നരേന്ദ്രമോദി അനുകൂലികളായ മുതലാളിത്ത സാഹിത്യകാരന്മാരും സാമ്പത്തിക വിദഗ്ധരും രാജ്യത്ത് തൊഴിലില്ലായ്മ കുറഞ്ഞു എന്നാണ് പാടി നടക്കുന്നത്. തൊഴിലില്ലായ്മ നിരക്കിൽ 24 ലക്ഷത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നു പുതിയ കണക്കുകൾ തെളിയിക്കുന്നു. 2022 ഫെബ്രുവരിയിൽ തൊഴിലില്ലായ്മ നിരക്ക് 8.1 ആയിരുന്നുവെങ്കിൽ മാർച്ച് മാസത്തിൽ അത് 7.9 % മായി കുറഞ്ഞുവെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എകോണോമിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ തൊഴിൽ നിരക്ക് അഥവാ Employment rate കുറയുന്നത് നിങ്ങൾ അറിയുന്നുണ്ടോ? 14 ലക്ഷത്തിന്റെ ഇടിവാണ് തൊഴിൽ നിരക്കിൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണ മേഖലയിലും ഖനി മേഖലയിലുമാണ് പ്രധാനമായും തൊഴിൽ നഷ്ടങ്ങൾ ഉണ്ടായത്.
എങ്ങനെയാണ് ഇത് സംഭവിക്കുന്നത്? ഒരേ സമയം തൊഴിലില്ലായ്മ കുറയുന്നു എന്നാൽ അതേ സമയം തൊഴിൽ നിരക്കും കുറയുന്നു? എന്താണ് ഇതിന് കാരണം?
ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഈ വസ്തുതകൾ, തൊഴിലില്ലായ്മ നിരക്കിൽ ഇടിവ് ഉണ്ടാകാൻ കാരണം ആളുകൾക്ക് ജോലികൾ ലഭിച്ചത് കൊണ്ടല്ല, മറിച്ച് ലേബർ മാർക്കറ്റ് അഥവാ തൊഴിൽ കമ്പോളത്തിൽ നിന്ന് അവർ പുറത്തേക്ക് പോയത് മൂലമാണ്. ഇനി ജോലികൾ ഒന്നും ലഭിക്കാനില്ല എന്ന തോന്നൽ കാരണം ലക്ഷക്കണക്കിന് മനുഷ്യർ ജോലി തേടുന്നത് നിർത്തിവച്ചു. 24 ലക്ഷം പേർ തൊഴിൽ കമ്പോളത്തിന് പുറത്തു പോയി, 14 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി. മൊത്തം 38 ലക്ഷം പേർ രാജ്യത്തിന്റെ തൊഴിൽ ശക്തിയിൽ അഥവാ ലേബർ ഫോഴ്സിൽ നിന്ന് നഷ്ടമായി. മൂന്ന് വർഷത്തിനു ശേഷമാണ് ഇത്തരം ഒരു കനത്ത പ്രഹരം ലേബർ ഫോഴ്സിനേൽക്കുന്നത്.
ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്? രണ്ട് തൊഴിൽ സെക്ടറുകൾ ഉണ്ട്. ഒന്ന് കാർഷിക മേഖല മറ്റൊന്ന് കാർഷികേതര മേഖല . കാർഷികേതര മേഖലയിൽ 1.67 കോടിയുടെ തൊഴിൽ നഷ്ടമുണ്ടായപ്പോൾ കാർഷിക മേഖലയിൽ 1.53 കോടിയുടെ തൊഴിൽ വർധനവ് ഉണ്ടായി. റാബി വിളകളുടെ വിളവെടുപ്പ് കാലം അടുത്തു വരുന്നത് കൊണ്ടാകാം കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ ഗണ്യമായി ഉയർന്നത്. തൊഴിലില്ലായ്മ യഥാർത്ഥത്തിൽ കുറയുകയല്ല ചെയതത് എന്നുവേണം മനസിലാക്കാൻ. സാമ്പത്തിക ശാസ്ത്രത്തിൽ ഈ പ്രതിഭാസത്തെ പ്രച്ഛന്ന തൊഴിലില്ലായ്മ അഥവാ disguised unemployment എന്നു പറയും.
എന്താണ് പ്രച്ഛന്ന തൊഴിലില്ലായ്മ? ലളിതമായി നിർവചിച്ചാൽ തൊഴിലില്ലായ്മ ഇല്ലായെന്ന മിഥ്യ ബോധത്തിന് പുറകിൽ വലിയ അളവിൽ തൊഴിലില്ലായ്മ മറഞ്ഞിരിക്കുക. കാർഷിക മേഖലയിൽ ഇപ്പോൾ ആവശ്യമായതിൽ കവിഞ്ഞ് അധ്വാന ശക്തി കടന്നു ചെല്ലുന്നു. കാർഷിക മേഖലയിൽ വളരെ കുറച്ചു കാലത്തേയ്ക്കാണ് ഈ പുതിയ അധ്വാന ശക്തികളുടെ ആവശ്യം ഉള്ളൂ. ആവശ്യത്തിൽ കൂടുതൽ തൊഴിലാളികൾ ഒരു മേഖലയിൽ വരുമ്പോൾ വലിയൊരു ശതമാനം മനുഷ്യരും സ്ഥിരമായി തൊഴിൽ ഇല്ലാതെ വല്ലപ്പോഴും മാത്രം പണിയ്ക്ക് പോകുന്ന സ്ഥിതി സംജാതമാകും. ചുരുക്കി പറഞ്ഞാൽ കടലാസുകളിൽ തൊഴിലില്ലായ്മ കുറഞ്ഞുവങ്കിലും മറ്റൊരു രൂപത്തിൽ അത് തുടരുന്നു .
തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ ബാധിച്ചത് സ്ത്രീകളെയാണ് . കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ട സ്ത്രീകളിൽ 40ശതമാനം പേർക്കും ഇത് വരെ ജോലി തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പുരുഷന്മാരിൽ 7 ശതമാനത്തിന് മാത്രമാണ് ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടുള്ളു . അതിന് കാരണം മറ്റു മേഖലകളിൽ ജോലി കണ്ടു പിടിക്കാൻ അവർക്ക് കഴിഞ്ഞതു കൊണ്ടാണ്. വരുമാന നിരക്കിൽ ദേശീയ ശരാശരി താഴോട്ടാണ് പോകുന്നത്. അത് പോലെ യുവാക്കളുടെ ജോലി സാധ്യതകളും കുറഞ്ഞു വരുന്നു. ചെറുകിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന അവർ കുറഞ്ഞ വേതനങ്ങൾക്ക് പണിയെടുക്കുന്ന സാഹചര്യമാണ്. നഗരങ്ങളിൽ ജോലി ചെയ്തിരുന്നവർ അത് നഷ്ടമായപ്പോൾ ഗ്രാമങ്ങളിലെയ്ക്ക് മടങ്ങി വരുകയും അവിടെ സ്ത്രീകൾ ചെയ്തിരുന്ന കൂലിവേലകൾ സ്വന്തമാക്കുകയും ചെയ്തു . ഇതാണ് തൊഴിലില്ലായ്മയുടെ ഇന്ത്യൻ ചിത്രം.
ഈ സാഹചര്യത്തിലാണ് തൊഴിലില്ലായ്‌മയ്ക്ക് എതിരെ മുദ്രാവാക്യം ഉയർത്തി എഐവൈഎഫ് സേവ് ഇന്ത്യാ മാർച്ചിന് തയ്യാറെടുക്കുന്നത്. ഒരുമിച്ചു നടക്കാം വർഗ്ഗീയതിക്ക് എതിരെ ഒന്നായ് പൊരുതാം തൊഴിലിന് വേണ്ടി എന്ന മുദ്രാവാക്യം ഉയർത്തി സംസ്ഥാന വ്യാപകമായി എഐവൈഎഫ് കാൽനട ജാഥകൾ നടത്തുകയാണ്. മെയ് 15ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു 28ന് തൃശൂരിൽ അവസാനിക്കുന്ന ജാഥയെ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കും. 17ന് കാസർകോട് നിന്ന് ആരംഭിച്ചു 28ന് തൃശ്ശൂരിൽ സമാപിക്കുന്ന ജാഥ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും.
തൊഴിലില്ലാതെ യുവത തെരുവിൽ അലയുന്ന സാഹചര്യം മാറേണ്ടത് അനിവാര്യമാണ്. മോദിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾ കേരളത്തിന്റെ തെരുവോരങ്ങളിൽ, എഐവൈഎഫ് തുറന്നു കാട്ടും. കള്ള കണക്കുകളും അർദ്ധസത്യങ്ങളും കൊണ്ടു മറയ്ക്കുന്ന തൊഴിലില്ലായ്മ ഭീകരത എത്രമാത്രം വലുതാണെന്ന് ജനത അറിയേണ്ടതുണ്ട്. തൊഴിലിനു വേണ്ടി നിരന്തരം പോരാടുന്ന സംഘടനയാണ് എഐവൈഎഫ്. തൊഴിൽ അല്ലെങ്കിൽ ജയിൽ അടക്കമുള്ള ഐതിഹാസിക സമരങ്ങൾ നയിച്ച വിപ്ലവ പ്രസ്ഥാനം ഒരിക്കൽ കൂടി തൊഴിൽ പോരാട്ടത്തിന് ഇറങ്ങി പുറപ്പെടുകയാണ്. ജയിക്കുമെന്ന പൂർണ വിശ്വാസത്തിൽ.