ന്യൂഡല്‍ഹി: യുക്രൈനിലും പരിസരത്തുമുള്ള സൈനിക സംഘര്‍ഷങ്ങളില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ദുഃഖവും ആശങ്കയും രേഖപ്പെടുത്തി. ലോകത്തിന്‍റെ ഏത് ഭാഗത്തായാലും ഭൗമരാഷ്ട്രീയ ഭിന്നതകള്‍ക്ക് യുദ്ധം പരിഹാരമല്ലെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാട് പാര്‍ട്ടി ആവര്‍ത്തിക്കുന്നു. സമാധാനപരമായ മാര്‍ഗങ്ങളിലൂടെയും അര്‍ത്ഥവത്തായ സംഭാഷണങ്ങളിലൂടെയും മാത്രമേ അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കുകയുള്ളൂ. ലോകത്തിന്റെ കിഴക്കന്‍ മേഖല ഉള്‍പ്പെടെ ഏത് ഭാഗത്തേക്കും നാറ്റോയെ വ്യാപിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കം ലോകസമാധാനത്തിന് ഭീഷണിയാകുമെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
യുക്രൈനില്‍ താമസിക്കുന്ന എല്ലാ ഇന്ത്യന്‍ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് സെക്രട്ടേറിയറ്റ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആ മേഖലയിലെ ഇന്ത്യന്‍ ദൗത്യസംഘം മേധാവികളോട് ഈ പ്രശ്നം അടിയന്തരമായി ഏറ്റെടുക്കാന്‍ ആവശ്യപ്പെടണമെന്നും സെക്രട്ടേറിയറ്റ് പറഞ്ഞു.