സിപിഐ സംസ്ഥാന സെക്രട്ടറിയും ദേശീയ നേതാവുമായിരുന്ന കാനം രാജന്ദ്രന്റെ ഒന്നാം ചരമദിനം ഇന്ന് ആചരിക്കും. അദ്ദേഹത്തോടുള്ള ആദര സൂചകമായി പാർട്ടി ഓഫീസുകൾ രക്തപതാക കൊണ്ട് അലങ്കരിച്ചും ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയും കാനത്തിന്റെ സ്മരണ പുതുക്കാൻ പാർട്ടി ഘടകങ്ങളോട് സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം അഭ്യർത്ഥിച്ചു. തിരുവനന്തപുരത്ത് പി എസ് സ്മാരകത്തിൽ രാവിലെ 9 ന് പന്ന്യൻ രവീന്ദ്രൻ പതാക ഉയർത്തി പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തും.
കാനം രാജേന്ദ്രന്റെ ജന്മനാടായ കോട്ടയം കാനത്ത് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. പിന്നീട് നടക്കുന്ന അനുസ്മരണ സമ്മേളനം ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിക്കും. സമ്മേളനത്തിൽ മന്ത്രിമാരടക്കം രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.