ആലപ്പുഴ: കെ സുരേന്ദ്രനെയും കെ സുധാകരനെയും തമ്മിൽ മാറിപ്പോവുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. കെ സുധാകരൻ ബിജെപിയിലേക്ക് തന്നെ പോകുമെന്ന് വ്യക്തമാക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് ആലപ്പുഴ ജില്ലാ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിൽ താൻ സംഘ് പരിവാറിന് കാവൽ നിന്നിട്ടുള്ളയാളാണ് എന്ന് അഭിമാനപൂർവ്വം പറഞ്ഞ പ്രസിഡന്റ് ആണ് സുധാകരൻ. തലയിൽ മുണ്ട് മൂടി ആർഎസ്എസ് കാര്യാലയത്തിൽ പോയിരുന്ന കോൺഗ്രസ്സ് നേതാക്കൾക്ക് പകരം, പകൽ വെളിച്ചത്തിൽ സംഘ് പരിവാറിനെ വാഴ്ത്തുന്ന നേതാക്കളുടെ കാലത്തേക്ക് കോൺഗ്രസ്സ് എത്തിയെന്നും ജിസ്മോൻ തുറന്നടിച്ചു.
ആലപ്പുഴ സുഗതൻ സ്മാരകത്തിൽ നടന്ന പ്രവർത്തകയോഗത്തിൽ ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. ദേശീയ കമ്മിറ്റി അംഗം എ ശോഭ,സംസ്ഥാന കമ്മിറ്റി അംഗം ആർ അഞ്ജലി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അസ്ലം ഷാ, ജില്ലാ പ്രസിഡന്റ് യു അമൽ എന്നിവർ പങ്കെടുത്തു. യൂണീറ്റ് മേഖല സമ്മേളനങ്ങളും മണ്ഡലം ക്യാമ്പുകളും നടത്തി ഫെബ്രുവരിയിൽ ജില്ലാ ക്യാമ്പ് സംഘടിപ്പിക്കുന്നതിനുള്ള വിപുലമായ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. ജില്ലാ മണ്ഡലം കമ്മിറ്റി അംഗങ്ങളും മേഖല കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ സംബന്ധിച്ചു