തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും, മീൻ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോർട്ട്. ഗുജറാത്തിലെ നാഷണൽ ഡയറി ഡെവലപ്‌മെൻ്റ് ബോർഡിലെ സെൻ്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്‌സ്റ്റോക്ക് ആൻഡ് ഫുഡ് (CALF) ബുധനാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിലാണ് പ്രസിദ്ധമായ തിരുപ്പതി ലഡു നിർമ്മിക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പിന്റെ സാനിധ്യം വ്യക്തമാക്കിയിരിക്കുന്നത്. ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്.
നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്ആർ കോൺഗ്രസ് സർക്കാർ വലിയതോതിൽ പ്രസാദത്തിൽ മൃഗകൊഴുപ്പും മീൻ എണ്ണയും ചേർത്തിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. നെയ്യ് ഉപയോഗിക്കുന്നതിന് പകരം അവർ മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും എന്നാലിപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ഷേത്രത്തിൽ എല്ലാം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഇത് ലഡുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമരാവതിയിൽ നടന്ന എൻഡിഎ നിയമസഭാ കക്ഷി യോഗത്തിൽ സംസാരിക്കവെയായിരുന്നു നായിഡു ഇത്തരം പരാമർശം നടത്തിയത്.
എന്നാൽ 100 ദിവസം പിന്നിട്ട ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പരാജയങ്ങൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെന്ന് വൈഎസ്ആർസിപി അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി കുറ്റപ്പെടുത്തി. നായിഡുവിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അതിനെ തള്ളികളയുകയാണെന്നും വൈഎസ്ആർസിപി ജനറൽ സെക്രട്ടറി വൈ.വി സുബ്ബ റെഡ്ഡിയും പറഞ്ഞു. വ്യാജവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളിലൂടെ 100 കോടി ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്താനാണ് നായിഡുവിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.