ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനെതിരായ അമേരിക്കന്‍ സര്‍വകലാശാലകളില്‍ പ്രക്ഷോഭം തുടരുന്നു. നിരവധി പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കി. ന്യൂയോര്‍ക്കില്‍ മാത്രം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുന്നൂറിലേറെ പേരാണ് അറസ്റ്റിലായത്. കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളേജ് ക്യാംപസിലും പൊലീസ് നടപടിയുണ്ടായി.
കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്ട്ടണ് ഹാള്‍ പൊലീസ് ഒഴിപ്പിച്ചു. ഹാമില്ട്ടന് ഹാളിന്റെ രണ്ടാംനിലയിലേക്ക് ഇരച്ചുകയറിയ പൊലീസ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. വിസ്കോണ്‍സിന്‍-മാഡിസന്‍ സര്‍വകലാശാലയിലും പൊലീസ് നടപടിയുണ്ടായി.
കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളേജ് ക്യാംപസിലുമായി മുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസ് അറിയിച്ചു. അതേസമയം, സര്‍വകലാശാലകളിലെ പൊലീസ് നടപടിയെ പിന്തുണച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ‘കൊളംബിയയിലെ പൊലീസ് നടപടി കാണാന്‍ മനോഹരമായിരിക്കുന്നു’ എന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപ് പറഞ്ഞത്. വിസ്കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയില്‍ കുറഞ്ഞത് ഒരു ഡസന്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. സര്‍വകലാശാല ലൈബ്രറിക്ക് പുറത്തുണ്ടായ സംഘര്‍ഷത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.
അതേസമയം, കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റിയില് ഗാസ അനുകൂല പ്രതിഷേധക്കാര്‍ക്ക് നേരെ ഇസ്രയേല്‍ അനുകൂല വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ ആയിരം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ ഹാമില്ട്ടണ് ഹാള്‍ കയ്യടക്കുകയും ഗാസയിലെ ഇരകളുടെ ബഹുമാനാര്‍ത്ഥം ‘ഹിന്ദ്സ് ഹാള്‍’ എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ ഹാമില്ട്ടണ് ഹാള്‍ പിടിച്ചെടുത്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുന്ന സര്‍വകലാശാല നടപടി തുടര്‍ന്ന് കൊണ്ടിരിക്കെയായിരുന്നു വിദ്യാര്‍ഥികളുടെ നീക്കം.