അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീർത്ത സ്വരം നിലച്ചു. മലയാളി മനസിനെ ശബ്ദത്തിൻറെ മാന്ത്രികതയിലൂടെ കീഴടക്കിയ ഭാവഗായകനായിരുന്നു പി.ജയചന്ദ്രൻ. അദ്ദേഹം പാടിയ ഓരോ ഗാനങ്ങളും സംഗീത പ്രേമികളുടെ മനസിൽ നിറഞ്ഞുനിൽക്കുന്നതാണ്.
സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിൻറെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ അഗാധ ശബ്ദസാഗരത്തെയാണ് മലയാളിയ്ക്ക് നഷ്ടമായിരിക്കുന്നത്. ഭാഷാഭേദമില്ലാതെ കഴിഞ്ഞ അര പതിറ്റാണ്ടും മലയാളികൾ നെഞ്ചോട് ചേർത്ത ഒരുപിടി ഗാനങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം യാത്രയായിരിക്കുന്നത്.
മലയാളത്തിൽ പിറന്ന മികച്ച ഗാനങ്ങളിലെ നല്ലൊരു പങ്കും പാടാനുള്ള ഭാഗ്യം സിദ്ധിച്ചയാളാണ് ജയചന്ദ്രൻ. സിനിമകളെക്കാൾ വലിയ ഹിറ്റുകളായി മാറിയ ഗാനങ്ങളാണ് അതിൽ പലതും. പ്രണയവും വിരഹവും ഭക്തിയും എല്ലാം ഒരു പോലെ വഴങ്ങിയ ആ ശബ്ദം മലയാളിയുടെ നിത്യജീവിത്തിൻറെ ഭാഗമായിട്ട് കാലങ്ങളായി.
ആദ്യഗാനം തന്നെ ഹിറ്റാവുകയും അത് ജീവിതം മാറ്റിയെഴുതുകയും ചെയ്ത ചരിത്രമാണ് ജയചന്ദ്രന്റേത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നും സുവോളജിയിൽ ബിരുദമെടുത്ത ശേഷം ചെന്നൈയിൽ പ്യാരി എന്ന കമ്പനിയിൽ കെമിസ്റ്റായി ജോലിക്ക് ചേർന്ന സമയത്തും സംഗീതമായിരുന്നു ആ മനസ് നിറയെയും. ആ സമയത്താണ് കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടി പാടാനുള്ള അവസരം ലഭിച്ചത്. അതിനു ശേഷം കളിത്തോഴനിലും പാടാനുള്ള അവസരം ലഭിച്ചു. കുഞ്ഞാലി മരയ്ക്കാറിലാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ്. അതോടെ മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായി പി ജയചന്ദ്രൻ എന്ന ഗായകനും പിറവിയെടുക്കുകയായിരുന്നു.
മനസിനെ കുളിരണിയിക്കുന്ന നിരവധി ഗാനങ്ങൾ സംഗീതാസ്വാദകർക്ക് സമ്മാനിച്ചാണ് നാലു പതിറ്റാണ്ടോളം നീണ്ട മലയാളത്തിൻറെ ഗാനസപര്യക്ക് തിരശീല വീഴുന്നത്.