വാഷിങ്ടൺ: കാട്ടുതീയുണ്ടായ കാലിഫോർണിയയിൽ ജലനയങ്ങൾ അസാധുവാക്കാൻ ഉത്തരവിട്ട് ട്രംപ്. തീയണക്കൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമെങ്കിൽ കലിഫോർണിയയുടെ ജലനയം റദ്ദാക്കാൻ ഫെഡറൽ സർക്കാരിന് പ്രസിഡന്റ് നിർദേശം നൽകി.
തുടർച്ചയായ കാട്ടുതീ നാശംവിതച്ച കലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മേഖല സന്ദർശിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപിന്റെ ഉത്തരവ്.തീപിടിത്തത്തെ ചെറുക്കുന്നതിന് സംസ്ഥാനത്തിന്റെ വടക്ക് ഭാഗങ്ങളിൽ നിന്ന് വെള്ളം നൽകാൻ കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമും മറ്റ് ഉദ്യോഗസ്ഥരും വിസമ്മതിച്ചുവെന്ന തെറ്റായ വാദവും ട്രംപ് ഉന്നയിച്ചു.
സംസ്ഥാന നിയമങ്ങളോട് വിരുദ്ധമാണെങ്കിലും കൂടുതൽ ജലവും ജലവൈദ്യുതിയും വിതരണം ചെയ്യാനും അമേരിക്കൻ ബ്യൂറോ ഓഫ് റിക്ലമേഷനോട് ഉത്തരവിൽ നിർദ്ദേശിക്കുന്നു. ഡാമുകളുടെയും കനാലുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും ശൃംഖലയായ സെൻട്രൽ വാലി പ്രോജക്റ്റ് വഴിയുള്ള വിതരണത്തിനാണ് നിർദേശം.