തോറ്റു പോകാതിരിക്കാൻ കൂടെയുണ്ടാകും എന്നായിരുന്നു യങ് ഇന്ത്യയുടെ ആദ്യ എഡിറ്റോറിയലിനു ഞങ്ങളിട്ട തലക്കെട്ട്. രണ്ടു വർഷം തികയുന്നു, ആ തലക്കെട്ടിനു. വാർത്ത സമരമാക്കിയ രണ്ടു വർഷങ്ങൾ. ഈ ചെറിയ കാലയളവിൽ അനവധി ജനകീയ, മനുഷ്യാവകാശ വിഷയങ്ങളിൽ ഇടപെടാൻ യങ് ഇന്ത്യക്കായി. ഒരു യുവജന പ്രസ്ഥാനത്തിന്റെ വാർത്ത വെബ്സൈറ്റ് മുഖ്യധാര മാധ്യമ മേഖലയിൽ സജീവമായി നിലനിൽക്കുക എന്നത് വെല്ലുവിളിയാണ്. നമുക്ക് മുന്നേ വന്നവരും കൂടെ വന്നവരും പകുതി വഴിയിൽ വീണു പോയ ഓർമ്മകൾ മുന്നിലുണ്ട്. യങ് ഇന്ത്യ വീണു പോകാതിരിക്കാൻ താങ്ങായി നിന്നത് അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ സഖാക്കൾ തന്നെയാണ്.
മുഖ്യധാരാ മാധ്യമങ്ങൾ തുറന്നു കാണിക്കാൻ മടിക്കുന്ന പല വാർത്തകളും യങ് ഇന്ത്യ സമൂഹത്തിനു മുന്നിൽ തുറന്നുവെച്ചു. സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ ചെറുത്തു തോൽപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞബദ്ധരാണ്.
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള എല്ലാവിധ ശ്രമങ്ങളെയും യങ് ഇന്ത്യ എതിർക്കും. അത് തന്നെയാണ് യങ് ഇന്ത്യയുടെ രാഷ്ട്രീയ കാഴ്ചപ്പാടും. തോറ്റു പോയവർക്കൊപ്പം നിന്ന് പോരാടി ശീലിച്ച സംഘടനയുടെ മുഖപത്രത്തിനു പോരാട്ടമല്ലാതെ മറ്റെന്താണ് വശമുള്ളത്! യങ് ഇന്ത്യയുടെ ഈ യാത്രയിൽ കൂടെ നിന്ന എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ സ്നേഹം. രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. നിർണായകമാണ് നമുക്ക് ഈ വർഷം. ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ മതേതര രാജ്യത്തെ സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ചു നിന്ന് പോരാടാം…