എൻ അരുൺ (എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്)
നരേന്ദ്രമോദി അനുകൂലികളായ മുതലാളിത്ത സാഹിത്യകാരന്മാർ കുറച്ചു ദിവസങ്ങളായി ഇടതുപക്ഷത്തെയും മോദി വിരുദ്ധരേയും സാമ്പത്തിക ശാസ്ത്രജ്ഞരെയും അധിക്ഷേപിക്കുന്നു. കാരണം അവരുടെ പ്രധാന വിമർശനമായിരുന്നല്ലോ സമ്പദ് വ്യവസ്ഥയെ മോദിയുടെ നേതൃത്വത്തിൽ ഉള്ള കേന്ദ്ര സർക്കാർ ശിഥിലമാക്കിയെന്ന്. ഇപ്പോൾ അവർക്കുള്ള കടുത്ത മറുപടിയാണ് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത് എന്നും സമ്പദ് വ്യവസ്ഥ ഭേദപ്പെടുകയാണ് എന്നും നവലിബറൽ വിദഗദ്ധന്മാർ പറയുന്നു. ഈ വാദത്തിൽ സത്യമുണ്ട്. തൊഴിലില്ലായ്മ നിര ക്കിൽ 24 ലക്ഷത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നു പുതിയ കണക്കുകൾ തെളിയിക്കുന്നു. ഫെബ്രുവരിയിൽ തൊഴിലില്ലായ്മ നിരക്ക് 8.1 ആയിരുന്നുവെങ്കിൽ മാർച്ച് മാസത്തിൽ അത് 7.9 % മായി കുറഞ്ഞുവെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എകോണോമിയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ തൊഴിൽ നിരക്ക് അഥവാ Employment rate കുറയുന്നത് നിങ്ങൾ അറിയുന്നുണ്ടോ? 14 ലക്ഷത്തിന്റെ ഇടിവാണ് തൊഴിൽ നിരക്കിൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണ മേഖലയിലും ഖനി മേഖലയിലുമാണ് പ്രധാനമായും തൊഴിൽ നഷ്ടങ്ങൾ ഉണ്ടായത്.
എങ്ങനെയാണ് ഇത് സംഭവിക്കുന്നത്? ഒരേ സമയം തൊഴിലില്ലായ്മ കുറയുന്നു എന്നാൽ അതേ സമയം തൊഴിൽ നിരക്കും കുറയുന്നു? എന്താണ് ഇതിന് കാരണം?
ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഈ വസ്തുതകൾ, തൊഴിലില്ലായ്മ നിരക്കിൽ ഇടിവ് ഉണ്ടാകാൻ കാരണം. ആളുകൾക്ക് ജോലികൾ ലഭിച്ചത് കൊണ്ടല്ല, മറിച്ച് ലേബർ മാർക്കറ്റ് അഥവാ തൊഴിൽ കമ്പോളത്തിൽ നിന്ന് അവർ പുറത്തേക്ക് പോയത് മൂലമാണ്. ഇനി ജോലികൾ ഒന്നും ലഭിക്കാനില്ല എന്ന തോന്നൽ കാരണം ലക്ഷക്കണക്കിന് മനുഷ്യർ ജോലി തേടുന്നത് നിർത്തിവച്ചു . 24 ലക്ഷം പേർ തൊഴിൽ കമ്പോ ളത്തിന് പുറത്തു പോയി , 14 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായി . മൊത്തം 38 ലക്ഷം പേർ രാജ്യത്തിന്റെ തൊഴിൽ ശക്തിയിൽ അഥവാ ലേബർ ഫോഴ്സിൽ നിന്ന് നഷ്ടമായി. മൂന്ന് വർഷത്തി ശേഷമാണ് ഇത്തരം ഒരു കനത്ത പ്രഹരം ലേബർ ഫോഴ്സിനേൽക്കുന്നത്.
ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണ്? രണ്ട് തൊഴിൽ സെക്ടറുകൾ ഉണ്ട്. ഒന്ന് കാർഷിക മേഖല മറ്റൊന്ന് കാർഷികേതര മേഖല . കാർ ഷികേതര മേഖലയിൽ 1.67 കോടിയുടെ തൊഴിൽ നഷ്ടമുണ്ടായപ്പോൾ കാർഷിക മേഖലയിൽ 1.53 കോടിയുടെ തൊഴിൽ വർധനവ് ഉണ്ടായി. റാബി വിളകളുടെ വിളവെടുപ്പ് കാലം അടുത്തു വരുന്നത് കൊണ്ടാകാം കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ ഗണ്യമായി ഉയർന്നത്. തൊഴിലില്ലായ്മ യഥാർത്ഥത്തിൽ കുറയുകയല്ല ചെയതത് എന്നുവേണം മനസിലാക്കാൻ. സാമ്പത്തിക ശാസ്ത്രത്തിൽ ഈ പ്രതിഭാസത്തെ പ്രച്ഛന്ന തൊഴിലില്ലായ്മ അഥവാ disguised unemployment എന്നു പറയും .
എന്താണ് പ്രച്ഛന്ന തൊഴിലില്ലായ്മ? ലളിതമായി നിർവചിച്ചാൽ തൊഴിലില്ലായ്മ ഇല്ലായെന്ന മിഥ്യ ബോധത്തിന് പുറകിൽ വലിയ അളവിൽ തൊഴിലില്ലായ്മ മറഞ്ഞിരിക്കുക. കാർഷിക മേഖലയിൽ ഇപ്പോൾ ആവശ്യമായതിൽ കവിഞ്ഞ് അധ്വാന ശക്തി കടന്നു ചെല്ലുന്നു. കാർഷിക മേഖലയിൽ വളരെ കുറച്ചു കാലത്തേയ്ക്കാണ് ഈ പുതിയ അധ്വാന ശക്തികളുടെ ആവശ്യം ഉള്ളൂ. ആവശ്യത്തിൽ കൂടുതൽ തൊഴിലാളികൾ ഒരു മേഖലയിൽ വരുമ്പോൾ വലിയൊരു ശതമാനം മനുഷ്യരും സ്ഥിരമായി തൊഴിൽ ഇല്ലാതെ വല്ലപ്പോഴും മാത്രം പണിയ്ക്ക് പോകുന്ന സ്ഥിതി സംജാതമാകും. ചുരുക്കി പറഞ്ഞാൽ കടലാസുകളിൽ തൊഴിലില്ലായ്മ കുറഞ്ഞുവങ്കിലും മറ്റൊരു രൂപത്തിൽ അത് തുടരുന്നു .
തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ ബാധിച്ചത് സ്ത്രീകളെയാണ് . കൊറോണ കാലത്ത് ജോലി നഷ്ടപ്പെട്ട സ്ത്രീകളിൽ 40 % പേർക്കും ഇത് വരെ ജോലി തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പുരുഷന്മാരിൽ 7 ശതമാനത്തിന് മാത്രമാണ് ഈ പ്രശ്നം നേരിടേണ്ടി വന്നിട്ടുള്ളു . അതിന് കാരണം മറ്റു മേഖലകളിൽ ജോലി കണ്ടു പിടിക്കാൻ അവർക്ക് കഴിഞ്ഞതു കൊണ്ടാണ്. വരുമാന നിരക്കിൽ ദേശീയ ശരാശരി താഴോട്ടാണ് പോകുന്നത്. അത് പോലെ യുവാക്കളുടെ ജോലി സാധ്യതകളും കുറഞ്ഞു വരുന്നു. ചെറുകിട നിർമ്മാണ മേഖലയിൽ ജോലി ചെയ്യു അവർ കുറഞ്ഞ വേതനങ്ങൾക്ക് പണിയെടുക്കുന്ന സാഹചര്യമാണ്. നഗരങ്ങളിൽ ജോലി ചെയ്തിരുന്നവർ അത് നഷ്ടമായപ്പോൾ ഗ്രാമങ്ങളിലെയ്ക്ക് മടങ്ങി വരുകയും അവിടെ സ്ത്രീകൾ ചെയ്തിരുന്ന കൂലിവേലകൾ സ്വന്തമാക്കുകയും ചെയ്തു . ഇതാണ് തൊഴിലില്ലായ്മയുടെ ഇന്ത്യൻ ചിത്രം.