കണ്ണൂർ: ചിറ്റാരിപ്പറമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുക, സായാഹ്ന ഒ പിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ്- കേരള മഹിളാ സംഘം ചിറ്റാരിപ്പറമ്പ് ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മാർച്ച് എഐവൈഎഫ് കണ്ണൂർ ജില്ല സെക്രട്ടറി കെ വി സാഗർ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി നടക്കുന്ന കാര്യങ്ങളെ ശക്തിയുക്തം എതിർത്ത് പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമീപ പഞ്ചായത്തുകളിൽ നിന്നടക്കമുള്ള നിർദ്ധനരും സാധാരണക്കാരും ആശ്രയിക്കുന്ന ഈ ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐവൈഎഫ് ജില്ല വൈസ് പ്രസിഡന്റ് പി അനീഷ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി സി വിജയൻ , മഹിളാസംഘം മണ്ഡലം പ്രസിഡന്റ് സി കെ പുഷ്പ, പി ജിതേഷ്, പി സുധാകരൻ കെ പ്രദീപൻ, അരുൺ രാജ് എന്നിവർ സംസാരിച്ചു. മാർച്ചിന് പി വി രാഹുൽ , കെ ശ്രീലേഷ്, മാനസ് സുഗുണൻ, ശ്രീജിന സുനീഷ്, കെ കെ പ്രമീള എന്നിവർ നേതൃത്വം നൽകി.