റീന ഫിലിപ്പ്
ഇന്ത്യയില്‍ personal law അഥവാ വ്യക്തി നിയമങ്ങള്‍ വിവിധ മതസ്ഥര്‍ക്ക് വ്യത്യസ്തമാണ്. വിവാഹം, വിവാഹ മോചനം ,സ്വത്തവകാശം, ജീവനാംശം, ദത്തെടുക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും വ്യക്തി നിയമങ്ങള്‍ക്ക് കീഴില്‍ വരുന്നത്. ഈ നിയമങ്ങള്‍ ഏകോപിപ്പിച്ച് ഒരു ഏകീകൃത സിവില്‍ കോഡ് കൊണ്ട് വരിക എന്ന നിര്‍ദ്ദേശം ഇന്ത്യന്‍ ഭരണ ഘടനയുടെ നിര്‍ദ്ദേശക തത്ത്വങ്ങളില്‍ ( directive principles of state policy ) 44ആം ആര്‍ട്ടിക്കിളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ നീക്കം നടത്തുന്ന ഈ സന്ദര്‍ഭത്തില്‍ ഇതിനെ കുറിച്ച് ഒരു വിശകലനം ആവശ്യമാണ്.
നിര്‍ദ്ദേശക തത്ത്വങ്ങള്‍ മൗലികാവകാശങ്ങള്‍ അല്ല ഭരണ കര്‍ത്താക്കള്‍ക്ക് നിയമ നിര്‍മ്മാണത്തിനുള്ള ചില ചൂണ്ടു പലകകള്‍ മാത്രമാണ്. സ്‌പെഷ്യല്‍ മാരിയേജ് ആക്റ്റ് 1954, സ്ത്രീധന നിരോധന നിയമം 1961, ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം 2005, ബാല വിവാഹ നിരോധന നിയമം 2006 തുടങ്ങിയ വ്യക്തി നിയമങ്ങള്‍ ഇപ്പോള്‍ തന്നെ എല്ലാ വിഭാഗങ്ങള്‍ക്കും ഏകീകരിക്കപ്പെട്ട നിയമങ്ങളാണ്. ഇതിനു പുറമെ വരുന്ന ക്രിസ്ത്യന്‍ ,മുസ്ലിം വ്യക്തി നിയമങ്ങള്‍, ആദിവാസി ഗോത്ര നിയമങ്ങള്‍ തുടങ്ങിയവയൊക്കെ അതാത് മത ഗോത്ര ആചാരങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തി പാലിച്ചു പോരുന്നവയാണ്. ഈ വൈവിധ്യങ്ങള്‍ക്ക് മുകളില്‍ ഒരു അഭിപ്രായ സമന്വയം പോലും രൂപീകരിക്കാതെ ഏകീകൃത നിയമം അടിച്ചേല്‍പ്പിക്കുന്നത് തീര്‍ത്തും ജനാധിപത്യ വിരുദ്ധവും ന്യൂന പക്ഷങ്ങളുടെ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കും എന്ന് ഉറപ്പു നല്‍കുന്ന ഭരണ ഘടനാ വാഗ്ദാനത്തിന്റെ ലംഘനവും ആണ്.
പുരുഷാധിപത്യം ഭരിക്കുന്ന മത പൗരോഹിത്യ നിയമങ്ങള്‍ പലതും അടിസ്ഥാന മനുഷ്യാവകാശങ്ങളെ ഹനിക്കുന്നതും സ്ത്രീ വിരുദ്ധവുമാണ് എന്നതില്‍ സംശയമൊന്നും ഇല്ല.അതില്‍ ഏതു രീതിയിലുള്ള പരിഷ്‌കരണങ്ങള്‍ക്കുള്ള നീക്കവും യാഥാസ്ഥിതിക നേതൃത്വം തടയിടുകയും ചെയ്യും. ജീവനാംശം ലഭിക്കാന്‍ ഷാ ബാനോ എന്ന മുസ്ലിം സ്ത്രീ കോടതിയില്‍ പോയതും അതിനെ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ ഒത്താശയോടെ മത നേതൃത്വം എങ്ങിനെ അട്ടിമറിച്ചു എന്നതും ചരിത്രത്തില്‍ ഉള്ളതാണ്. പക്ഷെ സംഘ് പരിവാര്‍ ഇപ്പോള്‍ ഈ നിയമം കൊണ്ട് വരുന്നതിന്റെ ഉദ്ദേശം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതല്ല. നൂറു കണക്കിന് ആദിവാസി ഗോത്രങ്ങള്‍ ഉള്‍പ്പെടെ അവരുടേതായ നിയമങ്ങള്‍ പിന്തുടരുന്നവരാണ് എങ്കിലും ബിജെപി ഈ നിയമ നിര്‍മ്മാണത്തിലൂടെ ഉന്നം വെക്കുന്നത് മുസ്ലിം വിഭാഗത്തെ മാത്രമാണ്. ഉദ്ദേശം മുസ്ലിങ്ങളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളി വിടുക എന്നതും.
മുസ്ലിം വംശ ഹത്യ നടത്തി അധികാരത്തില്‍ വന്ന, മുസ്ലിങ്ങളെ ആഭ്യന്തര ശത്രുക്കളായും രണ്ടാം കിട പൗരന്മാര്‍ ആയും കണക്കാക്കണം എന്ന് എഴുതി വെച്ചിരിക്കുന്ന പുസ്തകം മുന്നോട്ട് വെക്കുന്ന പ്രത്യയശാസ്ത്രം പിന്തുടരുന്നവരുടെ ഉദ്ദേശം മുസ്ലിം സമൂഹത്തിന്റെ ഉദ്ദാരണം അല്ല എന്നത് പകല്‍ പോലെ വ്യക്തമാണ്. തുല്യ നീതിയും സ്ത്രീ സംരക്ഷണവും ഉറപ്പു വരുത്താനാണ് ഈ നിയമം നടപ്പിലാക്കുന്നത് എന്ന് വാദിക്കുന്നവര്‍ ശബരിമല കോടതി വിധി നടപ്പിലാക്കിയ സര്‍ക്കാരിന് എതിരെ ആചാര സംരക്ഷണത്തിന് വേണ്ടി തെരുവില്‍ ഇറങ്ങിയവരാണ് എന്ന ഒറ്റ ഉദാഹരണം മതി ബിജെപിയുടെ യഥാര്‍ത്ഥ ഉദ്ദേശവും ഇരട്ടത്താപ്പും മനസ്സിലാക്കാന്‍.
ന്യൂന പക്ഷങ്ങളുടെ സ്വത്വാവകാശങ്ങളും രാജ്യത്തിന്റെ ബഹുസ്വരതയും സംരക്ഷിക്കുക എന്നാല്‍ അതിനുള്ളില്‍ നടക്കുന്ന നീതി നിഷേധങ്ങളെയും വിവേചനങ്ങളെയും അഡ്രസ്സ് ചെയ്യാതിരിക്കുക എന്നല്ല അര്‍ത്ഥം. പക്ഷെ അത് നടപ്പിലാക്കേണ്ടത് ബലമായി നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടല്ല മറിച്ച് സമുദായങ്ങള്‍ക്ക് ഉള്ളില്‍ തന്നെ നടത്തേണ്ട നീണ്ട പോരാട്ടങ്ങളിലൂടേയും പരിഷ്‌കരണ പ്രക്രിയയിലൂടെയുമാണ്. സമൂഹത്തിന്റെ മൊത്തത്തിലുള്ള ജനാധിപത്യവല്‍ക്കരണത്തിലൂടെയാണ്. ഹിന്ദു വ്യക്തി നിയമങ്ങള്‍ ഒരു വലിയ അളവ് വരെ ഏകോപിപ്പിക്കപ്പെട്ടത് ഇത്തരം പ്രക്രിയകളിലൂടെയാണ്. അതല്ലാത്തത് എല്ലാം വിപരീത ഫലം മാത്രമേ സൃഷ്ടിക്കുകയുള്ളൂ. ഇത് തന്നെയാണ് ബിജെപിയുടെ അജണ്ടയും. ഒരു പാര്‍ട്ടി, ഒരു ഭരണാധികാരി, ഒരു ഭൂരിപക്ഷ മതം, ഒരു സംസ്‌കാരം തുടങ്ങിയ ഏകാധിപത്യ പ്രവണത അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന സംഘ് പരിവാറിന്റെ ശ്രമങ്ങളുടെ ഭാഗം മാത്രമാണ് ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള ഈ നീക്കവും. അത് കൊണ്ട് തന്നെ ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് എല്ലാ ജനാധിപത്യ ശക്തികളുടെയും കടമയാണ്.