ഇന്ത്യൻ പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം വിഡി സവർക്കർ ജന്മദിനമായ മെയ് 28ന് നടത്തുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ അപമാനകരം ആണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിലായbപാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത ബ്രിട്ടീഷുകാരുടെ ഷൂ നക്കി വി ഡി സവർക്കറിന്റെ ജന്മദിനത്തിൽ തന്നെ നടത്താൻ തീരുമാനിച്ചത് മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐവൈഎഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിന്റെ തെക്കൻ മേഖല ജാഥയിൽ കൊല്ലത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയുടെ പൊങ്ങച്ചത്തിൻറെ പ്രൊജക്ടാക്കി ഇന്ത്യൻ പാർലമെന്റിനെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനതയുടെ ശബ്ദമായി മാറേണ്ട ഇടമാണ് പാർലമെന്റ്. അവിടെ സ്വാതന്ത്ര്യ സമരത്തെ ഒറ്റിയ വി ഡി സവർക്കാരുടെ ചിത്രം വെച്ചത് തന്നെ ജനാധിപത്യത്തിനു അപമാനാണ്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും വഹിക്കാത്ത സംഘ പരിവാർ, പാർലമെന്റ് മന്ദിരം പുതുക്കി പണിതത് ഞങ്ങളാണ് എന്ന ക്രെഡിറ്റ് അടിച്ചു മാറ്റാൻ ശ്രമിക്കുകയാണ്. പാർലമെന്റ് എന്നത് ബിജെപിയുടെ തറവാട് സ്വത്തല്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ടി ടി ജിസ്മോൻ നയിക്കുന്ന തെക്കൻ മേഖല ജാഥ ഇന്ന് കൊല്ലം ജില്ലയിൽ പര്യേടനം നടത്തി. നാളെ ജാഥ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കും. ആർ ജയൻ ജാഥാ ഡയറക്ടറായി, ടി ടി ജിസ്‌മോൻ ജാഥാ ക്യാപ്റ്റനായ തെക്കൻ മേഖല കാൽനട ജാഥയിൽ എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, അഡ്വ. ഭവ്യ കണ്ണൻ എന്നിവർ വൈസ് ക്യാപ്റ്റന്മാരാണ്. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ജാഥാ ക്യാപ്റ്റനായ വടക്കൻ മേഖല കാൽനട ജാഥ കണ്ണൂർ ജില്ലയിൽ പര്യേടനം ആരംഭിച്ചു.