ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരസംഘടനയായ എഎംഎംഎ ശക്തമായി ഇടപെടേണ്ട സമയമായെന്ന് നടി ഉര്‍വശി. വിഷയങ്ങളില്‍ തെന്നിയും ഒഴുകിയും മാറുന്ന നിലപാടെടുക്കരുതെന്നും താരം പറഞ്ഞു. തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും ഉര്‍വശി പറഞ്ഞു. സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകും. എനിക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്. മണ്‍മറഞ്ഞുപോയവരുടെ കുടുംബത്തെ ഓര്‍ത്ത് തുറന്നുപറയുന്നില്ല. കതകിന് മുട്ടാന്‍ ഞാന്‍ ആരെയും സമ്മതിച്ചിട്ടില്ല, അങ്ങനെ ചെയ്താല്‍ ദുരനുഭവം ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് – ഉർവശി പറഞ്ഞു.
സിദ്ദിഖ് സംസാരിച്ചത് കേട്ടു. അങ്ങനെയൊന്നുമല്ല , ഇങ്ങനെയൊന്നുമല്ല എന്ന് പറഞ്ഞ് ഇനിയും ഒഴിയരുത്. ഒരു സ്ത്രീ തന്‍റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മിറ്റിക്ക് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ്. അതില്‍ നടപടി വേണം. എക്സിക്യുട്ടീവ് കമ്മിറ്റി ഉടന്‍ വിളിക്കണം. നിലപാട് വച്ച് നീട്ടാന്‍ പറ്റില്ല. പഠിച്ചത് മതി. കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണണം. എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് മിണ്ടാതിരിക്കാമെന്നല്ല. താൻ എപ്പോഴും സ്ത്രീകൾക്കൊപ്പമാണെന്നും ഉർവശി കൂട്ടിച്ചേർത്തു.
സംവിധായകന്‍ രഞ്ജിത്തിന് എതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിലും നടി പ്രതികരിച്ചു. ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ കേട്ട് ഞെട്ടിപ്പോയെന്നും അവരെന്താകും അവരുടെ നാട്ടില്‍ പോയി പറഞ്ഞിട്ടുണ്ടാവുക എന്നും ഉര്‍വശി പറഞ്ഞു. ആരോപണം വന്നാല്‍ മാറി നില്‍ക്കുന്നതാണ് പക്വതയെന്ന് ഉര്‍വശി പറഞ്ഞു.