ഇസ്താംബുൾ: തുർക്കി സിറിയ ഭൂചലനത്തിൽ മരണം 16000 കടന്നു. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകൾ ചികിത്സ കിട്ടാതെ ദുരിതത്തിൽ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
അപകടം നടന്ന് 62 മണിക്കൂർ പിന്നിടുമ്പോളും നിരവധിപേർ കോൺക്രീറ്റ് കട്ടകൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടങ്ങൾ വൻ ശബ്ദത്തോടെ വീണപ്പോൾ അതിനിടയിൽ കുടുങ്ങിയവരും പതിനായിരത്തിലേറെ.
പ്രതികൂല കാലാവസ്ഥ കാരണം വൈദ്യസഹായം, വെള്ളം, ഭക്ഷണം എന്നിവ ദുരന്തമേഖലയിൽ എത്തിക്കാനുള്ള മാർഗങ്ങൾ താറുമാറാവുന്നു എന്നും റിപ്പോർട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ നിന്ന് സഹായത്തിനായുള്ള നിലവിളികൾ ഉയരുന്നുണ്ടെങ്കിലും രക്ഷിക്കാനുള്ള ഉപകരണങ്ങളുടെ കുറവും ഉണ്ട്.
മൃതദേഹങ്ങൾ മൂടാനുള്ള ബാഗുകളുടെ ദൗർലഭ്യം വലിയ വെല്ലുവിളി ഉയർത്തുന്നു. ഇസ്താംബുൾ സ്റ്റോക്ക് എക്സ്ചേഞ്ച് താൽക്കാലികമായി നിർത്തി. രക്ഷാപ്രവർത്തനം വൈകിയെന്ന കനത്ത വിമർശനങ്ങൾക്കിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻദുരന്തമേഖലകൾ സന്ദർശിച്ചു. ദുരന്തത്തിന്റെ വ്യാപ്തി അളക്കാൻ ആയിട്ടില്ലെന്ന് എർദോഗൻ പറഞ്ഞു.
ഭൂകമ്പം മരണം വിതച്ച തുർക്കിയിൽ നിന്ന്, പുറത്തുവരുന്ന പല ദൃശ്യങ്ങളും ഏറെ വേദനിപ്പിക്കുന്നവയാണ്. ദിവസങ്ങൾ കഴിഞ്ഞിട്ടും നിരവധി പേരെ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്താനാകുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളിലും പ്രതീക്ഷ കൈവിടാതെ രക്ഷാപ്രവർത്തനം തുടരുകയാണ്.