1952 ഡിസംബർ ആറാം തീയതി രാത്രി 9 മണിക്ക് ചവറയിലെ തട്ടാശേരി മൈതാനത്തു ഒരു തീ കത്തി. എഴുപത് വർഷം കടന്നു പോയിട്ടും ചൂടൊട്ടുമെ കുറയാതെ ആ തീ, ഇന്നും ജനഹൃദയങ്ങളിൽ ആളി പടരുന്നു. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് അത്രമേൽ പങ്കു വഹിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന കെപിഎസിയുടെ ജനകീയ നാടകത്തിനു ഇന്ന് എഴുപത് വർഷം തികയുകയാണ്.
കേരളാ പീപ്പിൾസ് ആർട്സ് ക്ലബ് എന്ന കെപിഎസിയുടെ രണ്ടാമത്തെ നാടകം ആയിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. ഒളിവിലിരുന്നു സഖാവ് തോപ്പിൽ ഭാസി സോമൻ എന്ന പേരിൽ നാടകമെഴുതി. സഖാക്കൾ എൻ രാജ ഗോപാലൻ നായരും ജി ജനാർദ്ദന കുറുപ്പും ചേർന്ന് സംവിധാനം ചെയ്തു തട്ടിൽ കയറ്റിയ നാടകം, കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളെ പിടിച്ചു കുലുക്കി.
അമ്പലപ്പറമ്പുകളിലും പൊതു മൈതാനങ്ങളിലും ജനങ്ങൾ കമ്മ്യൂണിസ്റ്റ് നാടകം കാണാൻ തടിച്ചു കൂടി. ആക്രമിക്കാൻ വന്ന പാർട്ടി വിരുദ്ധരെ, വേലി പത്തലിനു അടിച്ചോടിച്ച ഇന്നാട്ടിലെ സാമാന്യ ജനത, കമ്മ്യൂണിസ്റ്റ് പാർട്ടിയെ നാടകത്തിലൂടെ നെഞ്ചിലേറ്റി. നാടകവസാനം ചെങ്കൊടി ഉയരുമ്പോഴെല്ലാം അവർ, ജന്മിയുടെ അടിയേറ്റും, ആട്ടേറ്റും തളർന്ന മനുഷ്യർ, ഉറക്കെയുറക്കെ ഇൻക്വിലാബ് വിളിച്ചു, തൊണ്ട പൊട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് ബാദ് വിളിച്ചു…
ഒഎൻവിയും ജി ദേവരാജനും ചിട്ടപ്പെടുത്തിയ നാടക ഗാനങ്ങൾ കുടിലുകളിൽ പ്രത്യാശയുടെ പുതിയ താളം പിടിക്കലുകൾക്ക് തുടക്കമിട്ടു. സിപിഐയുടെ ജനകീയ അടിത്തറ അരക്കിട്ടുറപ്പിച്ച നാടകം, ഇന്നും ഓരോ പാർട്ടി പ്രവർത്തകനും ആവേശമാണ്.