കേരളത്തിൽ പ്രളയമെന്ന് വ്യാജപ്രചാരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ. സമൂഹമാധ്യമങ്ങളായ എക്‌സും ഫെയ്‌സ്‌ബുക്കിലൂടെയാണ് തെറ്റായ പ്രചരണം നടത്തിയത്. കേരളത്തിൽ പ്രളയമാണെന്നും നിരവധിപേർക്ക് ജീവൻ നഷ്‌ടപ്പെട്ടുവെന്നും അദ്ദേഹം കുറിച്ചു.
ന്യൂനമർദത്തെ തുടർന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഒരിടത്തും പ്രളയമോ, പ്രളയം മൂലമുള്ള മരണമോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് തെറ്റിധരിപ്പിക്കുന്ന പ്രചരണവുമായി ബിജെപി നേതാവ് ഇറങ്ങിയിരിക്കുന്നത്.
“പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അപകടത്തിൽ പെട്ടവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു’ എന്നെല്ലാം യാതൊരു അടിസ്ഥാനവുമില്ലാതെ എഴുതി പ്രചരിപ്പിക്കുകയാണ് രാജീവ് ചന്ദ്രശേഖർ. ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഉടമകൂടിയാണ് രാജീവ് ചന്ദ്രശേഖർ. രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിന് താഴെ വിമർശനവുമായി നിരവധിയാളുകൾ രംഗത്തെത്തി. പോസ്റ്റ് വിവാദമമായതിനു പിന്നാലെ പിൻവലിച്ചു.