തിരുവനന്തപുരം: പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്കെതിരെ ശിക്ഷണ നടപടികളും അന്യായമായ സ്ഥലം മാറ്റങ്ങളും നടപ്പാക്കുന്ന എസ്ബിഐ മാനേജ്മെൻ്റിൻ്റെ പ്രതികാര നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്രാവങ്കൂർ സ്‌റ്റേറ്റ് ബാങ്ക് എപ്ലോയീസ് അസോസിയേഷന്റെ (എഐബിഇഎ ) ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ഫെബ്രുവരി 24 ന് എസ് ബി ഐ -യിൽ നടന്ന പണിമുടക്കിൽ പങ്കെടുത്തതിന് അസോസിയേഷൻ അംഗങ്ങളായ ജീവനക്കാർക്കെതിരെ പ്രതികാര നടപടിയുടെ ഭാഗമായി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് മാനേജ്മെൻ്റ്. യൂണിയൻ ഭാരവാഹികളേയും സ്ത്രീകളടക്കമുള്ള ജീവനക്കാരെയും വ്യവസ്ഥകൾ ലംഘിച്ചും പ്രായം, അനാരോഗ്യം എന്നിവയൊന്നും കണക്കാക്കാതെയും സ്ഥലം മാറ്റുകയാണ്. ഇത് കടുത്ത അനീതിയും അവകാശലംഘനവും നിയമവിരുദ്ധവുമാണെന്ന് അസോസിയേഷൻ ആരോപിച്ചു.
തിരുവനന്തപുരത്ത് എസ് ബി ഐ ഭരണകാര്യാലയത്തിനു മുന്നിൽ നടന്ന പ്രതിഷേധയോഗം ടിഎസ്ബിഇഎ പ്രസിഡൻ്റ് എസ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ, അസിസ്റ്റൻ്റ് സെക്രട്ടറി ആർ സന്തോഷ്കുമാർ, എഐബിഇഎ ജില്ലാ സെക്രട്ടറി സുബിൻ ബാബു, ടി എസ്ബി ഇ എ വൈസ് പ്രസിഡൻ്റ് എം ഷാഫി എന്നിവർ പ്രസംഗിച്ചു.
പുതിയ വിപണന -വിൽപന പദ്ധതി പിൻവലിക്കുക, ആവശ്യത്തിനു ജീവനക്കാരെ നിയമിക്കുക, വായ്പാ-നിക്ഷേപ അനുപാതവും മുൻഗണനാ വിഭാഗം വായ്പകളും വർദ്ധിപ്പിച്ച് സേവനങ്ങൾ വിപുലീകരിക്കുക, ബാങ്കിൻ്റെ തൊഴിൽ നയങ്ങൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അസോസിയേഷൻ സമരരംഗത്താണ്.
മാർച്ച് അഞ്ചിന് എറണാകുളത്തു ചേരുന്ന ടി എസ് ബി ഇ എ കേന്ദ്ര കമ്മിറ്റി യോഗം തുടർ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ വ്യക്തമാക്കി.