‍ വ്യഥകളെല്ലാം വ്യക്തമാണ്.
ആള്‍ക്കൂട്ടങ്ങളുടെ ആരവമാണ് നഗരത്തിന്റെ പശ്ചാത്തല സംഗീതം. അതില്‍ ചുടുനിശ്വാസങ്ങളും, തേങ്ങിക്കരച്ചിലുകളും, അലര്‍ച്ചയും കൂട്ടനിലവിളികളും, പിറന്ന് വീഴുന്ന കുഞ്ഞിന്റെ ആദ്യനിലവിളിയും, അവസാനശ്വാസത്തിന്റെ കുറുകലും, പുഞ്ചിരിയിലെ കേള്‍ക്കാത്ത മര്‍മ്മരവും , കൂട്ടച്ചിരികളും, അട്ടഹാസങ്ങളും, ആത്മപ്രശംസകളുടെ ചിലമ്പൊലിയും, ആഘോഷങ്ങളിലെ കോലാഹലങ്ങളും, ശാന്തിദൂതുകളുടെ ആമന്ത്രണങ്ങളുമുണ്ടാകും. അവക്കിടയില്‍ ഒന്നും വ്യതിരിക്തമോ വ്യക്തമോ അല്ല. അനിര്‍വചനീയമായ ആ ആരവത്തിന്റെ അല എപ്പോഴും ഒരു ചൂളം വിളിപോലെ ചെവിയില്‍ പതിച്ചു കൊണ്ടിരിക്കും. കാഴ്ചകളേക്കാള്‍ കേള്വികളില് കേന്ദ്രിതമാണ് നഗരം. മുംബൈ നഗരത്തെ പരസ്പരം ബന്ധിപ്പിക്കുന്ന ലോക്കല്‍ ട്രെയിനുകള്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും യാത്രചെയ്തവര്‍ക്ക് മറക്കാനാവാത്തതാണ്. അവ നഗരജീവിതത്തിന്റെ ഒരു പൊളളുന്ന ചിത്രമാണ്. എത്രയൊ മനുഷ്യജീവിതങ്ങള്‍ അനിയന്ത്രിതമായ യാത്രാതിരക്കില്‍ പാളങ്ങളിലേക്ക് തെന്നി വീണ് പൊലിഞ്ഞു പോയിരിക്കുന്നു. അപ്പോഴും മരിച്ചവനെ ഉപേക്ഷിച്ച് അവ മുന്നോട്ട് കുതിച്ചു. ജീവന് ഉപേക്ഷിക്കേണ്ടിവന്നവരേക്കള് ആയിരം മടങ്ങാണ് പാളങ്ങളില്‍ കളഞ്ഞുപോയ സ്വപ്നങ്ങള്‍ തേടുന്നവര്‍. ” ട്രാക്കില്‍ വീണുപോയ കവിതകള്‍ ” എന്ന സമാഹാരത്തിന്റെ പേരുളള കവിതയില്‍ ഈ കവിയുടെ കവിതകളുടെ സര്‍വ്വ ജൈവിക ചമത്കാരങ്ങളും ചേര്‍ന്നിരിക്കുന്നു.
നഗരത്തെ പല വിശേഷണങ്ങള്‍കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട് ലോകം മുഴുവനുമുളള എഴുത്തകാര്ക്കൊപ്പം മലയാളത്തിലെ എഴുത്തുകാരും. ഇത്രമേല്‍ ചമത്കാരങ്ങള്‍ക്ക് വിധേയമായിട്ടും നഗരവിശേഷങ്ങള്ക്ക് അന്ത്യമാവുന്നില്ല. അത് കാലത്തിന്റെ പരിണാമഗതികള്ക്കൊപ്പം മാറ്റത്തിന് വിധേയമാവുകയാണ്. കവി കടന്ന് വന്ന മൂന്ന് പതിറ്റാണ്ട് മുമ്പുളള മഹാനഗരമല്ല ഇന്നുളളത്. എല്ലാ തലത്തിലും തരത്തിലും നഗരം മാറിയിട്ടുണ്ട്. എന്നാല്‍ അനുദിനം വര്‍ദ്ധിക്കുന്ന തിക്കിനും തിരക്കിനും മാത്രം മാറ്റമില്ല. ചേരികളിലെ ചാലയില്‍ ഒരു കക്കൂസ് മുറിയുടെ വലിപ്പമുളള വൃത്തിയില്ലാത്ത ഒറ്റ മുറിയില്‍ നാലും അഞ്ചും അംഗങ്ങളുളള കുടുംബങ്ങള്‍ ജീവിക്കുന്ന അത്ഭുതനഗരമാണ് മുംബൈ. നഗരത്തിലെ സ്വന്തമായ വീട് എന്ന സ്വര്‍ഗീയ സങ്കല്‍പ്പം അവരില്‍ അപ്പോഴും ദീപ്തമായ സ്വപ്നമായി നിലനില്ക്കുന്നു. അവരുടെ മക്കള്‍ വളരുന്ന അന്തരീക്ഷം നഗരം അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നല്കുന്ന ഔദാര്യമാണ്. അത്തരം ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ജീവിക്കുന്ന നഗരം കൂടിയാണ് മുംബൈ. അവിടെ ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ നിത്യവും മരണപ്പാച്ചില്‍ നടത്തുന്നവരില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാരുമുണ്ട്. അവര്‍ക്കെല്ലാം ട്രാക്കില്‍ വീണു പോയ ജീവിതവുമുണ്ട്. കവി ഇവിടെ ദ്യോതിപ്പിക്കുന്നത് കേവലം ഭാഷയില്‍ പിറവി കൊളളുന്ന കവിതയെയല്ല. അനുഭവങ്ങളുടെ പാചകപ്പുരയില്‍ വേവുന്ന നിരാശയുടെ, നിരാലംബതയുടെ, സ്വപ്നനഷ്ടങ്ങളുടെ, മതിഭ്രമങ്ങളുടെ, എല്ലാം കൈവിട്ടുപോകുന്ന നിരാശ്രയതയുടെ, മിഥ്യാബോധങ്ങളുടെയെല്ലാം കൂട്ടുകവിതകളാണ്. ഇൗറ്റിയിറുമ്പി സ്വരുക്കൂട്ടിയെതെല്ലാം രോഗം തട്ടിയെടുക്കുമ്പോള്‍ ആയുസ്സ് തീര്‍ന്നു പോയല്ലൊ എന്ന് വേവലാതിപ്പെടുന്നവന് ട്രാക്കില്‍ നഷ്ടപ്പെടുന്നത് അഭിലാഷങ്ങളുടെ പണി പൂര്‍ത്തിയാകാത്ത സ്വപ്നങ്ങളാണ്. നഗരമങ്ങനെ സര്വ്വദംഷ്ട്രകളും പുറത്തു കാട്ടി ബീഭത്സരൂപിയായി വിളയാടുമ്പോള്‍ നിസ്വരായി നില്ക്കുന്ന മനുഷ്യരുടെ നിസ്സാര ജീവിതമാണ് ഈ കൃതികളില്‍ കവി കുറിച്ചു വക്കുന്നത്.
അതേ സമയം നഗരം അത്രമേല്‍ തിന്മകൊണ്ട് മൂടിയതാണൊയെന്ന സംശയം കവിക്കുണ്ട്. തന്നെപ്പോലെ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമായി വന്നു ചേര്‍ന്ന ലക്ഷക്കണക്കായ മനുഷ്യരെ തന്നില്‍ ഉള്ചേര്ത്തിനിര്ത്തി ജീവിക്കാന്‍ അവസരം നല്കിയതും ഇതേ നഗരമല്ലേ. നിത്യദരിദ്രരുളളതുപോലെ കോടീശ്വരന്മാരുമായില്ലെ ഇക്കൂട്ടരില്‍ പലരും. പരസ്പരാശ്രിത സമൂഹമായി വര്‍ത്തിക്കുമ്പോഴും നഗരം അപരവല്‍ക്കരണത്തിലൂന്നിയ സാമുഹിക വ്യവഹാരത്തെയാണ് കൊണ്ടാടുന്നത്. അതുകൊണ്ട് തന്നെ സ്വത്വപരമായ നില്‍നില്‍പ്പ് വ്യക്തിഗതമായി സൂക്ഷിക്കുക പ്രയാസമാണ്. അപ്പോഴും പരസ്പരം മനുഷ്യവിഭവശേഷി മൂല്യവ്യവസ്ഥയില്‍ പങ്കുവെക്കാതെ നഗരത്തിനും നിലനില്‍ക്കാനാകില്ലെന്നതാണ് ഒരു സമൂഹമായി അവിടെ മനഷ്യര്‍ക്ക് ജീവിക്കാനുളള സാദ്ധ്യത തുറക്കുന്നത്. നഗരത്തെ കൃത്യമായി അറിഞ്ഞ് പ്രവര്ത്തിക്കാനാവാത്തവര് വീണുപോകുന്ന ഒരു ഓട്ടമത്സരമാണ് നഗരജീവിതം.അതിന് കരുത്ത് മാത്രം പോര, ദീര്‍ഘവീക്ഷണം, പ്രവര്‍ത്തന മികവ്, അര്‍പ്പണബുദ്ധി, കൗശലം, പിന്നെ ഒരല്‍പ്പം ഭാഗ്യവും. എല്ലാ സൗഭാഗ്യങ്ങളും നല്‍കിയതിന് ശേഷം അവയെല്ലാം നിഷ്കരുണം തിരിച്ചെടുക്കുന്ന ക്രൂരതകളും നഗരം ധാരാളം കണ്ടിട്ടുണ്ട്. ” പൈലറ്റ് ” എന്ന രചന നോക്കു. നമ്മുടെ യാത്രകള്‍ ലക്ഷ്യവേധ്യമാവണമെന്ന് സൂചന നല്കുന്ന കവിത. ” ……എല്ലാം പൈലറ്റിന്റെ കൈയ്യിലാണ്, ആകാശച്ചുഴലികളെ, കൂറ്റന്‍ പക്ഷികളെ, അകത്തെ വായുമര്‍ദ്ദവും അന്തരീക്ഷമര്‍ദ്ദവും തമ്മിലുളള, അനുപാതം നിലനിര്‍ത്തലും, എല്ലാം പരിധിയില്‍ വരും, എങ്ങനെയൊക്കെയാണെങ്കിലും, പൈലറ്റിന് ഒരൊറ്റ ചിന്തയാവും, ഏത് പ്രതിസന്ധികളെയും, മറി കടന്ന് ലക്ഷ്യത്തില്‍ ലാന്‍ഡ് ചെയ്യണം എന്ന ഒരൊറ്റ വിചാരം മാത്രം. ” .
നഗരജീവിതം ഒരു വ്യോമയാനംതന്നെയാണെന്ന് കവിക്ക് തോന്നുന്നു. ഇതിനോട് ചേര്‍ത്തു വായിക്കാവുന്ന ഒരു കവിതയാണ് ” സെല്‍ഫി ” പുതിയ കാലത്ത് വ്യാപകമായി പ്രചാരം നേടിയ ഒരു വാക്കാണ്. സെല്‍ഫി. മുമ്പൊക്കെ ഒരു ക്യാമറയുമായി നാടു ചുറ്റുന്നവന്‍ അന്യരെയും അന്യവസ്തുക്കളെയുമാണ് ചിത്രീകരിച്ചിരുന്നത്. അവനവനെ പകര്‍ത്താന്‍ പാകത്തില്‍ അന്നൊന്നും ക്യാമറകള്‍ ധാരാളമായി കിട്ടിയിരുന്നില്ല. അത്തരം ഫോട്ടോകള്‍ കാണുന്ന കാഴ്ച്ചക്കാരന് ഫോട്ടോഗ്രാഫറെ കണ്ടിരുന്നത് മറ്റൊരാള്‍ അയാളെ പകര്‍ത്തിയ ഫ്രെയിമില്കൂടിയായിരുന്നു. ഇന്ന് കഥമാറി അവനവനെയാണ് നാം ഏറ്റവുമധികം പകര്‍ത്തുന്നത്. സ്വത്വത്തിന്റെ ഇടുങ്ങിയ വേലിപ്പഴുതുകളിലൂടെ നുഴഞ്ഞുകയറുയാണ് നാം. കവി പറയുന്നത് കേള്‍ക്കൂ.” എത്രയൊക്കെ ടെന്‍ഷനുണ്ടെങ്കിലും, ചിരിച്ചു തന്നെ പോസ് ചെയ്യണം, സെല്‍ഫിയെടുക്കുമ്പോള്‍, കണ്ണുകള്‍ മുകളിലേക്കുരുട്ടി, പുരികങ്ങള്‍ ചുളിച്ച്, ചിറികോട്ടി, തല ചെരിച്ച്, പോസ് ചെയ്യണം, പണ്ടത്തെപ്പോലെ ആരും, സ്മൈല്‍ പ്ല്ീസ് എന്നൊന്നും, പറയുമെന്ന് കരുതണ്ട. ”. ” സൗഹൃദപര്വ്വം ” എന്ന സാമാന്യം നീണ്ട കവിതയില്‍ നഗരത്തിന്റെ ഒടുങ്ങാത്ത തിരക്കിലും തമ്മില്‍ ഇടപഴകിക്കഴിയാന് മനുഷ്യര്‍ സന്നദ്ധരാകുന്നുണ്ടെന്ന് കവി കാണുന്നു. ഓരോ നഗരത്തിലും തനത് സംസ്ഥാനത്തുളളവര്‍ ഒന്നിച്ച് ചേരുന്ന സാംസ്കാരിക കൂട്ടായ്മകള്‍ നിലവില്‍ വരുന്നതും അത്തരം അഭിവാഞ്ച കൊണ്ടാണ്. ”…. വിരസമാം വിരുന്നു സല്ക്കാരത്തിനിടവേളയില്, ഒരു പുണ്യനിയോഗം പോല്‍, ഒത്തു ചേര്ന്നയതിഥികള് നാം…. ” എന്ന് കവിക്ക് തോന്നുന്നതും കഴിഞ്ഞകാലയനുഭവങ്ങളുടെ നെഞ്ചുവേവില് നിന്നാവാം.
ഹൈക്കു കവിതളെന്ന് പറയാവുന്ന കുറേ കവിതകള്‍ കെ.വി.എസ് പലപ്പോഴും എഴുതിയിട്ടുണ്ട്. അവയിലെല്ലാം അമര്ന്നൊതുങ്ങിക്കിടക്കാറുളള ആക്ഷേപഹാസ്യത്തിന്റെ ഒളിച്ചു വച്ച ചിരികള്‍ കാണാം. ചിലതിലൊ കണ്ണീരിന്റെ കിണറാഴങ്ങളും. ”കിണര്‍ ” ഒന്ന് നോക്കൂ. ”അവധിക്ക് ചെന്നപ്പോള്‍, അച്ഛന് ചാടി മരിച്ച, കിണറിന്റെ ആഴം നോക്കി നിന്നപ്പോള്‍, കണ്ണുകള്‍ കിണറായി.” കേവലം നാലോ ആറോ വരികളില്‍ ഒളിഞ്ഞിരിക്കുന്ന ദര്‍ശനങ്ങളുടെ മഹാസമുദ്രങ്ങള്‍. ഒരു തരത്തില്‍ കവി തന്നെത്തന്നെ ഖനനം ചെയ്യുകയാണ്. അത്ര ചെറുതൊന്നുമല്ലെങ്കിലും ”മരിച്ചു പോയവര്‍ക്കുളള ലിഖിതങ്ങള്‍ ” പുതിയ കാലത്തിന്റെ ലേഖനങ്ങളാണ് ഖനനം ചെയ്തെടുക്കുന്നത്. ഉറ്റവരും ഉടയവരും മരിച്ചു പോകുമ്പോള്‍ അവരുമായുളള നമ്മുടെ ആശയ വിനിമയങ്ങളെല്ലാം അവസാനിക്കുന്നത് വേദനയോടെ തിരിച്ചറിയുന്നവരെ കവി ഓര്‍ക്കുകയാണിവിടെ. ” മരിച്ചുപോയ ഉറ്റവരുടെ നമ്പറുകള്‍, മായ്ച്ചുകളയാന്‍ തോന്നിയിട്ടില്ല, സമയം കിട്ടുമ്പോഴെല്ലാം, അവര്‍ക്കും മെസ്സേജുകള്‍ അയക്കാറുണ്ട്,…… ” മരണമെന്ന നിത്യമായ സത്യത്തെ ആവിഷ്കരിക്കാതെ കവികള്‍ സ്വന്തം മരണത്തിലേക്ക് പോകുന്നില്ല. കെ.വി.എസ് മൃത്യുഞ്ജയമന്ത്രംപോലെ ദാര്‍ശനിക ഛായ നല്‍കുകയാണ് മരണമെന്ന മഹാമൗനത്തിന്. ” തെളിവ് സഹിതം ” എന്ന കുറുങ്കവിതയിലും മരണമെന്ന പ്രതിഭാസം നിഴല്‍ വീശുന്നത് കാണാം. ”എത്ര തവണ അവള് വിളിച്ചിരിക്കുന്നു, ഹൃദയമില്ലാത്തവനെന്ന്, എത്ര തവണ മറ്റവളും പറഞ്ഞിരിക്കുന്നു ഹൃദയ ശൂന്യനെന്ന്, ഹൃദയം പണി മുടക്കുന്നത് വരെ, കാത്തിരിക്കേണ്ടി വന്നു, അവള്‍ക്കും മറ്റവള്‍ക്കും ഒരു തെളിവ് കൊടുക്കാന്‍ ” എന്ന് ഹൃദയശൂന്യനായ് പ്രഖ്യാപിക്കുന്ന കവി മരണത്തെയും നിസ്സാരവല്‍ക്കരിക്കുകയാണ്.
ഈ സമാഹാരത്തിലെ രചനകള്‍ മഹത്തരമാണെന്ന് കവിയും അവകാശപ്പെടുന്നില്ലെങ്കിലും ഒരാളുടെ ജീവിതസഞ്ചാരങ്ങള്‍ അടയാളപ്പെടുത്താനുളള അയാളുടെ ശ്രമങ്ങളെ നിസ്സാരവല്ക്കരിക്കാന് ലാവണ്യ ശാസ്ത്രങ്ങള്‍ക്കും സാധ്യമാവില്ല ചില ഘട്ടങ്ങളില്‍. അത്തരം ഉദാത്തമായ നിമിഷങ്ങളുടെ പിന്‍ബലമാണ് ഇത്തരമൊരു സമാഹാരം വായനക്കാരന് സമര്‍പ്പിക്കാന്‍ കവിക്ക് കരുത്തേകുന്നത്. ഇതിനേക്കാള്‍ മികച്ച രചനകളുമായി കെ.വി.എസ് നെല്ലുവായ് എന്ന കവി ഇനിയും വായനക്കാരേ തേടി വരട്ടെ. അതിനുളള പ്രചോദനമാണ് ഈ സമാഹാരം.