രാജ്യത്ത് തൊഴിൽ രഹിതരായവരിൽ 83 ശതമാനം പേരും യുവജനങ്ങളാണെന്ന റിപ്പോർട്ട് പുറത്ത്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐ.എല്‍.ഒ) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ഡെവലപ്‌മെന്റും (ഐഎച്ച്‌ഡി) സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 2000 മുതൽ 2022 വരെയുള്ള കണക്കാണ് റിപ്പോർട്ടിൽ ഉള്ളത്. 2022 ലെ കണക്കുകൾ പ്രകാരം മൊത്തം ജനസംഖ്യയുടെ 66 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഏകദേശം 81 കോടി. ലോകത്ത് ഏറ്റവും കൂടുതൽ കാര്യക്ഷമതയുള്ള മനുഷ്യവിഭവമായ ഈ യുവജനങ്ങളിൽ പകുതിയിലേറെ പേർക്ക് പക്ഷെ അവരുടെ അധ്വാനശേഷി ഉപയോഗപ്പെടുത്താനുള്ള അവസരങ്ങൾ രാജ്യത്തില്ല എന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്തിന്റെ ഗതി ഇനിയുള്ള കാലങ്ങളിൽ എങ്ങോട്ട് എന്ന ചോദ്യമാണ് ഉയരുന്നത്.
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കളില്‍ 65.7 ശതമാനം പേര്‍ക്കും തൊഴിലില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2000ല്‍ ഇത് 35.2 ശതമാനമായിരുന്നു. തൊഴിലില്ലായ്മ അനുഭവിക്കുന്ന 83% ശതമാനം യുവാക്കളിൽ പത്താം ക്ലാസിന് മുകളിൽ വിദ്യാഭ്യാസം നേടിയവർ 65.7 ശതമാനം പേരുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പത്താം ക്ലാസ് പൂർത്തിയാക്കിയതിന് ശേഷം വിദ്യാഭ്യാസ രംഗത്ത് നിന്നുള്ള കൊഴിഞ്ഞുപോക്കും വർധിക്കുകയാണ്. ഉന്നത വിദ്യഭ്യാസത്തിന്റെ തോത് കൂടുന്നുണ്ടെങ്കിലും അത് കൊണ്ടുള്ള പ്രയോജനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നില്ല എന്നും റിപ്പോർട്ട് പറയുന്നു. 2009 നും 2019 നും ഇടയില്‍ യുവാക്കളുടെ തൊഴിലവസരങ്ങള്‍ ഗണ്യമായി വര്‍ധിക്കുകയും കോവിഡ് പകര്‍ന്നുപിടിച്ച വര്‍ഷങ്ങളില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് ലോക് ഡൗൺ സമയത്തേക്കാൾ മോശം അവസ്ഥയിലേക്കാണ് കാര്യങ്ങൾ ഇപ്പോൾ പോകുന്നത്. സേനയിലെ അവസരങ്ങൾ കുറഞ്ഞു, തൊഴിൽ ജന സംഖ്യയാനുപാതവും കുത്തനെ ഇടിഞ്ഞു. റിപ്പോർട്ട് അനുസരിച്ച്, 2000ൽ 54.2 ശതമാനം ആയിരുന്ന കണക്ക് 2022 ആയപ്പോഴേക്കും 65.7 ശതമാനം ആയി വർദ്ധിച്ചു. ഇതിൽ പുരുഷന്മാരേക്കാൾ സ്ത്രീകളാണ് എണ്ണത്തിൽ കൂടുതൽ, 62.2 ശതമാനം പുരുഷന്മാരും 76.7 ശതമാനം സ്ത്രീകളുമാണ് വിഭ്യാഭ്യാസം ഉണ്ടായിട്ടുകൂടി തൊഴിൽരഹിതരായി തുടരുന്നത്. അതേസമയം സ്ഥിരം തൊഴിൽ ചെയ്യുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും വേതനത്തിൽ വലിയ കുറവ് സംഭവിച്ചു. ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് സൂചികയിൽ ഏറ്റവും താഴെയുള്ളത്.
കാര്‍ഷിക മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞെന്നും കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ ലര്‍ധിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഷിക മേഖലയിലെ തൊഴിലാളികള്‍ പ്രധാനമായും നിര്‍മ്മാണ മേഖലയിലേക്കാണ് മാറിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഏകദേശം 90 ശതമാനം തൊഴിലാളികളും അസംഘടിത മേഖലയിലാണ് ജോലി ചെയ്യുന്നത്. നിത്യജീവിതത്തില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സമൂഹിക സുരക്ഷ അനുഭവിക്കുന്നത് ചെറിയ വിഭാഗം പേര്‍ മാത്രമാണ്. കാര്‍ഷികേതര വിഭാഗത്തില്‍ ജോലി ചെയ്യുന്നവരും സംഘടിത തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ് പ്രധാനമായും തൊഴില്‍ സുരക്ഷിതത്വം അനുഭവിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുണനിലവാരമുള്ള തൊഴിലവസരങ്ങളുടെ അഭാവമാണ് ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾക്കിടയിലും തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ പ്രധാന കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വർധിച്ചു വരുന്ന സാമൂഹിക അസമത്വങ്ങൾക്ക് ആക്കം കൂട്ടുകയാണ് റിപ്പോർട്ടിലെ മറ്റ് കണക്കുകൾ, സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വം ചെറുക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കുന്നതിലും നേടുന്നതിലും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾ ഇപ്പോഴും പിന്നിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.