തലശ്ശേരി: സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇന്ന് ചെങ്കൊടി ഉയരും. പാറപ്രത്ത് നിന്ന് പതാക ജാഥയും തലശ്ശേരി ജവഹർ ഘട്ടിൽ നിന്ന് കൊടിമരജാഥയും പുറപ്പെടും. ഉച്ചക്ക് ഒന്നിന് പാറപ്രത്ത് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ചന്ദ്രൻ കേരള മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ ഉഷയ്ക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടരക്ക് തലശ്ശേരി ജവഹർഘട്ടിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മുരളി കൊടിമര ജാഥ ഉദ്ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ കൊടിമരം ഏറ്റുവാങ്ങും.
ഇരുജാഥകളും വൈകിട്ട് എ ബാലകൃഷ്ണൻ നഗറിൽ(പുതിയ ബസ് സ്റ്റാന്റ്) സംഗമിക്കും. സിപിഐ മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ പതാക ഉയർത്തും. തുടർന്ന് വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാർ എം പി അധ്യക്ഷനാകും.
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു , സത്യൻ മൊകേരി , സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ റവന്യു മന്ത്രി കെ രാജൻ , സി എൻ ചന്ദ്രൻ, സി പി മുരളി, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം തുടങ്ങിയവർ സംസാരിക്കും.
നാളെ രാവിലെ ഒമ്പതരയ്ക്ക് പ്രദീപ് പുതുക്കുടി നഗറിൽ (ഓറിയ ഓഡിറ്റോറിയം-എരഞ്ഞോളി ചുങ്കം) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.