വയനാട്: ചൂരൽമല‑മുണ്ടക്കൈ ദുരന്തബാധിതരുടെ ടൗൺഷിപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ റവന്യു മന്ത്രി കെ രാജൻ ഇന്ന് വയനാട്ടിൽ എത്തും. ജില്ലാ കളക്ടറേറ്റിൽ രാവിലെ 10 മണിക്ക് അവലോകനയോഗം ചേരും. ടൗൺഷിപ്പ് പദ്ധതികൾ നടപ്പിലാക്കുന്ന എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകൾ മന്ത്രി സന്ദർശിച്ചേക്കും. ആസ്തി പരിശോധനയുടെ ഭാഗമായുള്ള സർവ്വേ നെടുമ്പാല എസ്റ്റേറ്റിലും എൽസ്റ്റൺ എസ്റ്റേറ്റിലും ഇന്നും തുടരും. രണ്ടാഴ്ചകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആണ് ശ്രമം.
അതേസമയം വീട് നിർമ്മാണത്തിന് 5 അഞ്ചു സെന്റ് എന്ന പ്രഖ്യാപനം അംഗീകരിക്കില്ല എന്നാണ് ദുരന്ത ബാധിതരുടെ രണ്ട് ആക്ഷൻ സമിതികളുടെയും നിലപാട്. നെടുമ്പാലയിലേത് പോലെ എൽസ്റ്റണിലും 10 സെന്റ് ഭൂമി വീട് നിർമ്മാണത്തിന് വേണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം. ഭൂമി വിലയിലുള്ള വ്യത്യാസം കണക്കിലെടുത്താണ് നെടുമ്പാലയിൽ 10 സെന്റിലും എൽസ്റ്റണിൽ അഞ്ച് സെന്റിലും വീട് നിർമ്മിക്കുന്നത്. പുനരധിവാസത്തിനുള്ള സമഗ്ര പദ്ധതിയിക്ക് ഇന്നലെയാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിലായി രണ്ട് ടൗൺ ഷിപ്പുകൾ വികസിപ്പിച്ച് 1000 ചതുരശ്ര അടിയുള്ള വീടുകൾ നിർമ്മിച്ചുനൽകുന്നതാണ് പദ്ധതി.