Friday, November 22, 2024
spot_imgspot_img
HomeLatest Newsമതേതര ഇന്ത്യയെ കൊല്ലാൻ കോൺഗ്രസ്സ് കൂട്ട് നിൽക്കരുത്

മതേതര ഇന്ത്യയെ കൊല്ലാൻ കോൺഗ്രസ്സ് കൂട്ട് നിൽക്കരുത്

TT-Jismon

ടി ടി ജിസ്മോൻ

മതനിരപേക്ഷ ജനാധിപത്യ ഫെഡറൽ റിപ്പബ്ലിക്കായി ഇന്ത്യക്ക്‌ ഇനി എത്രകാലം തുടരാനാകുമെന്നത്‌ ഇന്നൊരു വലിയ വിഷയമായി ഉയർന്നു വരികയാണ്. ഇന്ത്യയെ ഒരു മതരാഷ്‌ട്രമായി മാറ്റിത്തീർക്കാനാണ്‌ ഒരു പതിറ്റാണ്ടോളമായി രാജ്യം ഭരിക്കുന്ന ബിജെപി സഖ്യ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌. അതിനുളള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അയോധ്യ രാമക്ഷേത്രം.

അയോധ്യ പ്രതിഷ്ഠ ചടങ്ങ് ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്നത് ന​ഗ്നമായ സത്യമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ നീക്കം. നഗ്നമായ മതധ്രുവീകരണമാണ് നടക്കുന്നത്. മതവികാരം ബിജെപി രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണ്. മതത്തെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ഭരണഘടന അധിഷ്ഠിതമായ ഇന്ത്യയ്ക്ക് എതിരാണ്.

സംഘപരിവാറും കേന്ദ്രസർക്കാരും ചേർന്ന് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെകൂടെ ഉദ്ഘാടനകർമ്മമാണ് അയോധ്യയിൽ നടക്കാൻ പോകുന്നത്. സ്വതന്ത്രവും നിഷ്‌പക്ഷവുമാകേണ്ട നീതിപീഠത്തെയും തെരഞ്ഞെടുപ്പ്‌ കമീഷനെയുംപോലും ഹിന്ദുത്വ ഫാസിസ്റ്റ്‌ സംഘത്തിന്റെ ആജ്ഞാനുവർത്തികളാക്കാൻ കേന്ദ്ര സർക്കാർ നടത്തിവരുന്ന ശ്രമങ്ങൾ ഭാഗികമായെങ്കിലും വിജയിച്ചതായി അവർ കണക്കാക്കുന്നുണ്ടാകണം. അത്‌ പകരുന്ന വിജയോന്മാദമാണ്‌ കേന്ദ്ര സർക്കാരിന്റെയും അതിനെ നയിക്കുന്ന പാർടിയുടെയും എല്ലാ നടപടികളിലും തെളിഞ്ഞുകാണുന്നത്‌. ഇതിനെതിരെ രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയെല്ലാം യോജിപ്പ്‌ അടിയന്തരാവശ്യമായി മാറിയിരിക്കുകയാണ്‌.

2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാന പ്രചരണവിഷയമായി ബിജെപി ഉയർത്തിക്കാണിക്കാൻ സാധ്യതയുള്ള രാമക്ഷേത്രം എന്ന ബ്രഹ്‌മാസ്‌ത്രത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന വ്യക്തത ഇപ്പോഴും കോൺഗ്രസ് ഉൾപ്പെടെയുള്ളവർക്കില്ല. രണ്ടു വളളത്തിൽ കാൽ ചവിട്ടിയ നിലപാട് കോൺ​ഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണത്തിൽ ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നടപടികൾക്ക് കോൺ​ഗ്രസ് പാർട്ടി മൗനാനുവാദം നൽകിയിരിക്കുന്നതിന് ഉളള ഉത്തമ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്ന നിലപാടുകൾ. രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്‌ പതിവുപോലെ ഇക്കാര്യത്തിലും ഇതുവരെ നിലപാട്‌ വ്യക്തമാക്കിയിട്ടില്ല എന്ന കാര്യത്തിൽ യാതൊരു അത്ഭുതവുമില്ല. മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ചടങ്ങിൽ പങ്കെടുക്കുമോയെന്ന്‌ പറയാൻ തയ്യാറായിട്ടില്ല. എന്നാൽ, ക്ഷണിച്ചതിന്‌ നന്ദി രേഖപ്പെടുത്തിയ ഉന്നത നേതാക്കളുണ്ട്‌. കോൺഗ്രസ്‌ തുടർന്നുവരുന്ന മൃദുഹിന്ദുത്വ സമീപനം ഇക്കാര്യത്തിലും സ്വീകരിക്കുകയാണെങ്കിൽ രാജ്യമൊരു ഹിന്ദു രാഷ്ട്രമായി മാറാൻ അധികം നാൾ വേണ്ടി വരില്ലെന്ന് ഓർക്കണം.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares