തിരുവനന്തപുരം: പെൻഷൻ പ്രായം 57 വയസ്സായി ഉയർത്താൻ തീരുമാനിച്ചാൽ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ട് എഐവൈഎഫ് എന്നും മുന്നിൽ തന്നെയുണ്ടാവുമെന്നറിയിച്ച് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. യുവജനതയുടെ ഭാവി ഇരുട്ടിലാക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർക്കാർ-സ്വകാര്യ മേഖലകളിൽ തൊഴിൽ ശോഷണം വർധിച്ചു. ഈ സാഹചര്യത്തിൽ 56 വയസ്സെന്ന പെൻഷൻ പ്രായം 57 വയസ്സായി ഉയർത്തിയാൽ, സംസ്ഥാനത്തെ അഭ്യസ്ഥവിദ്യരായ യുവജനങ്ങളുടെ ഭാവിയെ തകർക്കുന്ന നടപടിയായി മാറുമിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവജനക്ഷേമം മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാർ ഇത്തരമൊരു നടപടിയുമായി മുന്നോട്ട് പോകില്ല എന്ന് തന്നെയാണ് എഐവൈഎഫ് വിശ്വസിക്കുന്നത്. മറിച്ച് ,നടപടിയുമായി സർക്കാർ മുന്നോട്ട് പോയാൽ അതിനെതിരെ ശക്തമായ പ്രതിഷേധങ്ങളായിരിക്കും എഐവൈഎഫ്ന്റെ ഭാഗത്ത് നിന്നും ഉണ്ടാവുക എന്നും ടി ടി ജിസ്മോൻ പറഞ്ഞു.