ടി കെ മുസ്തഫ വയനാട്
“കുഞ്ഞാലിക്കുട്ടിയോട് എനിക്ക് പറയാനുള്ളത് പത്രിക പിൻവലിക്കണം എന്നാണ്,
അദ്ദേഹത്തിന് നേരത്തെ ഐ എൻ എൽ നേതാവ് പറഞ്ഞത് പോലെ പാർലമെന്റിൽ പോയി ഫാസിസത്തിന്നെതിരെ പോരാടാനൊന്നും കഴിയില്ല.
ഐഎൻഎൽ (INL) ആണ് യഥാർത്ഥ ലീഗ്.ഐഎൻഎൽ എന്നതിന്റെ പൂർണ്ണ രൂപം തന്നെ ‘ഇന്ത്യയിൽ നട്ടെല്ലുള്ളവരുടെ ലീഗ്’ എന്നാണ് “
2017 ലെ മലപ്പുറം പാർലമെന്റ് ഉപ തെരഞ്ഞെടുപ്പ് കൺവെൻഷൻ അന്തരിച്ച എൻ സി പി നേതാവും പ്രസംഗ വേദിയിലെ ഫലിത സാമ്രാട്ടുമായ ഉഴവൂർ വിജയൻ നടത്തിയ അഭിപ്രായ പ്രകടനം വർത്തമാന കാലഘട്ടത്തിൽ ഏറെ പ്രസക്തമാവുകയാണ്. വയനാട് പാർലമെന്റ് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ പത്രിക സമർപ്പണത്തോടനുബന്ധിച്ച് കല്പറ്റയിൽ നടത്തിയ റോഡ് ഷോയിൽ മുസ്ലിം ലീഗ് കൊടിക്ക് വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട ലീഗിന്റെ അണികളിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധം തണുപ്പിക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണ് യുഡിഎഫ് നേതൃത്വം.
മുസ്ലിം ലീഗ് കൊടിയെ പാകിസ്ഥാൻ കൊടിയെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഉത്തരേന്ത്യയിൽ സംഘ് പരിവാർ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ നടത്തുന്ന പ്രചരണം ഒഴിവാക്കാനെന്ന പേരിൽ രാഹുൽ ഗാന്ധിയുടെ പരിപാടികളിൽ നിരന്തരം ലീഗ് പതാകക്ക് അയിത്തം കല്പിക്കുന്നത് കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ സമീപനത്തിന്റെ പ്രകടമായ തെളിവാണെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
2019 ലെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വo തന്നെ ലീഗ് നേതൃത്വത്തിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്നതാണ് യാഥാർത്ഥ്യം. ലീഗ് സ്വാധീനം ഒരു ഭാഗത്ത് പരമാവധി ഉപയോഗപ്പെടുത്തി മറു ഭാഗത്ത് അവരുടെ ആത്മ വീര്യം തകർക്കുന്ന കോൺഗ്രസ് സമീപനം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. തിരുവനന്തപുരം ജില്ലയിൽ യുഡിഎഫ് പരിപാടിയിൽ തന്റെ പ്രസ്ഥാനത്തിന്റെ കൊടി കെട്ടാൻ ചെന്നപ്പോൾ കയ്യിൽ നിന്ന് പതാക പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞ് “ഇത് പാക്കിസ്ഥാനിൽ കൊണ്ടുപോയി കെട്ടടാ”
എന്നാക്രോശിച്ച കോൺഗ്രസ് നേതാവിന്റെ പ്രവൃത്തിയിൽ മനംനൊന്ത് പൊട്ടിക്കരഞ്ഞ ലീഗ് പ്രവർത്തകൻ വെമ്പായം നസീറിനെ മറക്കാൻ കഴിയുമോ?
അത് പോലെ തിരുവനന്തപുരം വെസ്റ്റ് അസംബ്ലി മണ്ഡലത്തിൽ നിന്ന് വിജയം നേടി ഏറെക്കാലം ലീഗ് എം.എൽ.എ ആയിരുന്നു മുഹമ്മദ് കണ്ണ്.
2001 ൽ വെസ്റ്റിന് പകരം ലീഗിന് കഴക്കൂട്ടം നൽകുകയും എം എ വാഹിദിനെ സ്വതന്ത്രനായി മത്സരിപ്പിച്ച് ലീഗിനെ പിന്നിൽ നിന്ന് കുത്തുകയും ചെയ്തു കോൺഗ്രസ്. യുഡിഎഫിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മൽസരിച്ച ലീഗിൻ്റെ എം എ നിഷാദ്, മൂന്നാം സ്ഥാനത്തേക്ക്
പിന്തള്ളപ്പെട്ട് കോൺഗ്രസ്സ് റിബൽ സ്ഥാനാർത്ഥി വിജയം നേടി. തുടർന്ന് സീറ്റ് കോൺഗ്രസ് ഏറ്റെടുത്തു. പിന്നീടിതുവരെ തലസ്ഥാനത്ത് ലീഗിനൊരു സീറ്റ് മത്സരിക്കാൻ കിട്ടിയിട്ടില്ല.
‘രാജാവിനേക്കാൾ വലിയ രാജ ഭക്തി’യോടെ മുസ്ലിം ലീഗുകാർ കോൺഗ്രസ് സ്ഥാനാർഥികൾക്ക് പിന്നിൽ അണി നിരക്കുമ്പോൾ തിരിച്ചു ലഭിക്കുന്നത് നിന്ദയും അവഗണനയും മാത്രം !
കോൺഗ്രസ് സംഘ് പരിവാറിനെ ഭയന്ന് ലീഗിന്റെ പച്ചക്കൊടിയെ അകറ്റി നിർത്തുമ്പോൾ ഇടത് പക്ഷ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷി ഐ എൻ എൽ അവരുടെ പതാക അഭിമാന പൂർവ്വം ഇടത് മുന്നണി യോഗങ്ങളിലും സ്ഥാനാർത്ഥി പര്യടനങ്ങളിലും ഉയർത്തിക്കാട്ടുകയാണ്. സംഘ് പരിവാർ ഗൂഢാലോചനയിലും കോൺഗ്രസ്സിന്റെ ഒത്താശയിലും നടന്ന ക്രിമിനൽ പ്രവർത്തനം 1992 ഡിസംബർ ആറിന് ബാബറി മസ്ജിദിനെ തകർത്തപ്പോൾ കോൺഗ്രസ് വഞ്ചനയിൽ പ്രതിഷേധിച്ച് ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ആത്മാഭിമാനമുള്ള ലീഗ് പ്രവർത്തകർ ചേർന്ന് രൂപം കൊടുത്ത ഐഎൻഎൽ ഇന്ന് ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമാണ്.
അദ്വാനിയുടെ രഥയാത്രകളും മണ്ഡൽ വിരുദ്ധ സവർണ്ണ രാഷ്ട്രീയ അജൻഡയും ബാബരി ധ്വoസനത്തിന് വഴിയൊരുക്കിയപ്പോൾ മൃദു ഹിന്ദുത്വ സമീപനത്തിലൂടെ രാജീവ് ഗാന്ധി മുതൽ നരസിംഹറാവുവരെയുള്ള കോൺഗ്രസ് നേതാക്കൾ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട വർഗീയ ചേരിതിരിവിന് വഴിമരുന്നിട്ടപ്പോൾ അസ്തിത്വം പണയം വെച്ച് പ്രകടിപ്പിച്ച കോൺഗ്രസ് വിധേയത്വം ലീഗിന് ഇന്ന് അപമാനമായി മാറുമ്പോൾ
ഇടത് മുന്നണിയിൽ ആത്മാഭിമാനത്തോടെ, അന്തസ്സോടെ ഇന്ത്യൻ നാഷണൽ ലീഗ് പ്രവർത്തകർ പച്ചക്കൊടി വീശുന്നത് കാലത്തിന്റെ കാവ്യ നീതിയല്ലാതെ മറ്റെന്ത്!