യുഎസിനും ജർമനിക്കും പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭയും. ഇന്ത്യയിൽ ജനങ്ങളുടെ രാഷ്ട്രീയ- പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നുവെന്ന് യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ വക്താവ് പറഞ്ഞു.
കെജ്‌രിവാളിന്റെ അറസ്റ്റും ഇന്ത്യയിൽ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതുമടക്കമുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു യുഎൻ വക്താവ് സ്റ്റെഫാൻ ദുജാറിക്. എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ട് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്‌രിവാളിന്റെ അറസ്റ്റ് സാഹചര്യങ്ങൾ മുൻനിർത്തി വക്താവ് പറഞ്ഞു.
“ഇന്ത്യയിലും, തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ, രാഷ്ട്രീയവും പൗരാവകാശങ്ങളും ഉൾപ്പെടെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഞങ്ങൾ വളരെയധികം പ്രതീക്ഷിക്കുന്നു. കൂടാതെ എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തിൽ വോട്ടുചെയ്യാൻ കഴിയുമെന്നും,” ഡുജാറിക് പറഞ്ഞു.
വിഷയത്തിൽ യുഎസും ജർമനിയും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായി പ്രതികരിച്ചിരുന്നു. കെജ്‌രിവാളുമായി ബന്ധപ്പെട്ട് സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അദ്ദേഹത്തിന് ന്യായവും സുതാര്യവും സമയബന്ധിതവുമായ നിയമനടപടിക്കായി ഇന്ത്യൻ അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നുമാണ് യുഎസ് പ്രതികരിച്ചിരുന്നത്.