പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർപട്ടികയിൽ വ്യാപകമായി വ്യാജവോട്ടർമാരെ ചേർത്തെന്ന പരാതിയിൽ ജില്ലാഭരണകൂടം അന്വേഷണം ആരംഭിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് കലക്ടർ ഡോ. എസ് ചിത്ര പരിശോധനക്ക് നിർദേശം നൽകിയത്. ബൂത്ത് ലെവൽ ഏജന്റുമാരുടേയും ഓഫീസർമാരുടേയും അടിയന്തരയോഗം വിളിച്ചു. പരാതിയുള്ള വോട്ടർ പട്ടിക തെളിവായി ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നായിരുന്നു വോട്ടർപട്ടികയിലെ തെളിവുകളടക്കം ചൂണ്ടിക്കാട്ടി പരാതി നൽകിയിരിക്കുന്നത്. ബിജെപിയുടെ ജില്ലാ പ്രസിഡന്റ് ഹരിദാസിന് ജില്ലയിൽ രണ്ട് മണ്ഡലത്തിലാണ് വോട്ടുള്ളത്. പാലക്കാട് മണ്ഡലം ബൂത്ത് 73, ക്രമ. നമ്പർ 431ൽ പേരുള്ള ഹരിദാസ് വർഷങ്ങളായി പട്ടാമ്പിയിൽ സ്ഥിരതാമസക്കാരനാണ്. പട്ടാമ്പി അസംബ്ലി മണ്ഡലം ബൂത്ത് നമ്പർ 79ലെ ക്രമ. നമ്പർ 491ൽ അദ്ദേഹത്തിന്റെ പേരുണ്ട്. ബിജെപി നേതാവും ചാവക്കാട് സ്വദേശിയുമായ ജിതേഷ് ക്രമ. നമ്പർ 430തായി പാലക്കാട് മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുന്നു.
ബൂത്ത് നമ്പർ 134 ലെ ക്രമ. നമ്പർ 1434 വോട്ടറായ കോയപ്പ് എന്നയാളുടെ പേര് 135-ാം ബൂത്തിൽ ക്രമ. നമ്പർ 855ലുമുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ അടുത്ത ബന്ധുവാണ് അദ്ദേഹം. 105 ബൂത്തിലെ 786 ക്രമ. നമ്പർ വത്സലക്ക് 66 ബൂത്തിലും വോട്ടുണ്ട്. കണ്ണാടിയിൽ 176ാം ബൂത്തിലെ ക്രമ. നമ്പർ 1538 രമേഷ് മലമ്പുഴ മണ്ഡലത്തിലെ വോട്ടറാണ്. ഇത്തരത്തിൽ 2700ലധികം വ്യാജവോട്ടുകളാണ് 20 ദിവസത്തിനകം മാത്രം ചേർത്തിട്ടുള്ളത്.