ചന്ദ്ര രാജേശ്വര റാവു അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്വന്തം സഖാവ് സിആർ ഓർമ്മയായിട്ട് ഇരുപത്തിയെട്ട് വർഷം പിന്നിട്ടു. തെലുങ്കാന സമരത്തിന്റെ മുന്നണി പോരാളിയും സിപിഐയുടെ അനിഷേധ്യ നേതാവുമായിരുന്നു സഖാവ് സിആർ. ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയിലെ ഒരു സമ്പന്ന കർഷക കുടുംബത്തിൽ 1914 ജൂൺ ആറിനായിരുന്നു സിആറിന്റെ ജനനം. മച്ചിലിപട്ടണത്തിലെ ഹിന്ദു ഹൈസ്കൂളിലെ അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസകാലം മുതലാണ് സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിലേക്ക് സിആർ കടന്നെത്തുന്നത്. നന്നെ ചെറു പ്രായത്തിൽ തന്നെ ഇന്ത്യയുടെ സ്വതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗവാക്കായിക്കൊണ്ടാണ് സിആർ തന്റെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചത്. ബനാറസ് ഹിന്ദു യൂണിവേഴ്സ്റ്റിയിലെ പഠനത്തിനിടെയാണ് സിആറിന് കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആകർഷണം തോന്നുന്നത്. അത് പിന്നീട് സിആർ എന്ന നേതാവിനെ 1931ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(സിപിഐ)യിൽ അംഗത്വത്തിലേക്കെത്തിച്ചു.
ആന്ധ്രാ സർവ്വകലാശാലയിൽ പഠിക്കുന്ന കാലത്ത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സിആർ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. പിന്നീട് കൃഷ്ണ ജില്ലയിൽ തിരിച്ചെത്തിയ അദ്ദേഹം യുവാക്കളെയും കർഷകത്തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ച് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ തുടങ്ങി. അദ്ദേഹത്തിന്റെ പ്രവർത്തനമികവും കാര്യക്ഷമതയും ജന പിന്തുണയും സിആർ എന്ന നേതാവിനെ സിപിഐയുടെ കൃഷ്ണ ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിസ്ഥാനത്തേക്കെത്തിച്ചു. 1940-കളുടെ തുടക്കത്തിൽ നടന്ന ചരിത്രപ്രസിദ്ധമായ ചള്ളപ്പള്ളി കാർഷിക സമരത്തിൽ അദ്ദേഹം സജീവ പങ്കാളിയായിരുന്നു. അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ പോരാട്ടങ്ങളോടൊപ്പം കൃഷ്ണയിലെ ജനങ്ങൾ കൂടി അണിനിരന്നപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആന്ധ്രപ്രദേശിലെ ഏറ്റവും ശക്തമായ കമ്മ്യൂണിസ്റ്റ് അടിത്തറയായി ജില്ല മാറിക്കഴിഞ്ഞിരുന്നു.
1938-ൽ വിജയവാഡയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ സിപിഐയുടെ ആന്ധ്രാ പ്രവിശ്യാ കമ്മിറ്റിയിലേക്ക് സിആറിനെ തിരഞ്ഞെടുത്തു. 1943-ൽ വിജയവാഡയിൽ തന്നെ നടന്ന മറ്റൊരു സമ്മേളനത്തിൽ അദ്ദേഹത്തെ ആന്ധ്രാ പ്രവിശ്യയുടെ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുത്തു. സിപിഐയുടെ സംഘടന തലപ്പത്തെത്തിയതിനു പിന്നാലെ ആന്ധ്രയിൽ ഫ്യൂഡൽ പ്രഭുക്കന്മാരുടെ ക്രൂരതകൾക്ക് ഇരയായിരുന്ന സാധാരണ ജനവിഭാഗത്തിനായി നിരവധി സമരപരിപാടികൾ സിആർ സംഘടിപ്പിച്ചു.
അന്ന് നൈസാമിനു കീഴിലുള്ള നാട്ടുരാജ്യമായിരുന്ന ആന്ധ്രാപ്രദേശിൽ, പാർട്ടിയുടെ സ്വാധീനം തെലുങ്കാനയിൽ വ്യാപിപ്പിക്കാൻ പ്രധാന പങ്ക് വഹിച്ച നേതാവായിരുന്നു സിആർ. പിന്നീട് സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ സിആർ പാർട്ടിക്ക് നൽകിയ സംഭവനകൾ ചെറുതല്ല. അതുകൊണ്ട് തന്നെ ക്രമേണ അദ്ദേഹം പാർട്ടിയുടെ നേതൃത്വത്തിലേക്കുയരുകയും ചെയ്തു. 1956 ൽ ആന്ധ്രാപ്രദേശ് സിപിഐ യൂണിറ്റിന്റെ സെക്രട്ടറിയായി സിആറിനെ ചുമതലപ്പെടുത്തി. 1961 വരെ അദ്ദേഹം സെക്രട്ടറിയായി തുടർന്നു. 1956 ൽ തന്നെ സിപിഐയുടെ ദേശീയ കമ്മിറ്റിയിലേക്ക് സിആറിനെ തെരഞ്ഞെടുത്തിരുന്നു. 1958ൽ ചേർന്ന അമൃത്സർ സമ്മേളനത്തിൽ സിപിഐയുടെ ആദ്യ കേന്ദ്ര എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ സിആർ ആംഗമായിരുന്നു.
പിന്നീട് ആന്ധ്രാപ്രദേശിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വിശാലാന്ധ്ര പ്രക്ഷോഭത്തെ മുന്നിൽ നിന്നും നയിച്ചത് സിആർ ആയിരുന്നു. 1964 ൽ പാർട്ടി പിളർന്നപ്പോൾ പ്രതിസന്ധിയിലായിരുന്ന പ്രസ്ഥാനത്തെ കൈപിടിച്ചുയർത്തിയതിൽ സിആർ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. ആ കലുഷിതമായ കാലഘട്ടത്തിലാണ് സിആർ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. പിന്നീട് ആരോഗ്യപരമായ കാരണങ്ങൾ അദ്ദേഹത്തെ വേട്ടയാടുന്നതുവരെ ഏകദേശം കാൽ ദശാബ്ദകാലം പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി രാജ്യത്ത് സിപിഐയുടെ ശക്തിവളർത്താൻ സിആറിനു സാധിച്ചു.
1990 ഏപ്രിൽ 20 ന് ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലാണ് സിആർ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നത്. പിന്നീട് 1992 ൽ ഹൈദരാബാദിൽ നടന്ന പാർട്ടി കോൺഗ്രസിൽ പാർട്ടി അദ്ദേഹത്തെ ഏൽപ്പിച്ച എല്ലാ സ്ഥാനങ്ങളും അദ്ദേഹം ഉപേക്ഷിച്ചു. 1994 ഏപ്രിൽ 9 ന് ദീർഘനാളത്തെ രോഗശൈയക്ക് വിരമമിട്ട് സിപിഐയുടെ എക്കാലത്തെയും ചുവന്ന താരകം അസ്തമിച്ചു.