നാലു വാഴയില്ലാത്ത വീട് കുറവായിരിക്കും കേരളത്തിൽ. നാലു സെന്റിൽ ഒരു വീടുവയ്ക്കുന്നവർക്കുപോലും അതിന്റെ നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ നോക്കും. ഗ്രാമ– നഗര ഭേദമില്ലാതെ, ചില്ലറയായും മൊത്തമായും ഏറ്റവുമധികം വ്യാപാരം നടക്കുന്ന കാർഷികോൽപന്നവും വാഴപ്പഴം തന്നെയാവണം. ഇങ്ങനെയൊക്കെയാണെങ്കിലും വാഴക്കൃഷി പ്രധാന വരുമാനമാർഗമാക്കുന്നവർ കേരളത്തിൽ കുറവാണ്. വാഴ കൃഷിയെ കുറിച്ച് കൃത്യമായ രീതിയിലുളള അറിവ് മിക്കവർക്കുമില്ല. നല്ല രീതിയിൽ കൃഷി ചെയ്താൽ മികച്ച വരുമാനം ലഭിക്കാവുന്ന ഒന്നാണ് വാഴ കൃഷി.
നല്ല വളക്കൂറും നനവുമുള്ള മണ്ണിലാണ് വാഴ കൃഷി ചെയ്യേണ്ടത്. മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നതെങ്കിൽ ഏപ്രിൽ- മെയ് മാസങ്ങളിലും ജലസേചനം നടത്തിയാണ് കൃഷി ചെയ്യുന്നതെങ്കിൽ ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലും വാഴ നടാം. പ്രാദേശികമായ കാലാവസ്ഥ വ്യതിയാനങ്ങൾക്കനുസരിച്ച് നടീൽ സമയം മാറ്റാവുന്നതാണ്. നടുന്ന സമയത്ത് അതിയായ മഴയോ വെയിലോ നല്ലതല്ല. നട്ടു ഏഴ് മുതൽ എട്ട് മാസത്തിനുള്ളിൽ ആണ് കുലയുണ്ടാവുക .ഈ സമയം ഉയർന്ന താപനില ഉണ്ടാവാത്ത രീതിയിൽ ആയിരിക്കണം നടീൽ സമയം ക്രമീകരിക്കേണ്ടത്
നേന്ത്രൻ വിഭാഗത്തിൽപെട്ട ഇനങ്ങളാണ് നെടുനേന്ത്രൻ, മഞ്ചേരിനേന്ത്രൻ, ചങ്ങാലിക്കോടൻ എന്നിവ. റോബസ്റ്റ, ചെങ്കദളി, പൂവൻ, ഞാലിപ്പൂവൻ, പാളയംകോടൻ, കൂമ്പില്ലാക്കണ്ണൻ, ബി. ആർ. എസ് 1, ബി. ആർ. എസ് 2, റെഡ് ബനാന എന്നിവയാണ് മറ്റിനങ്ങൾ. മൊന്തൻ, ബതീസ, നേന്ത്രപടത്തി എന്നീ ഇനങ്ങൾ പച്ചക്കറിക്കായി ഉപയോഗിക്കുന്നു. ഇവയിൽ ഞാലിപ്പൂവൻ, പാളയംകോടൻ, റോബസ്റ്റ, ബിആർഎസ് 1, ബിആർഎസ് 2 എന്നീ ഇനങ്ങൾ തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി കൃഷി ചെയ്യാൻ ഉത്തമമാണ്.
കേരളത്തിൽ നെടുനേന്ത്രൻ ഇനങ്ങളാണ് പൊതുവെ കൃഷി ചെയ്തുവരുന്നത്. ഇവ പത്താം മാസം വിളവെടുക്കാം. എന്നാൽ മഞ്ചേരി നേന്ത്രൻ (11 മാസം), ആറ്റുനേന്ത്രൻ (12 മാസം), ക്വിന്റൽ അഥവാ മിന്റോളി (13–14 മാസം) എന്നിങ്ങനെ വ്യത്യസ്ത വിളദൈർഘ്യമുള്ള നേന്ത്രൻ ഇനങ്ങളുമുണ്ട്. ഓഗസ്റ്റ്– ഒക്ടോബർ മാസങ്ങളിലും തുടർന്ന് മേയ്–ജൂൺ മാസങ്ങളിലും വ്യത്യസ്ത ഇനങ്ങൾ യുക്തിസഹമായി കൃഷി ചെയ്താൽ വർഷം മുഴുവൻ നേന്ത്രക്കുല ലഭിക്കുന്ന സാഹചര്യമുണ്ടാകും.