സപ്ലൈകോയുടെ 50-ാം വാര്‍ഷികം ഇന്ന്. സപ്ലൈകോയുടെ 50-ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാവിലെ 11.30ന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. തദവസരത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, എം.പി ശശീതരൂര്‍, എംഎല്‍എ മാരായ കടകംപള്ളി സുരേന്ദ്രന്‍, വി കെ പ്രശാന്ത് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
നിലവിൽ 1600 ഓളം ഔട്ട്‌ലെറ്റുകൾ സപ്ലൈകോയ്ക്കുണ്ട്. ഇതിൽ അവശ്യസാധനങ്ങളുടെ വിൽപനയ്ക്ക് പുറമെ മെഡിസിൻ, പെട്രോളിയം, എൽ.പി.ജി, മണ്ണെണ്ണ എന്നീ മേഖലകളിലും സപ്ലൈക്കോ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. സപ്ലൈകോ നിലവിൽ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ തയ്യാറായി കഴിഞ്ഞു. ഇതിന്റെ ഭാഗമായി അമ്പതാം വാർഷികത്തോടനുബന്ധിച്ച് രണ്ട് സെയിൽസ് ഓഫറുകൾ ഉൾപ്പെടെ അഞ്ച് പദ്ധതികൾ സപ്ലൈകോ നടപ്പാക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ഉദ്ഘാടന വേദിയിൽ നിർവ്വഹിക്കും.
സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളായ വിപണി ഇടപെടൽ, നെല്ല് സംഭരണം, സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണം, റേഷൻ വാതിൽപ്പടി വിതരണം, ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നത്, ഭക്ഷ്യ കിറ്റ് വിതരണം എന്നിങ്ങനെ സർക്കാർ നിർദ്ദേശിക്കുന്ന പ്രകാരം കാര്യക്ഷമതയോടു കൂടി നടപ്പിലാക്കുന്ന പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോയെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ കർശന ജാഗ്രത ജനങ്ങൾ പുലർത്തണം.
കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ 12 കോടി സൗജന്യ കിറ്റുകളാണ് സപ്ലൈകോ മുഖേന ജനങ്ങളിലേയ്ക്ക് എത്തിച്ചത്. ഒരു സംസ്ഥാനത്ത് ഇത്രയും ശക്തമായ ശൃംഖലയുള്ളതും എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും എത്തിച്ചേരാൻ കഴിയുന്നതുമായ ഒരു സർക്കാർ ഏജൻസി രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും കാണാൻ കഴിയില്ല. 2016 വരെ പൊതുവിപണിയിലെ വിലനിലവാരം മനസ്സിലാക്കി അതിൽ നിന്നും ഒരു നിശ്ചിത ശതമാനം സബ്സിഡി നൽകിയാണ് സപ്ലൈകോയിൽ സാധനങ്ങൾ വിൽപന നടത്തിയിരുന്നത്.