പാലക്കാട്: ആർഎസ്എസിനോട് മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സന്ധി ചെയ്തെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ്റെ പരാമർശത്തിൽ യൂത്ത് കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കണമെന്നു എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. സംഘ് പരിവാറിനോട് നെഹ്‌റു സന്ധി ചെയ്തെന്ന കെപിസിസി അധ്യക്ഷന്റെ നിലപാട് യൂത്ത് കോൺഗ്രസ്സും അംഗീകരിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണം. അല്ലെങ്കിൽ സുധാകരനെ തള്ളി പറയാൻ യൂത്ത് കോൺഗ്രസ്സ് തയ്യാറാകണം.അല്ലാത്തപക്ഷം കെപിസിസി അധ്യക്ഷന്റെ നിലപാട് തന്നെയാണ് യൂത്ത് കോൺഗ്രസ്സിനും എന്നു കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് പാലക്കാട് ജില്ലാ പ്രവർത്തക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘ് പരിവാർ താളവത്തിലേക്കാണ് തന്റെ പോക്കെന്ന് കെ സുധാകരൻ വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ്. ശാഖകൾക്ക് കാവൽ നിന്നിട്ടുണ്ടെന്നു അഭിമാനപൂർവ്വം പറയുന്ന ഒരു കെപിസിസി പ്രസിഡന്റിന്റെ കീഴിൽ ഇനിയും അടിമകളെ പോലെ പ്രവർത്തിക്കാൻ യൂത്ത് കോൺഗ്രസ്സ് തയ്യാറാവരുത്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം കാരണം, കേരളത്തിലെ കോൺഗ്രസ്സിനെ സംഘ് പരിവാർ ആലയിൽ കൊണ്ടു കെട്ടാനാണ് കെ സുധാകരൻ ശ്രമിക്കുന്നത്. ആർഎസ്എസിന് വേണ്ടിയുള്ള ഈ അഭ്യാസങ്ങൾ എല്ലാം കണ്ടിട്ടും മിണ്ടാൻ പറ്റാതിരിക്കുന്ന യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തെ ഓർത്തു ലജ്ജ തോന്നുന്നു. യൂത്ത് കോൺഗ്രസ്സ് മൗനം വെടിഞ്ഞു സുധാകരനെ തിരുത്താനുള്ള ആർജവം കാണിക്കുമോ എന്ന് വ്യക്തമാക്കണം എന്ന് ടി ടി ജിസ്മോൻ ആവശ്യപ്പെട്ടു.