തിരുവനന്തപുരം: കോൺഗ്രസ് പദവികളിൽ നിന്ന് അനിൽ ആന്റണി രാജിവെച്ചതിൽ പ്രതികരണവുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് കയറി കൂടിയ ഇയാൾ, ആ പാർട്ടിക്ക് വേണ്ടി, ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തതായി, ഒരു സമരത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതായി നിങ്ങൾ കണ്ടിട്ടുണ്ടോയെന്ന് ജിസ്മോൻ ചോദിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യ എന്നാൽ, എസി മുറികളിലെ സുഖകരമായ തണുപ്പല്ലെന്നു അനിൽ കെ ആന്റണിമാർ തിരിച്ചറിയണം. നിലനിൽപ്പിന് വേണ്ടി ഒരു ജനത പോരാടുമ്പോൾ, നിലപാട് എടുക്കണം എന്നു ഞങ്ങൾ പറയില്ല. കാരണം ഇന്ന് കോൺഗ്രസ് എന്നത് ആശയവ്യക്തതയില്ലാത്ത ഒരു ആൾക്കൂട്ടം മാത്രമാണ്. ചുരുങ്ങിയ പക്ഷം, മിണ്ടാതിരുന്നു ജനത്തെ സഹായിച്ചാൽ അത്രയും നല്ലത്. പോരടിച്ചു മാത്രമേ ജയിക്കാൻ കഴിയുള്ളു, ചെറുത്തു നിൽപ്പുകളെ പിന്നിൽ നിന്നു കുത്തി നശിപ്പിച്ചു കളയരുത്.
ഫേയ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ബിബിസി
ഡോക്കുമെന്ററി പ്രദർശിപ്പിച്ച മനോവിഷമം താങ്ങാൻ വയ്യാതെ അനിൽ കെ ആന്റണി കോൺഗ്രസിന്റെ ചുമതലകളിൽ നിന്ന് രാജിവെച്ചെന്നു കേൾക്കുന്നു. ശരിക്കും ഇന്ത്യയിൽ എപ്പോഴൊക്കെ ബിജെപി-സംഘ പരിവാര ശക്തികൾക്ക് എതിരെ പ്രതിരോധങ്ങൾ ഉയർന്നു വരാറുണ്ടോ, അപ്പോഴൊക്കെ പിന്നിൽ നിന്ന് കുത്തുന്ന രീതിയാണ് ഇപ്പോഴത്തെ കോൺഗ്രസിനുള്ളത്. ഇത്തവണ അനിൽ കെ ആന്റണിയുടെ രൂപത്തിൽ പുറത്തു വന്നു എന്നുമാത്രം. ആരാണ് അനിൽ കെ ആന്റണി? പിതാവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് കയറി കൂടിയ ഇയാൾ, ആ പാർട്ടിക്ക് വേണ്ടി, ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തതായി, ഒരു സമരത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതായി നിങ്ങൾ കണ്ടിട്ടുണ്ടോ?
ഗുജറാത്ത് കലാപവും അത് ഇന്ത്യയിൽ ഉണ്ടാക്കിയ വലിയ മുറിവും രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല. പക്ഷെ ഇതുവരെയും സംഘ പരിവാർ ഭീകരതയെ കുറിച്ച് ആത്മാർത്ഥമായി, ഭയമില്ലാതെ പ്രതികരിക്കാൻ കോൺഗ്രസ്സ് നേതാക്കൾക്ക് നാവു പൊങ്ങിയിട്ടില്ല. ഇനി തെന്നിയും തെറിച്ചും എവിടെയെങ്കിലും ഒരു പ്രതിരോധ സ്വരമുയർന്നാൽ, അനിൽ കെ ആന്റണിയെ പോലുള്ള, മണ്ണിൽ ചവിട്ടി നിന്നിട്ടില്ലാത്ത അമൂൽ ബേബികൾ അതിനു തുരംഗം വെയ്ക്കുകയും ചെയ്യും.