മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പിലാക്കാവിന് സമീപത്തെ വനമേഖലയിൽ നിന്നാണ് ദൗത്യസംഘം കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
കടുവയുടെ ജഡവുമായി ദൗത്യസംഘം ബേസ് ക്യാമ്പിലേക്ക് പോയി.കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവയെ ആണ് ചത്ത നിലയിൽ കണ്ടെത്തിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.
കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്.
കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ അവശനിലയിൽ കണ്ടത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം.